കേരളത്തിലേക്ക് കണ്ണും നട്ട്
text_fieldsറിയാദ്: ശനിയാഴ്ചയായിരുന്നു കേരളത്തിലെ കൊട്ടിക്കലാശമെങ്കില്‍ സൗദി അറേബ്യയില്‍ വാരാന്ത്യ അവധിദിനമായ വെള്ളിയാഴ്ച തന്നെ രാഷ്ട്രീയാനുകൂല പ്രവാസി സംഘടനകളുടെയെല്ലാം പ്രചാരണ പരിപാടികള്‍ അവസാനിപ്പിച്ചിരുന്നു. സ്ഥാനാര്‍ഥി നിര്‍ണയം പൂര്‍ത്തിയായി മത്സരത്തിന്‍െറ ചിത്രം തെളിയുന്നതിന് മുമ്പ് തന്നെ എല്ലാ സംഘടനകളും പ്രചാരണ പ്രവര്‍ത്തനങ്ങള്‍ ആരംഭിച്ചുകഴിഞ്ഞിരുന്നു. തങ്ങള്‍ക്ക് സ്വാധീനിക്കാന്‍ കഴിയുന്ന നാട്ടിലെ കുടുംബാംഗങ്ങളോടും മറ്റുള്ളവരോടും ഫോണ്‍ വഴിയുള്ള കാമ്പയിനിങ്ങിലാണ് എല്ലാ സംഘടനകളും ഒരുപോലെ സജീവമായത്.
കോണ്‍ഗ്രസിന്‍െറ പ്രവാസി ഘടകമായ ഒ.ഐ.സി.സി റിയാദ് ഘടകത്തിന് കീഴിലുള്ള വയനാടും കോട്ടയവും ഇടുക്കിയും ഒഴികെ ബാക്കി മുഴുവന്‍ ജില്ലാകമ്മിറ്റികളും തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷനുകള്‍ നടത്തി. മൂന്നിടത്ത് കുടുംബ സംഗമങ്ങളും വിപുലമായ രീതിയില്‍ നടന്നു. വോട്ട് അഭ്യര്‍ഥിച്ചുകൊണ്ട് നോട്ടീസ് ഇറക്കിയുള്ള പ്രചാരണവും വ്യാപകമായി നടത്തി.
സി.പി.എം പ്രവാസി ഘടകമായ കേളി 140 മണ്ഡലങ്ങളിലെയും ഇടത് മുന്നണി സ്ഥാനാര്‍ഥികളുടെ ചിത്രങ്ങള്‍ ഉള്‍പ്പെടുത്തി നോട്ടീസ് പ്രസിദ്ധീകരിക്കുകയും ലേബര്‍ ക്യാമ്പുകളിലും മറ്റും സ്ക്വാഡ് പ്രവര്‍ത്തനം നടത്തുകയും ചെയ്തു. കണ്‍വെന്‍ഷനുകളും ഇടത് മുന്നണി തെരഞ്ഞെടുപ്പ് സമ്മേളനവും സംഘടിപ്പിച്ചു.
മുസ്ലിം ലീഗിന്‍െറ പ്രവാസി ഘടകമായ കെ.എം.സി.സി പതിവുപോലെ പഴുതടച്ച പ്രവര്‍ത്തനങ്ങളാണ് നടത്തിയത്. ജില്ല, മണ്ഡലം, ഏരിയ കമ്മിറ്റികളുടെയും സെന്‍ട്രല്‍ കമ്മിറ്റിയുടെയും നേതൃത്വത്തില്‍ പ്രവര്‍ത്തക കണ്‍വെഷനുകള്‍ സംഘടിപ്പിച്ചു. ലഘുലേഖ പ്രസിദ്ധീകരിക്കുകയും വ്യാപകമായി പ്രചരിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
വെല്‍ഫെയര്‍ പാട്ടിയുടെ പോഷക സംഘടനയായ പ്രവാസി സാംസ്കാരിക വേദി റിയാദില്‍ സംഘടിപ്പിച്ച ‘മനുഷ്യ സംഗമത്തില്‍ ഇടതു ചിന്തകന്‍ കെ.ഇ.എന്‍ കുഞ്ഞഹമ്മദായിരുന്നു മുഖ്യ പ്രസംഗകന്‍. സൗദിയിലെ ഇതര പട്ടണങ്ങളിലും സമാനമായ രീതിയില്‍ പരിപാടി സംഘടിപ്പിച്ചിരുന്നു.
സി.പി.എം അനുഭാവ സംഘടനയായ റിയാദിലെ നവോദയ വാര്‍ഷിക യൂനിറ്റ് സമ്മേളനങ്ങള്‍ തെരഞ്ഞെടുപ്പ് കണ്‍വെന്‍ഷുകളാക്കി മാറ്റുകയും സ്ക്വാഡ് പ്രവര്‍ത്തനം നടത്തിയുമാണ് വോട്ടാവേശം പ്രകടിപ്പിച്ചത്.
സി.പി.ഐ ഘടകമായ ന്യൂഏജ് ഇന്ത്യ സാംസ്കാരിക വേദിയും പ്രവര്‍ത്തന രംഗത്തുണ്ടായിരുന്നു. എന്നാല്‍ ബി.ജെ.പിയുടെ പ്രവാസി ഘടകമായ സമന്വയ സാംസ്കാരിക വേദി നിശബ്ദ പ്രവര്‍ത്തനങ്ങളാണ് നടത്തിയത്.
വിവിധ സംഘടനകളിലെ സജീവ പ്രവര്‍ത്തകരടക്കം നിരവധി പേര്‍ വോട്ടുചെയ്യാനായി നാട്ടില്‍ പോയിട്ടുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.