ഇന്ത്യയില്‍ വന്‍ നിക്ഷേപ പദ്ധതികളുമായി സൗദി അരാംകോ
text_fieldsദമ്മാം: ഇന്ത്യയില്‍ വന്‍ നിക്ഷേപത്തിന് സൗദി അറേബ്യന്‍ എണ്ണകമ്പനിയായ സൗദി അരാംകോ ഒരുങ്ങുന്നു. ഇന്ത്യയുടെ പടിഞ്ഞാറന്‍ തീരത്ത് കൂറ്റന്‍ എണ്ണ ശുദ്ധീകരണ ശാല നിര്‍മിക്കുന്നതിന് പുറമേ, രാജ്യത്തെ പ്രമുഖ പെട്രോകെമിക്കല്‍ കമ്പനികളുടെ ഓഹരി വാങ്ങാനും പദ്ധതിയുണ്ട്. മൊത്തം 300 കോടി ഡോളറിന്‍െറ നിക്ഷേപ പദ്ധതികളാണ് ഇന്ത്യക്കായി തയാറാകുന്നത്. കഴിഞ്ഞ മാസം അവതരിപ്പിക്കപ്പെട്ട ‘വിഷന്‍ 2030’ ന്‍െറ കരടുപദ്ധതിയുടെ അടിസ്ഥാനത്തിലാണ് അരാംകോ പ്രവര്‍ത്തനങ്ങള്‍ വികസിപ്പിക്കുന്നത്. ഇന്ത്യയും സൗദി അറേബ്യയും തമ്മിലുള്ള ഊര്‍ജരംഗത്തെ സഹകരണം വര്‍ധിപ്പിക്കുന്ന കാര്യം ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്ര പെട്രോളിയം മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ നേരത്തെ റിയാദിലത്തെിയിരുന്നു.
പ്രതിദിനം 1.2 ദശലക്ഷം ബാരല്‍ സംസ്കരണ ശേഷിയുള്ള രാജ്യത്തെ ഏറ്റവും വലിയ റിഫൈനറിയാണ് പരിഗണനയിലുള്ളത്. ദേശസാത്കൃത സ്ഥാപനങ്ങളായ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍, ഹിന്ദുസ്ഥാന്‍ പെട്രോളിയം, ഭാരത് പെട്രോളിയം എന്നിവയുടെ ആഭിമുഖ്യത്തിലാണ് നിര്‍മാണം. ഒരുലക്ഷം കോടി രൂപയാണ് ഇതിന്‍െറ ആകെ ചെലവ്. ഇതാണ് സൗദി അരാംകോ സഹകരിക്കാന്‍ ആലോചിക്കുന്ന പ്രധാന പദ്ധതി. ലോകത്തെ ഏറ്റവും വലിയ എണ്ണക്കമ്പനിയെന്ന നിലയില്‍ സൗദി അരാംകോക്കുള്ള പരിചയ സമ്പത്ത് ഉപയോഗപ്പെടുത്താനാണ് ആലോചിക്കുന്നത്. ഇന്ത്യയുടെയും ഒമാന്‍െറയും സംയുക്ത സംരംഭമായ ഭാരത് ഒമാന്‍ റിഫൈനറീസ് ലിമിറ്റഡിന്‍െറ മധ്യപ്രദേശിലെ ‘ബിന റിഫൈനറി’യിലും അരാംകോയുടെ സഹകരണം പരിഗണനയിലുണ്ട്.
എണ്ണ ശുദ്ധീകരണ ശാലയുടെ ശേഷി അടിയന്തരമായി 30 ശതമാനം വര്‍ധിപ്പിച്ച് 1,56,000 ബാരല്‍ ആക്കാനാണ് ശ്രമം. ഓയില്‍ ആന്‍റ് നാച്വറല്‍ ഗ്യാസ് ലിമിറ്റഡിന്‍െറ (ഒ.എന്‍.ജി.സി) ഗുജറാത്തിലെ പെട്രോകെമിക്കല്‍ പ്ളാന്‍റാണ് മറ്റൊരു പദ്ധതി. ഇന്ത്യയുള്‍പ്പെടെ ഏഷ്യന്‍ രാജ്യങ്ങളിലെ പ്രവര്‍ത്തനം വികസിപ്പിക്കാന്‍ പദ്ധതികള്‍ തയാറായി വരികയാണെന്ന് സൗദി അരാംകോ സി.ഇ.ഒ അമീന്‍ നാസര്‍ വ്യക്തമാക്കിയിരുന്നു. എണ്ണ ഉപഭോഗത്തില്‍ ലോകത്ത് മൂന്നാം സ്ഥാനത്താണ് ഇന്ത്യയുടെ സ്ഥാനം.
ആവശ്യമായ അസംസ്കൃത എണ്ണയുടെ 70 ശതമാനവും സൗദി അറേബ്യ ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാഷ്ട്രങ്ങളില്‍ നിന്നാണ് ഇന്ത്യ ഇറക്കുമതി ചെയ്യുന്നത്. 8,89,000 ബാരല്‍ എണ്ണയാണ് പ്രതിദിനം സൗദി അറേബ്യ ഇന്ത്യയിലേക്ക് കയറ്റി അയക്കുന്നത്. ഇന്ത്യയുടെ ആകെ ഇറക്കുമതിയുടെ 21 ശതമാനം വരുമിത്. അതുകൊണ്ട് തന്നെ സൗദി അരാംകോയുടെ സഹകരണത്തെ ഇരുരാഷ്ട്രങ്ങളും ഏറെ പ്രതീക്ഷയോടെയാണ് കാണുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.