അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണ ശാല ഇനി അരാംകോക്ക് സ്വന്തം
text_fieldsദമ്മാം: അമേരിക്കയിലെ ഏറ്റവും വലിയ എണ്ണ ശുദ്ധീകരണശാല ഇനി സൗദി അരാംകോക്ക് സ്വന്തം. നൂറ്റാണ്ടിലേറെ പഴക്കമുള്ള ടെക്സസിലെ പോര്‍ട്ട് ആര്‍തര്‍ റിഫൈനറിയാണ് അതിന്‍െറ ഉടമകളായ മോട്ടിവ എന്‍റര്‍പ്രൈസസിന്‍െറ പിരിച്ചുവിടല്‍ കരാറുകളുടെ ഭാഗമായി അരാംകോക്ക് ലഭിക്കുന്നത്. അമേരിക്കയിലെ പ്രവര്‍ത്തനങ്ങള്‍ക്കായി രാജ്യാന്തര എണ്ണക്കമ്പനിയായ റോയല്‍ ഡച്ച് ഷെല്ലും അരാംകോയും സംയുക്തമായി 1998 ല്‍ സ്ഥാപിച്ചതാണ് മോട്ടിവ എന്‍റര്‍പ്രൈസസ്.
സൗദി അരാംകോയുടെ സൗദി റിഫൈനിങ് ഇന്‍കോര്‍പറേഷന്‍െറയും റോയല്‍ ഡച്ച് ഷെല്ലിന്‍െറ ഷെല്‍ ഓയില്‍ കമ്പനിയുടെയും 50-50 ഓഹരി അടിസ്ഥാനത്തില്‍ യു.എസിലെ ഹൂസ്റ്റണ്‍ ആസ്ഥാനമായാണ് മോട്ടിവ പ്രവര്‍ത്തിച്ചുവന്നത്. മൂന്നു റിഫൈനറികളായിരുന്നു ഇവരുടെ നിയന്ത്രണത്തിലുണ്ടായിരുന്നത്. മൂന്നിടത്തുമായി പ്രതിദിനം 11 ലക്ഷം ബാരലായിരുന്നു ഉല്‍പാദന ശേഷി.
രണ്ടുദശകത്തോളം നീണ്ട സഹകരണത്തിനൊടുവിലാണ് സംയുക്ത പദ്ധതികള്‍ അവസാനിപ്പിക്കാനും ആസ്തികള്‍ വീതിച്ചെടുക്കാനും തീരുമാനമായത്. ഇതുപ്രകാരം 26 വിതരണ ടെര്‍മിനലുകള്‍ ഉള്ള, പ്രതിദിനം ആറുലക്ഷത്തോളം ബാരല്‍ ഉല്‍പാദക ശേഷിയുള്ള പോര്‍ട്ട് ആര്‍തര്‍ റിഫൈനറി അരാംകോയുടെ പൂര്‍ണ നിയന്ത്രണത്തില്‍ വരും. ഒപ്പം മോട്ടിവ എന്ന ബ്രാന്‍ഡ് നാമവും അവര്‍ക്ക് ¥ൈകവശം സൂക്ഷിക്കാനുള്ള അവകാശം ലഭിക്കും.
ലൂസിയാനയില്‍ സ്ഥിതി ചെയ്യുന്ന കോണ്‍വെന്‍റ്, നോര്‍കോ റിഫൈനറികളാണ് ഷെല്ലിന് കിട്ടുക. രണ്ടുറിഫൈനറികളും ചേര്‍ത്ത് ഒറ്റ പ്ളാന്‍റാക്കി പ്രവര്‍ത്തിപ്പിക്കാനാണ് അവരുടെ പദ്ധതി. ഒറ്റപ്ളാന്‍റാക്കുമ്പോള്‍ അഞ്ചുലക്ഷത്തിനടുത്ത് ബാരല്‍ ശേഷിയുണ്ടാകും. അവരവരുടെ ലക്ഷ്യങ്ങളിലേക്ക് സ്വതന്ത്രമായി മുന്നേറാനുള്ള അവസരമാണ് ഇതെന്ന് അരാംകോ ഡൗണ്‍സ്ട്രീം യൂനിറ്റ് സീനിയര്‍ വൈസ് പ്രസിഡന്‍റ് അബ്ദുറഹ്മാന്‍ അല്‍ വുഹൈബ് ചൂണ്ടിക്കാട്ടി. 60 വര്‍ഷമായി അമേരിക്കയില്‍ അരാംകോയുടെ സാന്നിധ്യമുണ്ട്. പോര്‍ട്ട് ആര്‍തര്‍ അരാംകോയുടെ ആഗോള ഡൗണ്‍സ്ട്രീം പദ്ധതിയുടെ ഭാഗമായി മാറും. ഞങ്ങളുടെ അമേരിക്കയിലെ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി മോട്ടിവയിലെ ജീവനക്കാര്‍ തുടരും. സ്വയംഭരണ ഡൗണ്‍സ്ട്രീം സ്ഥാപനമെന്ന നിലയിലേക്കുള്ള മോട്ടിവയുടെ പുരോഗമനത്തിന് എല്ലാ പിന്തുണയും ഉണ്ടാകും’ - വുഹൈബ് ചൂണ്ടിക്കാട്ടി.
ടെക്സാകോ കമ്പനിയാണ് 1902 ല്‍ മെക്സിക്കന്‍ ഉള്‍ക്കടല്‍ തീരത്ത് പോര്‍ട്ട് ആര്‍തര്‍ റിഫൈനറി സ്ഥാപിക്കുന്നത്. 1989 ല്‍ ടെക്സാക്കോയില്‍ നിന്ന് 50 ശതമാനം ഓഹരികള്‍ സൗദി റിഫൈനിങ് ഇന്‍കോര്‍പറേഷന്‍ വാങ്ങി. 2001 ല്‍ ടെക്സാക്കോയെ ഷെവ്റോണ്‍ സ്വന്തമാക്കി. പിന്നാലെ 2002 ല്‍ ഷെവ്റോണിന്‍െറ ഈ റിഫൈനറിയിലെ ഓഹരികള്‍ അവര്‍ ഷെല്ലിന് വിറ്റു. അങ്ങനെയാണ് അരാംകോ-ഷെല്‍ സംയുക്ത സംരംഭമായ മോട്ടിവക്ക് കീഴില്‍ പോര്‍ട്ട് ആര്‍തര്‍ വരുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.