ഡോ. ശിഹാബ് ഗാനിം: മലയാള കവിതകള്‍ നെഞ്ചോട് ചേര്‍ത്ത അറബി കവി
text_fieldsറിയാദ്: ഇടശ്ശേരി, വൈലോപ്പിള്ളി, സച്ചിദാനന്ദന്‍, കമല സുറയ്യ, കടമ്മനിട്ട, ചുള്ളിക്കാട് തുടങ്ങി മലയാള കവികളെ മലയാളികളെക്കാള്‍ കൂടുതല്‍ അറിയുകയും അവരുടെയൊക്കെ കവിതകള്‍ അറബികള്‍ക്ക് പരിചയപ്പെടുത്തിക്കൊടുക്കുകയും ചെയ്ത പ്രശസ്ത അറബി കവിയാണ് ഡോ. ശിഹാബ് ഗാനിം. മുതനബ്ബിയും ഇംറുല്‍ ഖൈസും ത്വറഫയും അന്‍തറയും ഖലീല്‍ ജിബ്രാനും മഹ്മൂദ് ദാര്‍വീശുമൊക്കെ അരങ്ങുവാണ അറബ് സാഹിത്യ ലോകത്ത് സ്വന്തമായ ഇടം എഴുതിച്ചേര്‍ത്ത ഗാനിം റിയാദിലെ ഹോട്ടലിലിരുന്ന് ‘ഗള്‍ഫ് മാധ്യമ’ത്തോട് സംസാരിച്ചത് ഏറെയും മലയാള കവിതകളെ കുറിച്ചായിരുന്നു. മലയാളവുമായുള്ള ബന്ധത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ടെന്ന് 75ന്‍െറ നിറവിലും അദ്ദേഹം ഓര്‍ക്കുന്നു. യമനിലെ ഏദനില്‍ ജനിച്ച ഗാനിം പഠനത്തിന് ശേഷമാണ് ദുബൈയിലേക്ക് കൂടുമാറുന്നത്. പിതാവ് അറിയപ്പെട്ട കവിയായിരുന്നു. അതുകൊണ്ട് തന്നെ കവിത രക്തത്തിലുണ്ടായിരുന്നുവെന്ന് അദ്ദേഹം പറയുന്നു. സ്കൂള്‍ കാലം മുതല്‍ കവിതയെഴുതിയിരുന്നുവെങ്കിലും കോളജിലത്തെിയപ്പോഴാണ് എഴുത്തിനെ ഗൗരവമായി കാണാന്‍ തുടങ്ങിയത്. കോളജ് മാഗസിന്‍െറ എഡിറ്റായിട്ടായിരുന്നു തുടക്കം. സ്വന്തമായി എഴുതിയ കവിതകള്‍ക്ക് പുറമെ പ്രമുഖ കവികളുടെ രചനകള്‍ ഇംഗ്ളീഷിലേക്കും അറബിയിലേക്കും മൊഴി മാറ്റുന്നതും ഹരമായി മാറി. നല്ല കവിതകള്‍ തേടിയുള്ള യാത്രയാണ് മലയാള കവിതകളുടെ ലോകത്ത് എത്തിച്ചത്. ദുബൈയില്‍ വര്‍ഷങ്ങള്‍ക്കു മുമ്പ് കമല സുറയ്യ, യൂസുഫലി കേച്ചേരി, സച്ചിദാനന്ദന്‍ എന്നിവരെ ആദരിക്കാന്‍ സംഘടിപ്പിച്ച ചടങ്ങില്‍വെച്ചാണ് എന്‍ജിനീയിറങില്‍ ബിരുദാനന്തര ബിരുദവും സാമ്പത്തിക ശാസ്ത്രത്തില്‍ ഡോക്ടറേറ്റുമുള്ള ഈ മനുഷ്യന് മുന്നില്‍ മലയാള കവിതകളുടെ വാതില്‍ മലര്‍ക്കെ തുറക്കുന്നത്. കമല സുറയ്യയുടെ ഇംഗ്ളീഷ് കവിതകള്‍ അറബിയിലേക്കും ഗാനിമിന്‍െറ അറബി കവിതകള്‍ മലയാളത്തിലേക്കും മൊഴിമാറ്റം ചെയ്യപ്പെട്ടു. അന്നവര്‍ കമല ദാസായിരുന്നു. അവരെ കണ്ടതും സംസാരിച്ചതും അദ്ദേഹത്തിന്‍െറ മനസ്സില്‍ ഇപ്പോഴും നിറഞ്ഞു നില്‍ക്കുന്നുണ്ട്. പര്‍ദ ധരിച്ചാണ് കമല സുറയ്യ ചടങ്ങിനത്തെിയിരുന്നത്. വേഷം കണ്ട് മുസ്ലിം സ്ത്രീയാണോയെന്ന് അന്വേഷിച്ചു. ഹിന്ദുവാണെന്ന് മറുപടി കിട്ടി. പിന്നീടാണ് അവര്‍ കമല സുറയ്യയായി മാറിയത്. അതിന് ശേഷം എഴുതിയ ‘യാ അല്ലാഹ്’ എന്ന കവിത തനിക്കേറ്റവും പ്രിയപ്പെട്ടവയിലൊന്നാണ്. മലയാളി കവികളില്‍ പ്രിയപ്പെട്ടവര്‍ സച്ചിദാനന്ദനും കമല സുറയ്യയുമാണെന്ന് രണ്ടു വട്ടം ആലോചിക്കാതെ ഗാനിം പറഞ്ഞു. ദുബൈയില്‍ നടന്ന ചടങ്ങിന് മുമ്പ് തന്നെ ചില മലയാളം കവിതകള്‍ മൊഴിമാറ്റിയിരുന്നുവെങ്കിലും അവിടം മുതലാണ് മലയാള സാഹിത്യത്തിന്‍െറ വിശാലമായ ലോകത്തേക്ക് അദ്ദേഹം യാത്ര പുറപ്പെടുന്നത്.
ഇടശ്ശേരി, ഇടപ്പള്ളി രാഘവന്‍ പിള്ള, ബാലാമണി അമ്മ, സി.എ ജോസഫ്, വൈലോപ്പിള്ളി, ചങ്ങമ്പുഴ, ചെമ്മനം ചാക്കോ, പുനലൂര്‍ ബാലന്‍, അയ്യപ്പ പണിക്കര്‍, ഒ.എന്‍.വി കുറുപ്പ്, ആറ്റൂര്‍ രവി വര്‍മ, കമല സുറയ്യ, സുഗത കുമാരി, യൂസഫലി കേച്ചേരി, കടമ്മനിട്ട, വിഷ്ണു നാരായണന്‍ നമ്പൂതിരി, സച്ചിദാനന്ദന്‍, ബാലചന്ദ്രന്‍ ചുള്ളിക്കാട് എന്നിവരുടെ കവിതകളെല്ലാം ഗാനിമിലൂടെ അറബ് ലോകത്തത്തെി.
അദ്ദേഹത്തിന്‍െറ പ്രശസ്തമായ കവിത സമാഹാരങ്ങളിലൊന്നിന് സുഗതകുമാരിയുടെ ‘രാത്രി മഴ’ എന്ന അര്‍ഥം വരുന്ന ‘മതറുലൈ്ളല്‍’ എന്ന അറബി പേരാണ് നല്‍കിയിരിക്കുന്നത്. അദ്ദേഹത്തിന്‍െറ കവിതകളുടെ മലയാള പരിഭാഷയായ ‘ആയിരത്തൊന്ന് വാതിലുകള്‍ക്ക് പിറകില്‍’ എന്ന കാവ്യ സമാഹാരം സച്ചിദാനന്ദന്‍െറ നേതൃത്വത്തിലാണ് മൊഴിമാറ്റപ്പെട്ടത്. സര്‍ജു, ടി.പി. അനില്‍കുമാര്‍, കുഴൂര്‍ വില്‍സണ്‍, പ്രീതി, രാംമോഹന്‍, ഇസ്മായില്‍ മേലറ്റി, മേലത്ത ചന്ദ്രശേഖരന്‍ നായര്‍, അസ്മോ പുത്തന്‍ചിറ എന്നിവരാണ് വിവര്‍ത്തനം നിര്‍വഹിച്ചത്. ശ്രീനാരായണ ഗുരുവിന്‍െറ ‘ദൈവദശക’ത്തിന്‍െറ അറബി വിവര്‍ത്തനം ഏറെ ശ്രദ്ധിക്കപ്പെട്ട കൃതികളിലൊന്നാണ്. ഇത് പ്രസിദ്ധീകരിച്ചതിന് ശേഷം കേരള സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിക്കുന്നതിനായി തിരുവനന്തപുരത്ത് 2014 ഡിസംബറില്‍ പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചിരുന്നു. കവി മധുസൂദനന്‍ നായരുടെ ആതിഥ്യം സ്വീകരിക്കാന്‍ അന്ന് ഭാഗ്യമുണ്ടായി. ഒ.എന്‍.വി കുറുപ്പിനെ കാണാന്‍ ആഗ്രഹം പ്രകടിപ്പിച്ചെങ്കിലും അദ്ദേഹം ആശുപത്രിയിലായതിനാല്‍ അത് നടക്കാതെ പോയി. തിരുവനന്തപുരവും കൊച്ചിയും കോഴിക്കോടുമൊക്കെ ഈ മനുഷ്യന് അസ്സലായി അറിയാം. മലയാളത്തിന് പുറമെ തമിഴ്, ഹിന്ദി ഭാഷകളില്‍ നിന്നും കവിതകള്‍ വിവര്‍ത്തനം ചെയ്തിട്ടുണ്ട്. കേരള സാഹിത്യ അക്കാദമിയുടെ സാഹിത്യ സമ്മേളനങ്ങളിലും മറ്റ് സാഹിത്യ സദസ്സുകളിലും നിരവധി തവണ പങ്കെടുത്തിട്ടുണ്ട്. ഒരു കവിതയും അതിന്‍െറ തനത് രൂപത്തില്‍ മൊഴിമാറ്റാനാവില്ളെന്ന് ഗാനിം ഉറച്ചു വിശ്വസിക്കുന്നു. വരികള്‍ മനസ്സിലേക്ക് ആവാഹിച്ച് തന്‍െറതായ രീതിയില്‍ പകര്‍ത്താനേ കഴിയൂ. അതാണ് താന്‍ ചെയ്യുന്നത്. മലയാളത്തിലേക്ക് തന്‍െറ കവിതകള്‍ മൊഴിമാറ്റം ചെയ്യപ്പെട്ടതോടെ ദുബൈയിലെ സാധാരണ മലയാളികള്‍ പലരും തന്നെ തിരിച്ചറിഞ്ഞത് അദ്ദേഹം ഇപ്പോഴും അദ്ഭുതത്തോടെയാണ് ഓര്‍ക്കുന്നത്.
ദുബൈയിലെ പെട്രോള്‍ പമ്പുകളിലൊന്നില്‍ ഇന്ധനം നിറച്ച് കാര്‍ഡ് നല്‍കിയതിന് ശേഷം ബില്ലില്‍ ഒപ്പിട്ട് നല്‍കിയപ്പോള്‍ പെട്രോള്‍ അടിച്ച പയ്യന്‍ പേര് വായിച്ച് തന്നെ തിരിച്ചറിഞ്ഞത് അത്തരമൊരു ഓര്‍മയാണ്. അതുപോലെ തന്നെ തന്‍െറ പേര്‍ എഴുതി നല്‍കിയപ്പോള്‍ മലയാളി സെക്യൂരിറ്റി ജീവനക്കാരിലൊരാള്‍ കവി ശിഹാബ് ഗാനിം ആണോ എന്ന് ചോദിച്ചത് ഇപ്പോഴും മറന്നിട്ടില്ല.
കേരളവും മലയാളികളും അത്രമേല്‍ പ്രിയമുള്ളതാണ് ഗാനിമിന്. പെന്‍ഗ്വിന്‍ ബുക്സ് അടുത്ത ദിവസങ്ങളില്‍ പുറത്തിറക്കുന്ന വിശുദ്ധ ഖുര്‍ആനിലെ ആദ്യ അധ്യായമായ അല്‍ ഫാത്തിഹയുടെ ഇംഗ്ളീഷ് പരിഭാഷയാണ് തന്‍െറ എഴുത്തു ജീവിതത്തിലെ മികച്ച സൃഷ്ടികളിലൊന്ന്. ഏറെ വര്‍ഷത്തെ പ്രയത്നത്തിനൊടുവിലാണ് ഖുര്‍ആന്‍െറ തന്നെ സംക്ഷിപ്ത രൂപമായ ഫാത്തിഹയുടെ പരിഭാഷ പൂര്‍ത്തിയാക്കിയത്. അത് ക്ളാസിക് രചനകളിലൊന്നാവുമെന്നും പ്രതീക്ഷിക്കുന്നു. വിക്ടര്‍ ഹ്യൂഗോ, ചാള്‍സ് ഡിക്കന്‍സ്, മഹ്മൂദ് ദാര്‍വീശ് തുടങ്ങിയ എഴുത്തുകാരെ പോലെ സാമൂഹിക മാറ്റങ്ങള്‍ക്ക് വിത്തു പാകിയവരെയാണ് കാലം തേടുന്നതെന്നും അധികം വൈകാതെ അറബ് ലോകത്തും അത്തരം എഴുത്തുകാര്‍ പിറവിയെടുക്കുമെന്നും അദ്ദേഹം ഉറച്ചു വിശ്വസിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.