കഅബയെ പുതിയ കിസ്വ പുതപ്പിച്ചു
text_fieldsമക്ക: അറഫാദിനത്തില്‍ മക്കയിലെ കഅബാലയത്തിന് പുതിയ കിസ്വ അണിയിച്ചു. വിദഗ്ധ പരിശീലനം ലഭിച്ച കിസ്വ ഫാക്ടറി ജീവനക്കാരും ഇരുഹറം കാര്യാലയ ഉദ്യോഗസ്ഥരും ചേര്‍ന്നാണ് പഴയ കിസ്വ അഴിച്ചുമാറ്റി പുതിയ കിസ്വ അണിയിച്ചത്. ലക്ഷക്കണക്കായ ഹാജിമാരെല്ലാം അറഫയില്‍ ഒരുമിച്ചു കൂടിയതിനാല്‍ മസ്ജിദുല്‍ ഹറാമും കഅബാലയ പരിസരവും തിരക്കൊഴിഞ്ഞ് ശാന്തമായിരുന്നു.
കഅബയുടെ അലങ്കാര വസ്ത്രമാണ് കിസ്വ. ലോക മുസ്ലിംകളുടെ ലക്ഷ്യ സ്ഥാനമായ മക്കയിലെ കഅബാലയത്തിന് ഓരോ വര്‍ഷവും ഹജ്ജിന്‍െറ സുപ്രധാന ദിനമായ അറഫ ദിനത്തിലാണ് പുതിയ കിസ്വ അണിയിക്കുന്നത്. ഏറെ വൈദഗ്ധ്യവും കൃത്യതയും ആവശ്യമുള്ളതിനാല്‍ വര്‍ഷങ്ങളുടെ പരിചയ സമ്പത്തുള്ളവര്‍ക്കാണ് ഇതിന്‍െറ ചുമതല. കഅബയുടെ നാലുഭാഗങ്ങളും വാതില്‍ വിരിയും ആദ്യം അഴിച്ചുമാറ്റി. ശേഷം ഓരോ ഭാഗവും പ്രത്യേക രീതിയില്‍ താഴെ നിന്ന് മുകളിലേക്കുയര്‍ത്തി മുകളില്‍ സ്ഥാപിച്ച ശേഷം താഴേക്ക് ഇറക്കുകയാണ് ചെയ്തത്. നാലു ഭാഗവും കൃത്യമായി സ്ഥാപിച്ചശേഷം സുപ്രധാനമായ ബെല്‍ട്ട് ഓരോ ഭാഗങ്ങളിലുമായി സ്ഥാപിച്ചു. പിന്നീടാണ് ഏറെ കൃത്യതയും വൈദഗ്ധ്യവും ആവശ്യമുള്ള വാതില്‍വിരി സ്ഥാപിച്ചത്.
കിസ്വ ഫാക്ടറിയില്‍ ഒരു വര്‍ഷക്കാലം കൊണ്ടാണ് പുതിയ കിസ്വ തയാറാക്കിയത്. ലോകത്ത് ലഭ്യമായതില്‍ മത്തേരം പട്ടുനൂല്‍ കൊണ്ട് നിര്‍മിച്ച കിസ്വയുടെ ചെലവ് 22 ദശലക്ഷം റിയാല്‍ വരും. ചായം പൂശുന്നതും സ്വര്‍ണ, വെള്ളി നൂലുകള്‍ ചേര്‍ക്കുന്നതുമടക്കം നിരവധി പ്രക്രിയകളിലൂടെയാണ് കിസ്വ രൂപപ്പെടുന്നത്. വര്‍ഷങ്ങള്‍ നീണ്ട പരിചയസമ്പത്തുള്ള കരകൗശല വിദഗ്ധര്‍ ചതുരാകൃതിയിലുള്ള 16 ഭാഗങ്ങളിലായാണ് കിസ്വ നെയ്തെടുക്കുന്നത്. ഇസ്ലാമിക കാലിഗ്രാഫിയുടെ മനോഹാരിത കിസ്വയില്‍ കാണാം. അഴിച്ചു മാറ്റുന്ന പഴയ കിസ്വയുടെ ഭാഗങ്ങള്‍ മുസ്ലിം രാഷ്ട്രങ്ങളിലെ നയതന്ത്രകാര്യാലയങ്ങള്‍, പ്രമുഖ വ്യക്തിത്വങ്ങള്‍ എന്നിവര്‍ക്ക് സമ്മാനമായി നല്‍കാറുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.