Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightആത്മ...

ആത്മ നിര്‍വൃതിയിലേക്കൊഴുകുന്ന സംസം

text_fields
bookmark_border
ആത്മ നിര്‍വൃതിയിലേക്കൊഴുകുന്ന സംസം
cancel

ജിദ്ദ: സംസം കുടിച്ച് ആത്മനിര്‍വൃതികൊള്ളുക മക്കയിലത്തെുന്ന ഒരോ തീര്‍ഥാടകന്‍െറയും അഭിലാഷമാണ്. റമദാനില്‍ നോമ്പ് തുറക്കാന്‍ വിശിഷ്ട പാനീയം തീര്‍ഥാടകര്‍ക്കെന്ന പോലെ മക്കയിലും പരിസരങ്ങളിലുമുള്ള പലര്‍ക്കും ഒഴിച്ചുകൂടാനാവാത്തതാണ്. മക്കയില്‍ പോയി സംസം കൊണ്ട് വന്ന് നോമ്പ്  തുറക്കല്‍ ശീലമാക്കിയ നിരവധി ആളുകള്‍ മക്കയുടെ പരിസരങ്ങളിലുണ്ട്. ഇരുഹറമുകളിലെ ഇഫ്താര്‍ സുപ്രകളിലെ പ്രധാന പാനീയം സംസം തന്നെ. ഇഫ്താറിനും ശേഷവും ഹറമിലത്തെുന്നവര്‍ക്ക് ഹിജാസി വേഷം ധരിച്ച് സംസം വിതരണം ചെയ്യുന്നവരെ കാണാം. ശീതീകരിച്ചതും അല്ലാത്തതുമായ സംസം ഇരുഹറമുകളില്‍ തീര്‍ഥാടകര്‍ക്ക് യഥേഷ്ടം കുടിക്കാന്‍ വിപുലമായ സംവിധാനങ്ങളും സൗകര്യങ്ങളുമാണ് സൗദി ഭരണകൂടം ഒരുക്കിയിട്ടുള്ളത്. സംസം വിതരണത്തിനും അതിന്‍െറ ഉറവിടമായ സംസം കിണര്‍ സംരക്ഷിക്കുന്നതിലും സൗദി ഭരണകൂടം എക്കാലത്തും അതീവ ശ്രദ്ധയും താല്‍പര്യവും കാണിച്ചുപോന്നിട്ടുണ്ട്.

തിക്കും തിരക്കുമില്ലാതെ സംസം തീര്‍ഥാടകര്‍ക്കും സന്ദര്‍ശകര്‍ക്കും മുഴുസമയം ലഭിക്കുന്നതിനും വിതരണം കുറ്റമറ്റ രീതിയിലാക്കുന്നതിനും അബ്ദുല്ല രാജാവിന്‍െറ കാലത്ത് നടപ്പിലാക്കിയ ‘കിങ് അബ്ദുല്ല സംസം സുഖ്യാ പദ്ധതി’ എടുത്തുപറയേണ്ടതാണ്. സംസം ചരിത്രത്തിലെ ഏറ്റവും വലിയ പദ്ധതിയാണിത്. ഹറമിനടുത്ത് കുദായില്‍  13045 ചതുരശ്ര മീറ്റര്‍ സ്ഥലത്താണ് സംസം ശുദ്ധീകരിക്കുന്നതിനും സൂക്ഷിക്കുന്നതിനും കാനുകളില്‍ നിറച്ച് വിതരണ ചെയ്യുന്നതിനും  നൂതന സംവിധാനങ്ങളോടെയുള്ള സംസം കേന്ദ്രം പണിതിരിക്കുന്നത്. 700 ദശലക്ഷം  റിയാല്‍ ചെലവഴിച്ച് നിര്‍മിച്ച ഈ കേന്ദ്രം ആറ് വര്‍ഷം മുമ്പാണ് അബ്ദുല്ല രാജാവ് ഉദ്ഘാടനം ചെയ്തത്. 5000 ക്യു.മീറ്റര്‍ സംസം സംഭരിച്ച് ശുദ്ധീകരിച്ച്  ബോട്ടിലുകളിലാക്കാനുള്ള സംവിധാനങ്ങളും സൗകര്യങ്ങളും കേന്ദ്രത്തിലുണ്ട്. പ്രതിദിനം 10 ലിറ്ററിന്‍െറ രണ്ട് ലക്ഷം സംസം നിറച്ച പ്ളാസ്റ്റിക് ബോട്ടിലുകള്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷി കേന്ദ്രത്തിനുണ്ട്.

വാട്ടര്‍ പാക്കിങ് രംഗത്തെ അന്താരാഷ്ട്ര തലത്തിലെ ഏറ്റവും മികച്ച സംവിധാനങ്ങളാണ് കേന്ദ്രത്തിലൊരുക്കിയിരിക്കുന്നത്.  ഗോഡൗണുകള്‍, ജലശുദ്ധീകരണ പ്ളാന്‍റ്, ഉല്‍പാദന കേന്ദ്രം, വിതരണ കേന്ദ്രം, പവര്‍ സ്റ്റേഷന്‍, ശീതീകരണ പ്ളാന്‍റ് എന്നിവ ഉള്‍പ്പെട്ടതാണ് കേന്ദ്രം. വിപുലമായ വാഹന പാര്‍ക്കിങ് സൗകര്യവുമുണ്ട്. പ്രധാന സംഭരണിയില്‍ 10 ദശലക്ഷം ലിറ്റര്‍ സംസം സൂക്ഷിക്കാനുള്ള ശേഷിയുമുണ്ട്.  200 മില്ലി മീറ്റര്‍ വ്യാസമുള്ള തുരുമ്പ് പിടിക്കാത്ത മത്തേരം സ്റ്റീല്‍ കൊണ്ടുള്ള പൈപ്പുകളിലൂടെയാണ് ഹറമിലേക്ക് സംസമത്തെിക്കുന്നത്.  20 ലക്ഷം സംസം ബോട്ടിലുകള്‍ സൂക്ഷിക്കാന്‍ കഴിയുന്നതാണ്  ഗോഡൗണ്‍. ഗോഡൗണുകളില്‍ നിന്ന് സംസം ബോട്ടിലുകള്‍ വിതരണ കൗണ്ടറിലത്തെുന്നത് കമ്പ്യൂട്ടര്‍ സംവിധാനത്തില്‍ പ്രവര്‍ത്തിക്കുന്ന പ്രത്യേക ബെല്‍റ്റ് വഴിയാണ്.  തീര്‍ഥാടകര്‍ക്ക് സംസം ലഭിക്കുന്നതിന് 42 ഓട്ടോമാറ്റിക് മെഷീനുകള്‍ ഒരുക്കിയിട്ടുണ്ട്. കൗണ്ടറില്‍ കാശടച്ച് മാഗ്നറ്റിക് കോയിന്‍ വാങ്ങി മെഷീനകത്തേക്ക് ഇടുന്നതോടെ സംസം കാനുകള്‍ ലഭിക്കും. മാഗ്നറ്റിക് കോയിനുകളുടെ വില്‍പനക്ക് 20 കൗണ്ടറുകളും കേന്ദ്രത്തിലുണ്ട്.

മതാഫില്‍ മഖാമിന് പിറകില്‍ വലത് ഭാഗത്ത് 1.58 മീറ്റര്‍ താഴെയാണ് സംസം കിണര്‍ സ്ഥിതി ചെയ്യുന്നത്. നൂറ്റാണ്ടുകള്‍ പിന്നിട്ടിട്ടും ഹറമിനടുത്ത് അത്ഭുതവും അനുഗ്രഹവുമായി അണമുറിയാത്ത സംസം ഉറവ നിലനില്‍ക്കുന്നു. 30 മീറ്ററാണ് സംസം കിണറിന്‍െറ ആഴം. കിണറിനെ രണ്ട് ഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. ഒന്ന്: കിണറിന്‍െറ മുകള്‍ ഭാഗത്ത് നിന്ന് താഴേക്ക് 12.80 മീറ്റര്‍ ആഴമുള്ള ഭാഗം. മറ്റൊന്ന് അവിടെന്ന് താഴേക്ക് പാറകള്‍ തുരന്നുണ്ടാക്കിയ 17.20 മീറ്ററും. കിണറിന്‍െറ മുകളില്‍ നിന്ന് വെള്ളം നിലനില്‍ക്കുന്ന ഭാഗംവരെയുള്ള ആഴം ഏകദേശം നാല് മീറ്ററാണ്. 13 മീറ്റര്‍ ആഴത്തിലാണ് സംസം ഉറവകള്‍ നിലകൊള്ളുന്നത്. ഉറവകളില്‍ നിന്ന് കിണറിന്‍െറ അടിവരെയുള്ള ആഴം 17 മീറ്ററാണ്. കിണറിന്‍െറ ആഴത്തിനനുസരിച്ച് വ്യാസത്തിനും വ്യത്യാസമുണ്ട്. ഏകദേശം 1.5 മീറ്ററിനും 2.5 മീറ്ററിനുമിടയിലാണ് കിണറിന്‍െറ വ്യാസം. മൂന്ന് ഉറവകള്‍ സംസമിനുണ്ടെന്നാണ് നേരത്തെയുള്ള കണ്ടത്തെല്‍.  ഹജ്റുല്‍ അസ്വദിന്‍െറ ഭാഗത്ത്, മറ്റൊന്ന് ജബലുല്‍ഖുബൈസ് ഭാഗത്ത്. മൂന്നാമത്തേത് മര്‍വയുടെ ഭാഗത്ത്. ഏറ്റവും ഒടുവിലായി നടത്തിയ പഠനത്തില്‍ പ്രധാന ഉറവ പടിഞ്ഞാറ് മൂലയില്‍ നിന്നാണെന്ന് കണ്ടത്തെിയിട്ടുണ്ട്. 
 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hujj
Next Story