പ്രവാസികാര്യ വകുപ്പ് എടുത്തു കളഞ്ഞതില്‍ വ്യാപക പ്രതിഷേധം
text_fieldsമന്‍മോഹന്‍ സിങിന്‍െറ നേതൃത്വത്തിലുള്ള യു.പി.എ സര്‍ക്കാര്‍ തുടക്കമിട്ട പ്രവാസികാര്യ വകുപ്പ് എടുത്തു കളഞ്ഞ് വിദേശകാര്യ വകുപ്പിന് കീഴില്‍ ലയിപ്പിച്ച നടപടിയില്‍ പ്രവാസ ലോകത്ത് വ്യാപക പ്രതിഷേധം. വിവിധ സംഘടനകളും നേതാക്കളും കേന്ദ്ര സര്‍ക്കാറിന്‍െറ തീരുമാനത്തിനെതിരെ രംഗത്തു വന്നു. പ്രവാസികാര്യ വകുപ്പ് എടുത്തുകളഞ്ഞതായി വിദേശ മന്ത്രി സുഷമ സ്വരാജ് തന്നെയാണ് ട്വിറ്ററില്‍ വെളിപ്പെടുത്തിയത്. ഇതു സംബന്ധിച്ച വിദേശകാര്യ വകുപ്പിന്‍െറ ശിപാര്‍ശ പ്രധാനമന്ത്രി നരേന്ദ്ര മോദി അംഗീകരിക്കുകയായിരുന്നു. പ്രവാസി ഇന്ത്യക്കാരുമായുള്ള സര്‍ക്കാര്‍ ഇടപെടല്‍ മെച്ചപ്പെടുത്തുന്നത് ലക്ഷ്യമിട്ട് രൂപവത്കരിച്ച വകുപ്പ് 12 വര്‍ഷം പ്രവര്‍ത്തിച്ച ശേഷമാണ് വിദേശകാര്യ വകുപ്പില്‍ ലയിപ്പിച്ചത്.
കെ.എം.സി.സി
പ്രവാസികാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ കേന്ദ്രസര്‍ക്കാര്‍ നടപടി പ്രതിഷേധാര്‍ഹമാണെന്ന് കെ.എം.സി.സി സൗദി ദേശീയ പ്രസിഡന്‍റും ഒഡെപെക് ചെയര്‍മാനുമായ കെ.പി മുഹമ്മദ് കുട്ടി. അടിയന്തരമായി മന്ത്രാലയം പുനഃസ്ഥാപിക്കണം. ലോകമെങ്ങുമുള്ള പ്രവാസികള്‍ക്ക് ഉപകാരപ്പെടുംവിധമാണ് വകുപ്പ് വിഭാവനം ചെയ്തത്. സാധാരണക്കാരായ പ്രവാസികള്‍ക്ക് അതിന്‍െറ ഗുണം ലഭിക്കുന്നില്ളെന്നത് വസ്തുതയാണ്. എന്നിരുന്നാലും ഒരുസംവിധാനമെന്ന നിലയില്‍ അതു നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. മന്ത്രാലയം പുനഃസ്ഥാപിച്ച് സാധാരണക്കാര്‍ക്കു കൂടി ഉപകാരപ്പെടുംവിധം പ്രവര്‍ത്തിപ്പിക്കുകയാണ് വേണ്ടതെന്നും മുഹമ്മദ് കുട്ടി പറഞ്ഞു.
ഒ.ഐ.സി.സി
കുരങ്ങന്‍െറ കൈയില്‍ പൂമാല കിട്ടിയതുപോലെയാണ് കേന്ദ്ര ഭരണം നരേന്ദ്ര മോദിയുടെ നേതൃത്വത്തിലുള്ള ബി.ജെ.പി കൈയാളുന്നതെന്ന് ഒ.ഐ.സി.സി സൗദി ദേശീയ കമ്മിറ്റി കുറ്റപ്പെടുത്തി. പ്രവാസികാര്യ വകുപ്പ് ഇല്ലാതാക്കിയത് ഇതിന്‍െറ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. ലക്ഷക്കണക്കിന് ഇന്ത്യന്‍ പ്രവാസികളുടെ അനവധിയായ ക്ഷേമകാര്യങ്ങള്‍ അടിയന്തരമായി ഇടപെട്ടു പരിഹരിക്കാനാണ് ഈ വകുപ്പ് രൂപവത്കരിച്ചത്. അത് പ്രവാസലോകത്തിന് ഒരനുഗ്രഹവുമായിരുന്നു. ഏറ്റവും നന്നായി പ്രവാസികാര്യ വകുപ്പ് പ്രവര്‍ത്തിക്കുന്നത് കേരളത്തിലാണ്. ഈ മാതൃക പിന്തുടര്‍ന്ന് മിക്ക സംസ്ഥാനങ്ങളും പ്രവാസികാര്യ വകുപ്പുകള്‍ രൂപവത്കരിച്ച് കേരള മാതൃക അംഗീകരിച്ചു. അപ്പോഴാണ് കേന്ദ്ര സര്‍ക്കാര്‍ ഇതവസാനിപ്പിക്കുന്നത്. മഹാത്മാഗാന്ധി പ്രവാസ ജീവിതം അവസാനിപ്പിച്ച് ഇന്ത്യയില്‍ മടങ്ങിയത്തെിയതിന്‍െറ സ്മരണക്കായാണ് ‘പ്രവാസി ഭാരതീയ ദിവസ്’ തുടങ്ങിയത്. ഇത് അന്താരാഷ്ട്ര തലത്തില്‍ ശ്രദ്ധ പിടിച്ചു പറ്റുകയും ചെയ്തിരുന്നു. ഒരുപക്ഷേ അത് കൂടി അവസാനിപ്പിക്കാനുള്ള ഗൂഢാലോചന പുതിയ തീരുമാനത്തിന് പിന്നിലുണ്ടോയെന്ന് സംശയിക്കേണ്ടിയിരിക്കുന്നു. ഇന്ത്യയുടെ സമ്പദ്ഘടനയുടെ നട്ടെല്ലായി പ്രവാസിയുടെ പണവും നിക്ഷേപവും വേണമെന്ന് ലോകം മുഴുവന്‍ പറന്നുചെന്ന് അഭ്യര്‍ഥിക്കുന്ന പ്രധാനമന്ത്രി ഈ തീരുമാനത്തില്‍ നിന്ന് പിന്മാറണമെന്ന് ഒ.ഐ.സി.സി ദേശീയ കമ്മിറ്റി ആവശ്യപ്പെട്ടു. ഈ ആവശ്യങ്ങള്‍ ഉന്നയിച്ച് പ്രധാനമന്ത്രിക്കും വിദേശകാര്യമന്ത്രിക്കും അടിയന്തര നിവേദനങ്ങള്‍ അയച്ചിട്ടുണ്ടെന്നും നേതാക്കളായ പി.എം നജീബ്, ഇസ്മാഈല്‍ എരുമേലി, അഡ്വ. കെ.വൈ സുദീന്ദ്രന്‍ എന്നിവര്‍ അറിയിച്ചു.
നവോദയ
കേന്ദ്ര സര്‍ക്കാര്‍ നടപടിയില്‍ നവോദയ സാംസ്കാരിക വേദി ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. രാജ്യത്തിന് വിദേശ നാണ്യം നേടിത്തരുന്നതില്‍ മുഖ്യപങ്കു വഹിക്കുന്ന ലക്ഷോപലക്ഷം ഇന്ത്യക്കാരുടെ തൊഴിലും തൊഴില്‍ കരാറും മറ്റു നിയമ പ്രശ്നങ്ങളിലുമൊക്കെ താങ്ങായി നില്‍ക്കേണ്ട വകുപ്പിനെ വിദേശ കാര്യ മന്ത്രാലയത്തിന് കീഴില്‍ ലയിപ്പിച്ച നടപടി പ്രവാസികളോടുള്ള കേന്ദ്ര സര്‍ക്കാറിന്‍െറ സമീപനമാണ് വ്യക്തമാക്കുന്നത്.
വിദേശ, സ്വദേശ കോര്‍പറേറ്റുകള്‍ക്ക് യഥോവിധം ഉദാരമായ സമീപനം സ്വീകരിക്കുമ്പോള്‍ പ്രവാസികളുടെ പ്രശ്നങ്ങളോട് മുഖം തിരിഞ്ഞ് നില്‍ക്കുന്ന നയമാണ് സര്‍ക്കാര്‍ കൈകൊള്ളുന്നത്. 1997ല്‍ കേരളത്തില്‍ ഇടതുപക്ഷ സര്‍ക്കാര്‍ നടപ്പാക്കിയ സംസ്ഥാന പ്രവാസി വകുപ്പിന്‍െറ ചുവടു പിടിച്ചാണ് ഇത്തരത്തില്‍ കേന്ദ്രത്തില്‍ ഒരു വകുപ്പ് രൂപവത്കരിച്ചത്. പ്രസ്തുത വകുപ്പിനെ കാര്യക്ഷമമാക്കാതെ ഇല്ലായ്മ ചെയ്യുന്ന നടപടിയാണ് ഇപ്പോള്‍ കൈകൊണ്ടിരിക്കുന്നത്. ഈ തീരുമാനത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തുന്നതായി നേതാക്കള്‍ അറിയിച്ചു.
‘പ്രവാസി’ സാംസ്കാരിക വേദി
പ്രവാസി കാര്യ മന്ത്രാലയം നിര്‍ത്തലാക്കിയ നടപടി ആശങ്കജനകമാണെന്ന് പ്രവാസി സാംസ്കാരിക വേദി സൗദി കേന്ദ്ര സമിതി അഭിപ്രായപ്പെട്ടു. 12 വര്‍ഷമായി ഇത്തരമൊരു മന്ത്രാലയം പ്രവര്‍ത്തിച്ചിട്ടുകൂടി സാധാരണക്കാരനായ പ്രവാസിക്ക് ഒരുഗുണവും ലഭിച്ചിരുന്നില്ല. ഈ സാഹചര്യത്തിലാണ് മന്ത്രാലയം തന്നെ ഇല്ലാതാകുന്നത്. ഗള്‍ഫ് മേഖലയിലെയും മറ്റും നിലവിലെ തൊഴില്‍ സാഹചര്യങ്ങളില്‍ മന്ത്രാലയം നിലനില്‍ക്കേണ്ടത് അത്യാവശ്യമാണ്. അടിയന്തിരമായി മന്ത്രാലയം പുനഃസ്ഥാപിക്കുകയാണ് വേണ്ടതെന്നും ‘പ്രവാസി’ അഭിപ്രായപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.