ഉംറ സര്‍വീസുകള്‍ പണപ്പിരിവിനും മത തര്‍ക്കങ്ങള്‍ക്കും വേദിയാകുന്നതായി പരാതി
text_fieldsറിയാദ്: മലയാളി സംഘടനകളുടെ നേതൃത്വത്തില്‍ നടക്കുന്ന ഉംറ സര്‍വീസുകള്‍ പണ സമ്പാദനത്തിന്‍െറയും മത, രാഷ്ട്രീയ തര്‍ക്കങ്ങളുടെയും വേദിയാകുന്നതായി യാത്രക്കാരില്‍ നിന്ന് പരാതി ഉയരുന്നു. ചില ഗ്രൂപ്പുകള്‍ സുരക്ഷ മാനദണ്ഡങ്ങള്‍ പോലും പാലിക്കാതെയാണ് സര്‍വീസ് നടത്തുന്നത്. രാജ്യത്തിന്‍െറ വിവിധ ഭാഗങ്ങളില്‍ നിന്ന് മിക്ക ദിവസങ്ങളിലും ഉംറ ബസുകള്‍ മക്കയിലേക്ക് പോകുന്നുണ്ട്. മലയാളികളുടെ നേതൃത്വത്തിലാണ് നല്ളൊരു ശതമാനം സര്‍വീസുകളുമുള്ളത്. കുറ്റമറ്റ രീതിയില്‍ ഇത് ചെയ്യുന്നവരെ പോലും പഴി കേള്‍പ്പിക്കുന്ന രീതിയിലാണ് ചിലര്‍ ഈ സേവനത്തെ സ്വന്തം നേട്ടങ്ങള്‍ക്കായി ഉപയോഗിക്കുന്നത്. ബസ് പുറപ്പെട്ടതിന് ശേഷം യാത്രക്ക് നേതൃത്വം നല്‍കുന്നയാള്‍ക്കെന്ന് പറഞ്ഞ് അവരുടെ സങ്കട കഥകളും മറ്റും വിവരിച്ച് സഹതാപം പിടിച്ചു പറ്റി യാത്രക്കാരില്‍ നിന്ന് പിരിവെടുക്കുന്നത് പതിവാണ്. മദീനയിലും മക്കയിലും സന്ദര്‍ശനം നടത്തുന്നതിന് 10 മുതല്‍ 20 റിയാല്‍ വരെ വാങ്ങുന്നവരുമുണ്ട്. മൂന്‍കൂട്ടി പറയാതെയാണ് ഈ പിരിവ്. ഇതിനൊക്കെ പുറമെയാണ് മതസംഘടനകള്‍ക്കിടെയിലെ തര്‍ക്കങ്ങള്‍ക്കും മറ്റും ഈ അവസരം ഉപയോഗിക്കുന്നത്. റിയാദില്‍ നിന്ന് കഴിഞ്ഞ ദിവസം പുറപ്പെട്ട ഒരു ഗ്രൂപ്പിന്‍െറ യാത്ര ബഹളത്തിലാണ് അവസാനിച്ചത്.
യാത്രക്ക് നേതൃത്വം നല്‍കിയയാള്‍ മുജാഹിദ്, സലഫി ആശയങ്ങള്‍ക്കെതിരെ രൂക്ഷമായി പ്രസംഗിച്ചതോടെയാണ് യാത്രക്കാരില്‍ ചിലര്‍ ബഹളം വെച്ചത്. ‘ശെയ്ത്താന്‍െറ കൊമ്പു മുളച്ചത് നജ്ദില്‍ നിന്നാണെന്ന്’ (ഇപ്പോഴത്തെ റിയാദ്) വരെ ഇമാം കാച്ചിക്കളഞ്ഞു. പ്രമുഖ പരിഷ്കര്‍ത്താക്കളിലൊരാളെ പേരെടുത്ത് പറഞ്ഞായിരുന്നു ഈ വിശേഷണം. പ്രസംഗത്തിനിടെ രാജ്യ വിരുദ്ധമായ പ്രസ്താവനകള്‍ പോലും ഇയാള്‍ നടത്തിയതായും സംഭവം കൈയാങ്കളിയുടെ വക്കുവരെ എത്തിയതായും യാത്രക്കാരിലൊരാള്‍ പറഞ്ഞു. ഏതാനും ദിവസം മുമ്പ് ഉംറക്ക് പോയ സംഘത്തിന്‍െറ അറബ് വംശജനായ ഡ്രൈവര്‍ ത്വാഇഫിലത്തെിയപ്പോള്‍ കിടന്നുറങ്ങിയ സംഭവവുമുണ്ടായിട്ടുണ്ട്. റിയാദില്‍ നിന്ന് തിരിച്ച സംഘം രാത്രി 12 ഓടെയാണ് ത്വാഇഫിലത്തെിയത്. ഉറക്കം വരുന്നെന്ന് പറഞ്ഞ് ബസില്‍ കിടന്നുറങ്ങിയ ഡ്രൈവര്‍ പിറ്റേ ദിവസം ഉച്ചക്ക് 12 ഓടെയാണ് എണീക്കുന്നത്. അതുവരെ യാത്രക്കാരും ബസിലിരിക്കേണ്ടി വന്നു. സുരക്ഷ മാനദണ്ഡങ്ങള്‍ പാലിക്കുന്നതിലും ഗുരുതരമായ വീഴ്ചയാണ് ചിലര്‍ കാണിക്കുന്നത്. കഴിഞ്ഞ ദിവസം റിയാദില്‍ നിന്ന് മക്കയിലേക്ക് പുറപ്പെട്ട ഉംറ ബസിലൊന്നിന്‍െറ ടയറുകള്‍ കാലപ്പഴക്കം കൊണ്ട് ദ്രവിച്ചതായിരുന്നുവെന്ന് യാത്രക്കാരിലൊരാള്‍ പറഞ്ഞു.
ത്വാഇഫിലത്തെിയപ്പോഴേക്കും ഇതിലൊന്ന് പൊട്ടുകയും ചെയ്തു. ടയര്‍ അഴിച്ചപ്പോഴാണ് അതിന്‍െറ പരിതാപകരമായ അവസ്ഥ യാത്രക്കാരുടെ ശ്രദ്ധയില്‍ പെട്ടത്. ബസില്‍ പകരം ടയര്‍ ഇല്ലാത്തതിനാല്‍ പരിസരത്തെ വര്‍ക് ഷോപ്പില്‍ നിന്ന് പഴയത് വാങ്ങി ഘടിപ്പിച്ചാണ് യാത്ര തുടങ്ങിയത്. ഹജ്ജ് വേളയിലും മറ്റും ലൈസന്‍സില്ലാത്ത ഗ്രൂപ്പുകള്‍ ലൈസന്‍സുള്ളവരുമായി ചേര്‍ന്ന് സര്‍വീസ് നടത്തുന്ന ഏര്‍പ്പാടുമുണ്ട്. കഴിഞ്ഞ ഹജ്ജ് സീസണില്‍ മിന ദുരന്തമുണ്ടായപ്പോള്‍ ഈ രീതിയില്‍ ലൈസന്‍സില്ലാതെ കൊണ്ടുപോയ സംഘത്തിലുള്ളവരുടെ വിവരങ്ങള്‍ കിട്ടാന്‍ ഏറെ പ്രയാസപ്പെടേണ്ടി വന്നിരുന്നു.
സൗദിയിലെ വിവിധ നഗരങ്ങളില്‍ ഉംറ സര്‍വീസ് മാത്രം നടത്തി ഉപജീവനം നടത്തുന്ന നൂറു കണക്കിന് ഏജന്‍സികളുണ്ട്. പലരും യാത്ര സംഘത്തിന് നേതൃത്വം നല്‍കാന്‍ ഇമാമുമാരെ നിയോഗിക്കാറുണ്ട്. ഇവരില്‍ ചിലരാണ് തങ്ങളുടെ ആശയങ്ങള്‍ പ്രചരിപ്പിക്കാനും പിരിവിനും പണം സമ്പാദിക്കാനും മറ്റുമായി ഉംറ യാത്രയെ ദുരുപയോഗം ചെയ്യുന്നത്. സ്ത്രീകളും കുട്ടികളുമടക്കം നിരവധി പേരാണ് ഇത്തരം ബസുകളില്‍ തീര്‍ഥാടനത്തിനായി പോകുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.