അരാംകോ: ഭൂരിഭാഗം ഓഹരികളും സര്‍ക്കാര്‍ തന്നെ കൈവശം വെക്കും
text_fieldsജിദ്ദ: ഓഹരി വില്‍പന തുടങ്ങിയാലും സൗദി അറേബ്യയുടെ ദേശീയ എണ്ണ കമ്പനിയായ അരാംകോയുടെ ഭൂരിഭാഗം ഓഹരികളും സര്‍ക്കാര്‍ തന്നെ കൈവശം വെക്കും. സൗദി അരാംകോയുടെ ഭാവി പദ്ധതികളെ കുറിച്ച് കമ്പനിയുടെ പ്രതിവാര പ്രസിദ്ധീകരണമായ ‘അറേബ്യന്‍ സണി’ല്‍ എഴുതിയ മുഖലേഖനത്തില്‍ ചീഫ് എക്സിക്യൂട്ടീവ് ഓഫിസര്‍ അമീന്‍ നാസര്‍ ആണ് ഈ സൂചന നല്‍കുന്നത്. ‘വിവിധ സാധ്യതകള്‍ കമ്പനിക്ക് മുന്നിലുണ്ട്. ഭൂരിഭാഗം ഓഹരികളും സര്‍ക്കാര്‍ സൂക്ഷിച്ച് കമ്പനിയെ ഓഹരി വിപണിയില്‍ എത്തിക്കുന്നത് ഉള്‍പ്പെടെയുള്ള സാധ്യതകളാണ് ആരായുന്നത്. ഡൗണ്‍സ്ട്രീം മേഖലയുടെ ഓഹരികള്‍ പട്ടികയില്‍ പെടുത്തുന്നതും പരിഗണനയിലുണ്ട്. പ്രധാനമായും രണ്ടു ഘടകങ്ങളാണ് ഓഹരി വില്‍പന നീക്കത്തിന് പിന്നില്‍. സര്‍ക്കാരിന്‍െറ പുതിയ സ്വകാര്യവത്കരണ നയങ്ങളും സമഗ്രമായ സാമ്പത്തിക പരിഷ്കാര നടപടികളുമാണ് അവ. വിപണിയിലെ വിപുലമായ സാധ്യതകള്‍ പ്രയോജനപ്പെടുത്തി രാജ്യത്തിന്‍െറ സമഗ്ര സാമ്പത്തിക വളര്‍ച്ചക്കുതകുന്ന തീരുമാനങ്ങളാണ് കൈക്കൊണ്ടുവരുന്നത്. ലോകത്തെ ഏറ്റവും വലിയ എണ്ണ, കെമിക്കല്‍ സ്ഥാപനമെന്ന നിലയില്‍ അരാംകോയെ ശക്തിപ്പെടുത്തുകയെന്ന ദീര്‍ഘകാല ശ്രമങ്ങള്‍ക്ക് ഊര്‍ജം പകരുന്നതാകും ഏതു തീരുമാനവും. അതേസമയം തന്നെ ഉപഭോക്താക്കള്‍ പ്രതീക്ഷിക്കുന്ന ഉന്നത ഗുണനിലവാരം നിലനിര്‍ത്താനും ഞങ്ങള്‍ പ്രതിജ്ഞാബദ്ധരാണ്.’ - അമീന്‍ നാസര്‍ ചൂണ്ടിക്കാട്ടി.
സാധ്യതകള്‍ വിശദമായി പഠിച്ചുവരികയാണെന്നും ചരിത്രപരവും നിര്‍ണായകവുമായ ഈ തീരുമാനത്തിന്‍െറ വിശദാംശങ്ങള്‍ ഉടന്‍ എല്ലാവരെയും അറിയിക്കുമെന്നും അദ്ദേഹം സൂചിപ്പിച്ചു. അരാംകോയിലെ നവീകരണ നീക്കങ്ങള്‍ക്ക് ചുക്കാന്‍ പിടിക്കുന്ന ഉന്നതാധികാര സമിതി അംഗം കൂടിയാണ് അമീന്‍. രാജ്യത്തെ സ്വകാര്യവല്‍കരണ സംരംഭങ്ങളുടെ ഭാഗമായി അരാംകോയുടെ ഓഹരികള്‍ വില്‍ക്കുന്ന കാര്യം പരിഗണനയിലുണ്ടെന്ന് കഴിഞ്ഞ ആഴ്ച ഇകണോമിസ്റ്റ് മാഗസിന് നല്‍കിയ അഭിമുഖത്തില്‍ രണ്ടാം കിരീടാവകാശി അമീര്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍ സൂചിപ്പിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണ കമ്പനിയാണ് 265 ദശലക്ഷം ബാരല്‍ ക്രൂഡ് ഓയില്‍ കരുതല്‍ ശേഖരമുള്ള സൗദി അരാംകോ. ആഗോള കരുതല്‍ ശേഖരത്തിന്‍െറ 15 ശതമാനത്തിലേറെ വരുമിത്. തീരുമാനം നടപ്പായാല്‍ ഒരു ട്രില്ല്യന്‍ (ലക്ഷം കോടി) ഡോളറിന് മേല്‍ ആസ്തിയുള്ള ഓഹരി വിപണിയിലെ ആദ്യ കമ്പനിയായി അരാംകോ മാറും. നിലവില്‍ ഓഹരി വിപണിയിലുള്ള ഏറ്റവും വലിയ എണ്ണ കമ്പനിയായ ്എക്സണ്‍ മൊബിലിനേക്കാള്‍ മൂന്നിരട്ടി കൂടുതലാണ് അരാംകോയുടെ ഉല്‍പാദകശേഷി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.