പ്രശ്നപരിഹാരത്തിന് വി.കെ. സിങ് ഇന്ന് ജിദ്ദയിലെത്തും
text_fieldsന്യൂഡല്‍ഹി: തൊഴില്‍ നഷ്ടപ്പെട്ട് സൗദി അറേബ്യയില്‍ ദുരിതത്തിലായ ഇന്ത്യക്കാരുടെ പ്രശ്നപരിഹാരത്തിന് കേന്ദ്ര വിദേശകാര്യ സഹമന്ത്രി വി.കെ. സിങ് ഇന്ന് രാത്രി ജിദ്ദയിലെത്തും. പ്രമുഖ നിര്‍മാണ കമ്പനിയായ സൗദി ഓജറില്‍ ശമ്പളവും ഭക്ഷണവും മുടങ്ങിയതിനെ തുടര്‍ന്ന് തൊഴിലാളികള്‍ ദുരിതം നേരിടുന്ന സാഹചര്യത്തിലാണ് സന്ദര്‍ശനം. ജിദ്ദയില്‍ ലേബര്‍ ക്യാമ്പുകള്‍ സന്ദര്‍ശിക്കുന്ന കേന്ദ്രമന്ത്രി തൊഴിലാളികളുടെ പ്രശ്നങ്ങളുമായി ബന്ധപ്പെട്ട് വിവിധ യോഗങ്ങളില്‍ സംബന്ധിക്കും.
വി.കെ സിങ് ബുധനാഴ്ചയാണ് ലേബര്‍ ക്യാമ്പുകളില്‍ സന്ദര്‍ശനം നടത്തുക. സൗദി തൊഴില്‍ മന്ത്രി ഡോ. മുഫ്റജ് അല്‍ ഹഖബാനി ഉള്‍പ്പെടെയുള്ള സൌദി അധികൃതരുമായി ചര്‍ച്ച നടത്തും
ജിദ്ദയിലെ ആറ് ലേബര്‍ ക്യാമ്പുകളിലായി ഇന്ത്യയില്‍ നിന്നുള്ള 2500 ഓളം തൊഴിലാളികളാണ് ദുരിതത്തിലായത്. ഇവര്‍ക്ക് ഭക്ഷണം മുടങ്ങാതിരിക്കാന്‍ കോണ്‍സുലേറ്റ് നടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. 1000 തൊഴിലാളികളെ മറ്റൊരു കമ്പനി ഏറ്റെടുക്കും. ഇതു സംബന്ധിച്ച് ചര്‍ച്ചകള്‍ പുരോഗമിക്കുകയാണ്.
സൗദി ഓജര്‍ കമ്പനിയുടെ ഓഫീസുകളെല്ലാം അടച്ചു പൂട്ടിയതിനാല്‍ കമ്പനിയുമായി ബന്ധപ്പെടാന്‍ സാധിക്കാത്ത അവസ്ഥയാണ്. മറ്റ് നിര്‍മാണ കമ്പനികളിലും തൊഴിലാളികളുടെ പ്രശ്നങ്ങളും ചര്‍ച്ചയില്‍ വരും. തൊഴിലാളികളുടെ പ്രശ്നം പരിഹരിക്കുന്നതില്‍ അനുകൂല നിലപാടാണ് സൗദി സര്‍ക്കാരിനുള്ളതെന്നും കോണ്‍സുല്‍ ജനറല്‍ പറഞ്ഞു.
സൗദി അധികാരികളുമായി ചര്‍ച്ച നടത്തി ഇന്ത്യന്‍ തൊഴിലാളികളുടെ തിരിച്ചുവരവിനും ശമ്പള കുടിശ്ശിക ലഭിക്കാനുമുള്ള ശ്രമങ്ങള്‍ക്ക് മന്ത്രി വി.കെ. സിങ് നേതൃത്വം നല്‍കുമെന്ന് വിദേശകാര്യ മന്ത്രി സുഷമ സ്വരാജ് ലോക്സഭയില്‍ പറഞ്ഞു. പ്രശ്നത്തില്‍ ഞാന്‍ നേരിട്ട് ഇടപെട്ട് നിരന്തരം പുരോഗതി വിലയിരുത്തുന്നുണ്ട്. ദുരിതത്തിലായവര്‍ക്ക് ഭക്ഷണം എത്തിക്കാന്‍ നടപടിയായിട്ടുണ്ട്. തൊഴില്‍ പ്രശ്നം നിലനില്‍ക്കുന്ന എല്ലാ ലേബര്‍ ക്യാമ്പുകളിലും 10 ദിവസത്തേക്കുള്ള ഭക്ഷ്യവസ്തുക്കള്‍ എത്തിച്ചിട്ടുണ്ട്. ഒരു ഇന്ത്യക്കാരന്‍ പോലും സൗദിയില്‍ പട്ടിണി കിടക്കേണ്ടി വരില്ല. ലോക്സഭയിലും രാജ്യസഭയിലും കേരളത്തില്‍ നിന്നുള്ള എം.പിമാര്‍ വിഷയം ഉന്നയിച്ചതിന് മറുപടിയായാണ് മന്ത്രി ഇക്കാര്യം വ്യക്തമാക്കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.