സാമൂഹിക പ്രവര്‍ത്തകന്‍ ഫൈസല്‍ വാഹനാപകടത്തില്‍ മരിച്ചു
text_fieldsറിയാദ്: റിയാദിലെ സാമൂഹിക പ്രവര്‍ത്തകന്‍ സി.എം ഫൈസല്‍ (32) വാഹനാപകടത്തില്‍ മരിച്ചു. നഗരത്തില്‍ നിന്ന് 125 കിലോമീറ്ററകലെ ഹുറൈമിലക്ക് സമീപം ബുധനാഴ്ച ഉച്ചക്കായിരുന്നു അപകടം. സുലൈ ഇസ്ലാഹി സെന്‍റര്‍ സെക്രട്ടറിയായ അദ്ദേഹവും കുടുംബവും സഞ്ചരിച്ച ടൊയോട്ട ഹയാസ് വാന്‍ പിന്‍ചക്രം പൊട്ടി മറിഞ്ഞാണ് അപകടമുണ്ടായത്. വാഹനമോടിച്ചിരുന്ന ഫൈസലിന്‍െറ തലക്കാണ് പരിക്കേറ്റത്. പലകരണം മറിഞ്ഞ വാഹനത്തിനുള്ളില്‍ ഭാര്യയുടെ മടിയില്‍ തലചായ്ച്ചായിരുന്നു അന്ത്യം. ഭാര്യ ഷമീമയും മക്കളായ അബ്ദുല്ല (6), മുഹമ്മദ് (രണ്ടര വയസ്) എന്നിവരും നിസാര പരിക്കുകളോടെ രക്ഷപ്പെട്ടു. ഇവരെ ഹുറൈമില സെന്‍ട്രല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് അടിയന്തര പരിചരണം നല്‍കി. ഇളയ മകന്‍ മുഹമ്മദിന്‍െറ തലയില്‍ ചെറിയ മുറിവുണ്ട്. മൃതദേഹവും ഇതേ ആശുപത്രിയില്‍ മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.
കൊച്ചി സ്വദേശി പരേതനായ ചിത്ത്പറമ്പ് മജീദിന്‍െറ മകനാണ് ഫൈസല്‍. സൗദി പ്ളാസ്റ്റിക് എന്ന കമ്പനിയില്‍ സെയില്‍സ്മാനായ ഫൈസല്‍ ജോലിയുടെ ഭാഗമായി ബുറൈദയിലേക്ക് പുറപ്പെട്ടതാണ്. ദൂരപ്രദേശങ്ങളില്‍ ജോലിയാവശ്യാര്‍ഥം പോകുമ്പോള്‍ കുടുംബവും ഒപ്പം പോകാറുണ്ട്. 10 വര്‍ഷമായി റിയാദിലുള്ള ഫൈസല്‍ സൗദി പ്ളാസ്റ്റിക് കമ്പനിയില്‍ ഒരു വര്‍ഷം മുമ്പാണ് ജോലിക്ക് ചേര്‍ന്നത്. അതിന് മുമ്പ് നാലുവര്‍ഷം മുമ്പ് സുലൈ ജാലിയാത്തില്‍ സേവനം അനുഷ്ഠിച്ചു. അതിന് മുമ്പ് ഒരു പ്ളാസ്റ്റിക് ഫാക്ടറിയില്‍ ജീവനക്കാരനായിരുന്നു. ഇസ്ലാഹി സെന്‍റര്‍ പ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന അദ്ദേഹം നിച്ച് ഓഫ് ട്രുത്തിന്‍െറ റിയാദിലെ ചുമതലകളാണ് പ്രധാനമായും വഹിച്ചിരുന്നത്. സുലൈയിലെ മദ്റസത്തുല്‍ തൗഹീദിന്‍െറ ഭാരവാഹിയുമാണ്. മൂന്ന് വര്‍ഷം മുമ്പാണ് കുടുംബം റിയാദിലത്തെിയത്. അതിനുശേഷം നാട്ടില്‍ പോയിട്ടില്ല. അടുത്തയാഴ്ച നാട്ടില്‍ പോകുന്നതിനുള്ള ഒരുക്കത്തിലായിരുന്നു. ഭാര്യാപിതാവ് കഴിഞ്ഞ ഞായറാഴ്ച മരിച്ചിരുന്നു. അന്ന് പോകാന്‍ ശ്രമിച്ചെങ്കിലും സാങ്കേതിക കാരണങ്ങളാല്‍ നടന്നില്ല. മൂത്ത മകന്‍ മുഹമ്മദ് റിയാദിലെ മോഡേണ്‍ സ്കൂളില്‍ യു.കെ.ജി വിദ്യാര്‍ഥിയാണ്.
ഉമ്മ: ഫാത്വിമ. ഫിറോസ് ഏക സഹോദരന്‍. ഫൈസല്‍ കൊച്ചി സ്വദേശിയാണെങ്കിലും ഏതാനും വര്‍ഷങ്ങളായി ആലപ്പുഴ അരൂര്‍, അരൂക്കുറ്റി വടുതലയിലാണ് സ്ഥിരതാമസം. മൃതദേഹം റിയാദില്‍ ഖബറടക്കും. അപകട വിവരമറിഞ്ഞ് റിയാദിലെ ഇസ്ലാഹി സെന്‍റര്‍ കോഓഡിനേഷന്‍ കമ്മിറ്റി ഭാരവാഹികളായ ഉമര്‍ ശരീഫ്, മൊയ്തു അരൂര്‍, നൗഷാദ് പെരിങ്ങോട്ടുകര, എന്‍ജി. റഫീഖ് എന്നിവര്‍ സംഭവസ്ഥലത്തും ആശുപത്രിയിലുമത്തെി സഹായ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.