സിറിയയിലേക്ക് സൈന്യം: തീരുമാനം അന്തിമം -സൗദി
text_fieldsറിയാദ്: ഭീകരസംഘമായ ഐ.എസിനെ തകര്‍ക്കാന്‍ സിറിയയിലേക്ക് സൈനികരെ അയക്കാനുള്ള തീരുമാനം അന്തിമവും അസന്നിഗ്ധവുമാണെന്ന് സൗദി അറേബ്യ. നിലവിലെ സൈനിക നടപടിയില്‍ പങ്കാളിത്തം വര്‍ധിപ്പിക്കാനും വ്യോമാക്രമണത്തില്‍ കൂടുതല്‍ സജീവമാകാനുമുള്ള സൗദിയുടെ സന്നദ്ധത കഴിഞ്ഞ ദിവസം യു.എസ് പ്രതിരോധ സെക്രട്ടറി ആഷ്ടണ്‍ കാര്‍ട്ടറുമായി നടത്തിയ കൂടിക്കാഴ്ചയില്‍ രണ്ടാം കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ വ്യക്തമാക്കി.
ബ്രസ്സല്‍സിലെ നാറ്റോ ആസ്ഥാനത്ത് അംഗരാഷ്ട്രങ്ങളുടെ പ്രതിരോധ മന്ത്രിമാരുടെ യോഗത്തിനിടെയാണ് ഇരുവരും കണ്ടത്. യോഗത്തില്‍ പങ്കെടുക്കാനത്തെിയതിനും വ്യോമാക്രമണത്തില്‍ ഊര്‍ജിതമായി സഹകരിക്കാനുള്ള സന്നദ്ധതക്കും കാര്‍ട്ടര്‍, അമീര്‍ മുഹമ്മദിനോട് നന്ദി രേഖപ്പെടുത്തിയതായി പെന്‍റഗണ്‍ വക്താവ് പീറ്റര്‍ കുക്ക് പ്രസ്താവനയില്‍ പറഞ്ഞു. അമേരിക്കയുടെ നേതൃത്വത്തില്‍ അടുത്തിടെ ഐ.എസിനെതിരെ നടത്തിയ നീക്കങ്ങള്‍ വരുന്ന മാര്‍ച്ച് മാസത്തോടെ ഇറാഖിലും സിറിയയിലും ഫലം സൃഷ്ടിക്കുമെന്നും കാര്‍ട്ടര്‍ പ്രത്യാശിച്ചു. ഐ.എസിനെ ശാശ്വതമായി തറപറ്റിക്കാനുള്ള ശ്രമത്തിന് ബ്രസല്‍സിലെ കൂടിക്കാഴ്ച ആക്കം പകരും. ഈ ഉദ്യമത്തില്‍ സഹകരിക്കാത്ത രാഷ്ട്രങ്ങള്‍ക്ക് ഭാവിയില്‍ ഖേദിക്കേണ്ട അവസ്ഥ വന്നേക്കാം. അന്തിമ വിജയത്തിന് ശേഷം പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തുമെന്നും ഒപ്പമുണ്ടായിരുന്നവരെ സ്മരിക്കുമെന്നും കാര്‍ട്ടര്‍ പറഞ്ഞു.
ഐ.എസിനെതിരെ യു.എസിന്‍െറ നേതൃത്വത്തില്‍ സിറിയയില്‍ സൈനികരെ അയക്കാനുള്ള സന്നദ്ധത സൗദി സൈനിക വക്താവ് ബ്രിഗേഡിയര്‍ ജനറല്‍ അഹ്മദ് അസ്സീരി കഴിഞ്ഞ ദിവസവും ആവര്‍ത്തിച്ചു. കരയുദ്ധത്തിന്‍െറ കാര്യത്തില്‍ കൂടുതല്‍ വിശദമായ അഭിപ്രായം പറയേണ്ടത് അമേരിക്കയാണെന്നും റിയാദില്‍ നടത്തിയ വാര്‍ത്ത സമ്മേളനത്തില്‍ അസ്സീരി സൂചിപ്പിച്ചു. സൗദിയുടെ തീരുമാനമാണ് ഇപ്പോള്‍ അറിയിച്ചത്. ഐ.എസിനെതിരായ യുദ്ധത്തില്‍ ഇറാന് ആത്മാര്‍ഥതയുണ്ടെങ്കില്‍ സിറിയയിലും യമനിലും ഭീകരവാദത്തിന് നല്‍കുന്ന പ്രോത്സാഹനം അവര്‍ അവസാനിപ്പിക്കണം. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള 35 അംഗ ഇസ്ലാമിക സൈനിക സഖ്യം രണ്ടുമാസത്തിനുള്ളില്‍ നിലവില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു. റിയാദില്‍ ആയിരിക്കും സഖ്യത്തിന്‍െറ സംയുക്ത കമാണ്ട് സെന്‍റര്‍.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.