നിര്‍ദേശങ്ങള്‍ പാലിക്കുന്നത് വരെ ഖത്തറിനോടുള്ള നിലപാടില്‍ മാറ്റമില്ല -സൗദി
text_fieldsറിയാദ്: തീവ്രവാദ വിരുദ്ധ നീക്കത്തിെൻറ ഭാഗമായി സൗദി ഉള്‍പ്പെടെ നാല് രാജ്യങ്ങള്‍ മുന്നോട്ടുവെച്ച ന്യായമായ നിര്‍ദേശങ്ങള്‍ പൂര്‍ണമായും പാലിക്കുന്നത് വരെ ഖത്തറിനോടുള്ള നിലപാടില്‍ മാറ്റമില്ലെന്ന് സൗദി മന്ത്രിസഭ. സല്മാന് രാജാവിെൻറ അധ്യക്ഷതയില്‍ തിങ്കളാഴ്ച ചേര്‍ന്ന മന്ത്രിസഭ യോഗമാണ് രാഷ്ട്രത്തിെൻറ നിലപാട് വ്യക്തമാക്കിയത്. മേഖലയുടെ സുരക്ഷക്കും സുസ്ഥിരതക്കും അനിവാര്യമായ, അന്താരാഷ്ട്ര താല്പര്യങ്ങള് മുന്‍നിര്‍ത്തിയുള്ള ന്യായമായ ആവശ്യങ്ങളാണ് നാല് രാജ്യങ്ങള്‍ ഖത്തറിന് മുന്നില്‍ വെച്ചിട്ടുള്ളത്.
കഴിഞ്ഞ ദിവസം കൈറോയില്‍ ചേര്‍ന്ന അറബ് ഉച്ചകോടിയും അറബ് രാഷ്ട്രങ്ങളിലെ വാര്‍ത്താവിനിമയ മന്ത്രിമാരുടെ യോഗവും നാല് രാഷ്ട്രങ്ങളുടെ നിലപാടിനെ പിന്തുണച്ചിട്ടുണ്ട്. തീവ്രവാദത്തിന് അഭയം നല്‍കുന്നതും ധനസഹായം നല്‍കുന്നതും അവസാനിപ്പിക്കണമെന്നതാണ് ഇതില്‍ മുഖ്യമായ ആവശ്യം. അമേരിക്കന്‍ പ്രസിഡൻറ് ഡോണാള്‍ഡ് ട്രംപ്, ഇറാഖ് പ്രധാനമന്ത്രി ഹൈദര്‍ അബാദി എന്നിവരുമായി സല്മാന് രാജാവ് നടത്തിയ ടെലിഫോണ്‍ സംഭാഷണം മന്ത്രിസഭ അവലോകനം ചെയ്തു. മൂസില്‍ മോചനം തീവ്രവാദ നിര്‍മാര്‍ജനത്തില്‍ ശ്രദ്ധേയമായ കാല്‍വെപ്പാണെന്നും യോഗം അഭിപ്രായപ്പെട്ടു.
തൊഴില്‍, സാമൂഹ്യക്ഷേമം, ടൂറിസം തുടങ്ങിയ മേഖലയില്‍ മലേഷ്യയുമായി സഹകരണം ശക്തമാക്കാന്‍ മന്ത്രിസഭ തീരുമാനിച്ചു. രണ്ട് വര്‍ഷം മുമ്പ് മലേഷ്യയില്‍ ഒപ്പുവെച്ച ധാരണയുടെ അടിസ്ഥാനത്തിലാണ് പുതിയ സഹകരണം രൂപപ്പെടുക. ഊർജ വ്യവസായ മേഖലയില്‍ ജോര്ഡാനുമായും സഹകരണം ശക്തമാക്കാനും യോഗം തീരുമാനിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.