മിനായില്‍ ഇന്ത്യന്‍ ഹജ്ജ് മിഷന്‍ ഒരുങ്ങി
text_fieldsജിദ്ദ: ഇന്ത്യന്‍ ഹാജിമാര്‍ക്ക് സേവനം നല്‍കാന്‍ മിനായില്‍ ഹജ്ജ് മിഷന്‍െറ ഓഫിസും ആശുപത്രിയും ഒരുങ്ങി. മിനയില്‍ കിങ് അബ്ദുല്ല ബ്രിഡ്ജിനോട് ചേര്‍ന്നാണ് ക്യാമ്പ് ഓഫിസ് തുറന്നത്. ഇന്‍ഫര്‍മേഷന്‍ കൗണ്ടര്‍ ഉള്‍പെടയുള്ള ഓഫിസ് കേന്ദ്രീകരിച്ചാണ് ഹജ്ജ് കര്‍മങ്ങള്‍ തീരും വരെ ഉദ്യോഗസ്ഥരും മെഡിക്കല്‍ സംഘവും പ്രവര്‍ത്തിക്കുക. ഇന്നലെ ഹാജിമാര്‍ താമസിക്കുന്ന കേന്ദ്രങ്ങളില്‍ മിനായാത്രയുമായി ബന്ധപ്പെട്ട ക്ളാസുകള്‍ പൂര്‍ത്തിയായി. അസീസിയ മേഖലയില്‍ താമസിക്കുന്ന ഹാജിമാര്‍ ബസ് സൗകര്യം നിലച്ചതിനാല്‍ ഇന്നലെ താമസകേന്ദ്രങ്ങളില്‍ തന്നെ ചെലവഴിച്ചു. ഹറമിലേക്ക് പോകാന്‍ 300 റിയാല്‍ വരെയാണ് ടാക്സിക്കാര്‍ ഈടാക്കുന്നത്. മിനായിലും അറഫയിലും ഭക്ഷണ വിതരണം സര്‍ക്കാര്‍ സംവിധാനത്തില്‍ തന്നെയാണ് നടക്കുക. സംസ്ഥാന ഹജ്ജ് കമ്മിറ്റി വഴി കേരളത്തില്‍ നിന്നത്തെിയ ഹാജിമാരിലാരും രോഗം മൂലം ആശുപത്രിയില്‍ കിടപ്പിലല്ല. ഒരാള്‍ കട്ടിലില്‍ നിന്ന് വീണ് തുടയെല്ല് പൊട്ടി ചികില്‍സയിലായിരുന്നു. കഴിഞ്ഞ ദിവസം അദ്ദേഹം ആശുപത്രി വിട്ടു. ആര്‍ക്കെങ്കിലും എഴുന്നേല്‍ക്കാന്‍ വയ്യാത്ത അവശതയുണ്ടെങ്കില്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കണമെന്ന് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇത്തരം രോഗികളെ സൗദി സര്‍ക്കാര്‍ സംവിധാനത്തില്‍ ഞായറാഴ്ച അറഫയിലത്തെിക്കും. ഇന്ത്യന്‍ ഹാജിമാരില്‍ ഇതിനകം 46 പേര്‍ മക്കയില്‍ മരിച്ചു. ഇതില്‍ മൂന്ന് പേര്‍ കേരളത്തില്‍ നിന്നുള്ളവരാണ്. കിളിമാനൂര്‍ സ്വദേശി നസീറ ബീവി,കണ്ണൂര്‍ ചക്കരക്കല്ല് കുഞ്ഞാമിന, മലപ്പുറം പുത്തനത്താണി തായുട്ടി ഹാജി എന്നിവരാണ് മരിച്ചത്. ഇന്ത്യയില്‍ നിന്ന് എത്തിയ തീര്‍ഥാടക മദീനയില്‍ കുഞ്ഞിന് ജന്‍മം നല്‍കിയിരുന്നു. ലക്നോവില്‍ നിന്നുള്ള ഷഹ്നാസ് ബീഗം (36) ആണ് കുഞ്ഞുഹാജിക്ക് ജന്മം നല്‍കിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.