ചരിത്ര നിമിഷമെന്ന് ലോക നേതാക്കള്‍; വിഷന്‍ 2030ന് അഭിനന്ദന പ്രവാഹം
text_fieldsറിയാദ്: സൗദി അറേബ്യയുടെ ഭാവി നിര്‍ണയിക്കുന്ന ‘വിഷന്‍ 2030’ പ്രഖ്യാപനത്തിന് ലോകമെങ്ങും നിന്ന് കനത്ത പ്രതികരണം. എണ്ണ ആശ്രിതത്വത്തില്‍ നിന്ന് സൗദി സമ്പദ്ഘടനയെ വിമോചിപ്പിക്കാനുള്ള ധീരമായ നയത്തെ അനുകൂലിച്ചും പിന്തുണ പ്രഖ്യാപിച്ചും വിവിധ രാഷ്ട്ര നേതാക്കള്‍ സന്ദേശമയക്കുകയാണ്.
‘നിശ്ചയദാര്‍ഢ്യമുളള ഒരു രാജാവില്‍ നിന്നും ചരിത്രം സൃഷ്ടിക്കുന്ന തീരുമാനങ്ങളെടുക്കുന്ന മനുഷ്യനില്‍ നിന്നും വന്നതാണ് വിഷന്‍ 2030’ എന്ന് അബുദാബി കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സായിദ് ട്വീറ്റ് ചെയ്തു. അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍െറ അഭിമുഖം പുതിയ തലമുറക്കുള്ള അംഗീകാരമാണ്. സൗദി അറേബ്യക്ക് പ്രത്യേകിച്ചും രാജ്യത്തിന് പൊതുവെയും അഭിവൃദ്ധി പ്രദാനം ചെയ്യുന്നതാണ് വിഷനെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
മറ്റെല്ലാവരെയും പോലെ താനും തിങ്കളാഴ്ചയിലെ പ്രഖ്യാപനം സസൂക്ഷ്മമായി ശ്രദ്ധിച്ചിരുന്നുവെന്ന് യു.എ.ഇ വൈസ് പ്രസിഡന്‍റും ദുബൈ ഭരണാധികാരിയുമായ മുഹമ്മദ് ബിന്‍ റാശിദ് ട്വിറ്റര്‍ സന്ദേശത്തില്‍ അറിയിച്ചു. വാനോളം പ്രതീക്ഷയും ആഗ്രഹങ്ങളും നിറഞ്ഞതാണ് ഈ വിഷന്‍. പ്രവര്‍ത്തന മികവും കൈവരിക്കുന്ന നേട്ടങ്ങളും കൊണ്ട് ലോകത്തെ അത്ഭുതപ്പെടുത്തുന്ന യുവ നേതൃത്വത്തിന് കീഴിലാണ് മേഖല. -അദ്ദേഹം പറഞ്ഞു. പുതുവായുവിന്‍െറ പ്രസരണമായിരുന്നു അമീര്‍ മുഹമ്മദിന്‍െറ അഭിമുഖമെന്ന് ബഹ്റൈന്‍ വിദേശകാര്യ മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അഹ്മദ് ബിന്‍ മുഹമ്മദ് ആല്‍ഖലീഫ സാമൂഹിക മാധ്യമങ്ങളില്‍ കുറിച്ചു.
സൗദി അറേബ്യക്ക് സാമ്പത്തിക സ്ഥിരത നല്‍കുന്നതിനൊപ്പം അമേരിക്കന്‍ സ്ഥാപനങ്ങള്‍ക്ക് ദീര്‍ഘകാല നിക്ഷേപത്തിന് അവസരമൊരുക്കുന്നതാണ് പുതിയ നയമെന്ന് മിഡിലീസ്റ്റ് കൗണ്‍സില്‍ ഓഫ് അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സ് ചെയര്‍മാന്‍ ക്രിസ്റ്റഫര്‍ എച്ച്. ജോണ്‍സണ്‍ പറഞ്ഞു. എണ്ണയില്‍ നിന്ന് രാജ്യത്തിന്‍െറ സമ്പദ്ഘടനയെ മാറ്റിക്കൊണ്ടുപോകുന്ന ഈ നയം തന്നെയാണ് സൗദി അറേബ്യ ഈ കാലഘട്ടത്തില്‍ ആവശ്യപ്പെടുന്നതെന്ന് മധ്യപൂര്‍വ ദേശത്തെയും മധ്യേഷ്യയിലെയും ചുമതലയുള്ള അന്താരാഷ്ട്ര നാണയ സമിതിയിലെ മസൂദ് അഹമ്മദ് പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.