ഹറമൈന്‍ റെയില്‍വേ: മദീന-റാബിഗ് പരീക്ഷണ ഓട്ടം പുരോഗമിക്കുന്നു
text_fieldsജിദ്ദ: ട്രെയിനുകളുടെ സാങ്കേതിക സുരക്ഷ സംവിധാനങ്ങള്‍ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്താന്‍ മദീനക്കും റാബിഗിനുമിടയില്‍ പരീക്ഷണ ഓട്ടം തുടരുകയാണെന്ന് അല്‍ഹറമൈന്‍ റെയില്‍വേ വൃത്തങ്ങള്‍. ട്രെയിനുകളുടെ പ്രവര്‍ത്തനം നൂറുശതമാനം സുരക്ഷിതമായിരിക്കണമെന്നതിനാല്‍ സുരക്ഷ, സാങ്കേതിക രംഗത്ത് സൂഷ്മമായ പരിശോധനകളാണ് നടന്നുവരുന്നത്. ലോകോത്തര നിലവാരത്തിലുള്ള സാങ്കേതിക വിദ്യകളും ട്രെയിനുകളുമാണ് പദ്ധതിയില്‍ ഉപയോഗിക്കുന്നത്. 2014 മുതല്‍ കോച്ചുകള്‍ എത്തികൊണ്ടിരിക്കുന്നുണ്ട്. ഇപ്പോഴും സാങ്കേതിക, സുരക്ഷ പരിശോധനകളും റാബിഗിനും മദീനക്കുമിടയിലെ പരീക്ഷണ ഓട്ടവും തുടരുകയാണ്. ഇലക്ട്രിക് ട്രെയിനുകളാണ് പദ്ധതിക്ക് കീഴില്‍ പ്രവര്‍ത്തിപ്പിക്കുന്നത്. പിഴവുകള്‍ വരാതിരിക്കാന്‍ വലിയ ജാഗ്രത വേണമെന്നും നിസാര തകരാറുകള്‍ ചിലപ്പോള്‍ വലിയ അപകടങ്ങള്‍ക്ക് കാരണമായേക്കുമെന്നും അധികൃതര്‍ സൂചിപ്പിച്ചു.
35 ട്രെയിനുകളാണ് സര്‍വീസിനുണ്ടാകുക. ഓരോന്നിലും 417 യാത്രക്കാരെ ഉള്‍ക്കൊള്ളാനാകും. സീസണുകളില്‍ പ്രവര്‍ത്തിപ്പിക്കാന്‍ 734 യാത്രക്കാരെ ഉള്‍ക്കൊള്ളാന്‍ കഴിയുന്ന കംപാര്‍ട്ട്മെന്‍റുകളുമുണ്ട്. മക്ക മദീനക്കുമിടയില്‍ 450 കിലോ മീറ്റര്‍ യാത്രക്ക് 110 മിനുട്ട് വേണ്ടിവരും. വിവിധ സ്റ്റേഷനുകളിലെ കയറ്റിറക്ക സമയമടക്കം മക്കയില്‍ നിന്ന് ജിദ്ദയിലേക്ക് 21 മിനിറ്റും സുലൈമാനിയ സ്റ്റേഷനില്‍ നിന്ന് ജിദ്ദ വിമാനത്താവളത്തിലേക്ക് 14 മിനിറ്റും റാബിഗിലെ കിങ് അബ്ദുല്ല ഇക്കണോമിക് സിറ്റിയിലേക്ക് 36 മിനിറ്റും റാബിഗില്‍ നിന്ന് മദീനയിലേക്ക് 61 മിനിറ്റുമാണ് യാത്ര സമയമായി കണക്കാക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.