ഗൃഹാതുര സ്മരണയുണര്‍ത്തി മദീനയില്‍ റാവുത്തറുടെ ജീരകകഞ്ഞി സത്കാരം
text_fieldsമദീന: ഗൃഹാതുര സ്മരണകളുണര്‍ത്തി മസ്ജിദുന്നബവിയില്‍ ജീരക കഞ്ഞിയും പയറും നല്‍കി സല്‍ക്കരിക്കുകയാണ് മദീനയില്‍ ജോലി ചെയ്യുന്ന ആലപ്പുഴ ജില്ലയിലെ ആദിക്കാട്ടുകുളങ്ങര സ്വദേശി സുലൈമാന്‍ മൊയ്തീന്‍ റാവുത്തറും കുടുംബവും.15 വര്‍ഷം മുമ്പ് നോമ്പ് തുറക്കാനായി മസ്ജിദുന്നബവിയിലേക്ക് കുടുംബസമേതം വരുന്ന സമയത്ത് സ്വന്തം ആവശ്യത്തിനായി കൊണ്ടുവന്ന ജീരക കഞ്ഞിയില്‍ നിന്ന് മറ്റുള്ളവര്‍ക്ക് പങ്കുവെച്ചായിരുന്നു തുടക്കം. ആ വര്‍ഷങ്ങളില്‍ പത്ത് മുതല്‍ ഇരുപത് വരെ ആളുകള്‍ക്ക് തുടര്‍ന്ന് നല്‍കി പോന്നു.
ഇപ്പോള്‍ അഞ്ചുവര്‍ഷമായി മഗ്്രിബ് നമസ്കാരശേഷം 34ാം നമ്പര്‍ ഗേറ്റിനടുത്തു വെച്ച് ആവശ്യക്കാര്‍ക്ക് മതി വരുവേളം നല്‍കിവരുകയാണ് സുലൈമാനും കുടുംബവും. മഗ്രിബും താറാവീഹ് നമസ്കാരവും കഴിഞ്ഞ് വീട്ടില്‍ പോകുന്ന മലയാളികള്‍ക്കും മറ്റു രാജ്യക്കാര്‍ക്കും ഇത് വലിയ ആശ്വാസമാണ്. ജീരക കഞ്ഞി കുടിച്ചു പോകുന്ന മലയാളികള്‍ തങ്ങളുടെ വല്യുമ്മമാര്‍ ഉണ്ടാക്കി തന്നിരുന്ന കഞ്ഞിയുടെ സ്വാദാണ് നാവിലെന്നു പറയുമ്പോള്‍ സുലൈമാനുണ്ടാവുന്ന സന്തോഷത്തിന് അതിരില്ല. നിറകണ്ണുകളുമായി, എല്ലാം അല്ലാഹുവിന്‍െറ തൃപ്തിക്ക് വേണ്ടി മാത്രമാണ് ചെയ്യുന്നതെന്ന് സുലൈമാന്‍ പറയുന്നു.
ഇതിന് പുറമേ, അവസാന പത്തില്‍ സുലൈമാനും, സ്പോണ്‍സറും സുഹൃത്തായ ഹൈദരാബാദിയും ചേര്‍ന്ന് തറാവീഹ്, ഖിയാമുലൈ്ളല്‍ നമസ്കാരങ്ങള്‍ക്ക് ശേഷം 34 നമ്പര്‍ ഗേറ്റിനടുത്തുവെച്ച് ഇറച്ചിക്കറിയും, പരിപ്പ് കറിയും, റൊട്ടിയും, നാടന്‍ ചോറും, കറികളും 1000 പേര്‍ക്കും നല്‍കുന്നു. സുപ്രയില്‍ ഇരുന്ന് തന്നെ കഴിക്കാനാണ് ഇവര്‍ ആവശ്യപ്പെടാറുള്ളത്. ഹറമില്‍ സാധങ്ങള്‍ എത്തിക്കാനും വിതരണത്തിന് സഹായിക്കാനും സുഹൃത്തായ ഷാജഹാന്‍ ആദിക്കാട്ടുകുളങ്ങര, മകന്‍ അമീന്‍ സുലൈമാന്‍ എന്നിവരും ഉണ്ടാകും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.