മസ്ജിദ് ഹറമിലെ ഖുര്‍ആന്‍ പാരായണ പരിശീലന സദസ്സ് സജീവമാകുന്നു
text_fieldsമക്ക: റമദാനില്‍ വിശുദ്ധ കഅ്ബാലയത്തില്‍ നടക്കുന്ന ഖുര്‍ആന്‍, പാരായണ പരിശീലന സദസ്സ് സജീവമാകുന്നു. ഖുര്‍ആന്‍ പഠന പരിശീലനത്തിനുള്ള ഏറ്റവും നല്ല പ്രായോഗിക രീതിയാണിതെന്ന് വിലയിരുത്തപ്പെടുന്നു. ഖുര്‍ആന്‍ ഉച്ചാരണ സ്ഫുടതയും പാരായണ നിയമങ്ങളും സംയോജിപ്പിച്ച് കൊണ്ടുള്ള പ്രായോഗിക രീതിയാണ് ഇവിടെ സ്വീകരിക്കുന്നത്. രാവിലെ പ്രഭാത നമസ്കാരാനന്തരം ആരംഭിക്കുന്ന ഇത്തരം ക്ളാസുകള്‍ സൂര്യോദയം കഴിഞ്ഞ് എട്ടു വരെ നീളും. ഖുര്‍ആന്‍ പാരായണം അതിന്‍െറ തനത് ശൈലിയില്‍ ആര്‍ക്കും പഠിക്കാന്‍ കഴിയുമെന്നതാണ് പ്രത്യേകത. ഖുര്‍ആന്‍ പാരായണ നിയമങ്ങളിലും ഇസ്ലാമിക വിജ്ഞാനീയങ്ങളിലും അവഗാഹം നേടിയ ഹറമിലെ പണ്ഡിതന്മാരുടെ നേതൃത്വത്തില്‍ എട്ടോളം സദസ്സുകളാണ് റമദാനില്‍ മാത്രം പ്രവര്‍ത്തിച്ച് വരുന്നത്.
ഹറമിലേക്ക് ഉംറ തീര്‍ഥാടനത്തിനായി എത്തിച്ചേരുന്നവര്‍, പ്രത്യേകമായി ഭജനമിരിക്കുന്നവര്‍, മറ്റു സന്ദര്‍ശകര്‍ എന്നിവരെല്ലാം പഠിതാക്കളായി ചേരുന്നു. ലോകത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്നായി എത്തിച്ചേരുന്ന കുട്ടികളും യുവാക്കളും പ്രായമുള്ളവരുമെല്ലാം സമയം കിട്ടുന്നതിനനുസരിച്ച് ഈ പ്രകാശ സദസ്സില്‍ ഭാഗഭാക്കാവാന്‍ താല്‍പര്യം കാണിക്കുന്നു. ദിവസവും ചുരുങ്ങിയത് 30 പേരെങ്കിലും ഒരു സദസ്സിലുണ്ടാവും. ഉസ്താദിന്‍െറ മുന്നില്‍ ചമ്രം പടിഞ്ഞിരുന്ന് തനിക്ക് അറിയുന്ന ശൈലിയില്‍ ഓതി കേള്‍പ്പിക്കൂകയും അതിലെ തെറ്റുകള്‍ തിരുത്തിക്കൊടുക്കുകയുമാണ് ചെയ്യുന്നത്. തെറ്റുകളാവട്ടെ സൗമ്യതയോടെ തിരുത്തുന്നു എന്നതാണ് മസ്ജിദ് ഹറമിലെ ഖുര്‍ആന്‍ പഠന പരിശീലന സദസ്സുകളുടെ മറ്റൊരു പ്രത്യേകത. ശബ്ദത്തിന് ചെറിയ മൈക്ക് ഉപയോഗിക്കുന്നു എന്നത് പഠിതാക്കളുടെ ശബ്ദം ആകര്‍ഷകമാക്കാന്‍ സഹായിക്കുന്നു. മലയാളികളും ഇത്തരം സദസ്സുകളില്‍ കാഴ്ചക്കാറായി ഇരിക്കാറുണ്ടെങ്കിലും, അപൂര്‍വ്വം ചിലര്‍ മാത്രമേ ഈ അവസരം ഉപയോഗപ്പെടുത്താറുള്ളൂ.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.