രാജ്യം പെരുന്നാളാഘോഷത്തിൽ
text_fieldsജിദ്ദ: ഇൗദുൽ ഫിത്വർ ആഘോഷത്തിനായി രാജ്യത്തെ നഗരങ്ങളും ഗ്രാമങ്ങളും ഒരുങ്ങി. അതതു മേഖലകളിലെ മുനിസിപ്പാലിറ്റികൾക്കും ഗ്രാമസഭകൾക്കും കീഴിൽ വിപുലമായ ഒരുക്കങ്ങളാണ് പൂർത്തിയാക്കിയിരിക്കുന്നത്. മതകാര്യ ഒാഫീസുകൾക്ക് കീഴിൽ വിവിധ ഭാഗങ്ങളിൽ നിരവധി ഇൗദുഗാഹുകളും ഒരുക്കിയിട്ടുണ്ട്. സന്ദർശകരെ സ്വീകരിക്കാൻ ഉല്ലാസ കേന്ദ്രങ്ങളും ഒരുങ്ങികഴിഞ്ഞു. പ്രധാന റോഡുകളും പൂന്തോട്ടങ്ങളും ഗവൺമെൻറ് കെട്ടിങ്ങളും പാലങ്ങളും അലങ്കരിച്ചിട്ടുണ്ട്. ഗാർഡനുകളിലെ കളി ഉപകരണങ്ങൾ കുറ്റമറ്റതാണെന്ന് ഉറപ്പുവരുത്തി. കോർണിഷ് പോലുള്ള സ്ഥലങ്ങളിൽ റോഡുകളിലെ തിരക്കൊഴിവാക്കാൻ ട്രാഫിക്ക്വിഭാഗം കൂടുതൽ ആളുകളെ നിയോഗിച്ചിട്ടുണ്ട്. ഇൗദാഘോഷങ്ങൾ ഒരുക്കിയ സ്ഥലങ്ങൾ ബന്ധപ്പെട്ട വകുപ്പ് മേധാവികൾ സന്ദർശിച്ച് ഒരുക്കങ്ങൾ പരിശോധിച്ചു.
മക്കയിൽ മുനിസിപ്പാലിറ്റിക്ക് കീഴിൽ പതിവുപോലെ പ്രധാന റോഡുകളും തോട്ടങ്ങളും പാലങ്ങളും സ്തൂപങ്ങളും കമാനങ്ങളും വർണവിളക്കുകളാൽ അലങ്കരിച്ചിട്ടുണ്ട്. മക്കയെ മോടി പിടിപ്പിക്കുന്നതിന് പുത്തൻ അലങ്കാര മാതൃകകൾ രുപകൽപന നടത്തിയത് വിഗദ്ധരുടെ സംഘമാണെന്ന് മുനിസിപ്പാലിറ്റി ലൈറ്റ് വിഭാഗം മേധാവി എൻജിനീയർ ഉമർ ബിൻ അബ്ദുറഹ്മാൻ ബാബകി പറഞ്ഞു. തോട്ടങ്ങളിലും കെട്ടിടങ്ങളിലും 10000 ലധികം ലെഡ് സ്പോട്ട് ലൈറ്റുകളും 9000 സാധാരണ സ്പോട്ട് ലൈറ്റുകളും ഘടിപ്പിച്ചിട്ടുണ്ട്. വിത്യസ്ത രൂപത്തിലുള്ള 200 ലധികം മോഡലുകൾ സ്ഥാപിച്ചിട്ടുണ്ട്. വിവിധ ഭാഗങ്ങളിൽ 25000 മീറ്റർ നീളത്തിൽ ലഡ് സംവിധാനത്തിലുള്ള വിത്യസ്ത നിറങ്ങളിൽ അലങ്കാര ബൾബുകളുടെ തോരണങ്ങൾ ഒരുക്കിയതായും അദ്ദേഹം പറഞ്ഞു. മക്കയിലേക്ക് എത്തുന്നവരുടെ ദൃഷ്ടികൾക്ക് ആനന്ദവും മനസ്സിന് സന്തോഷവും പകരുന്നതോടൊപ്പം മക്കയുടെ വിശുദ്ധിക്ക് അനുയോജ്യമായ വിധത്തിലുള്ള അലങ്കാര പണികളാണ് ഇൗദുൽഫിത്വറിനോടനുബന്ധിച്ച് ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മൂന്നുറോളം തോട്ടങ്ങൾ മക്കയുടെ വിവിധ ഭാഗങ്ങളിലായി ഒരുക്കിയതായി മുനിസിപ്പാലിറ്റി അധികൃതർ പറഞ്ഞു. ഇവിടങ്ങളിൽ 500 ലധികം ഉപകരണങ്ങൾ കുട്ടികൾക്ക് കളിക്കാനൊരുക്കിയിട്ടുണ്ട്.
ത്വാഇഫ് മുനിസിപ്പാലിറ്റി പെരുന്നാൾ ആഘോഷത്തിന് മൂന്ന് സ്ഥലങ്ങളാണ് ഒരുക്കിയിരിക്കുന്നത്. നസീമിലെ കിങ് അബ്ദുല്ല ഉല്ലാസ കേന്ദ്രം, ഹവിയയിലെ ഫൈസലിയ തോട്ടം, റുദഫ് ഉല്ലാസ കേന്ദ്രം എന്നിവിടങ്ങളിൽ പെരുന്നാളിനു ശേഷം മൂന്ന് ദിവസം ആഘോഷം നടക്കും. കുട്ടികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യമാർന്ന കലാവിനോദ മൽസര പരിപാടികളുണ്ടാകും. ആളുകൾ കൂടുതലായെത്തുന്ന സ്ഥലങ്ങളിൽ ശൂചീകരണ ജോലികൾക്ക് കൂടുതൽ തൊഴിലാളികളെ മുനിസിപ്പാലിറ്റി നിയോഗിച്ചിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.