15000 സ്വദേശികള്‍ മൊബൈല്‍ഫോണ്‍ മേഖലയില്‍ ജോലിയില്‍ പ്രവേശിച്ചതായി തൊഴില്‍ മന്ത്രാലയം
text_fieldsജിദ്ദ: 15000 സ്വദേശി യുവതീ യുവാക്കള്‍ മൊബൈല്‍ ഫോണ്‍ വില്‍പന, റിപ്പയറിങ് രംഗത്ത് ജോലിയില്‍ പ്രവേശിച്ചതായി തൊഴില്‍ സാമൂഹ്യ വികസന മന്ത്രാലയം വെളിപ്പെടുത്തി. മൊബൈല്‍ വില്‍പന, റിപ്പയറിങ മേഖല നൂറ് ശതമാനം സ്വദേശിവത്കരിച്ച ശേഷമുള്ള കണക്കാണിത്. സാമൂഹ്യ വികസനവും സ്വദേശിവത്കരണവും ലക്ഷ്യമാക്കി നടപ്പിലാക്കുന്ന ദേശീയ പരിവര്‍ത്തന പദ്ധതി 2020 ന്‍െറ ഭാഗമാണ് ടെലികമ്മ്യൂണിക്കേഷന്‍ മേഖലയിലെ സ്വദേശിവത്കരണം. ഏറ്റവും ഒടുവിലത്തെ കണക്ക് പ്രകാരം മൊബൈല്‍ വില്‍പന, റിപ്പയറിങ് മേഖലയില്‍ 8045 സ്ഥാപനങ്ങള്‍ റജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. സാമൂഹ്യ വികസന ബാങ്ക് ടെലികോം മേഖലയിലെ സ്വദേശിവത്കരണത്തിന് നല്ല സഹായമാണ് നല്‍കിവരുന്നത്. 3268 ചെറുകിട പദ്ധതികള്‍ക്ക് ബാങ്ക് ഇതിനകം സഹായം നല്‍കി. സ്വദേശികള്‍ക്ക് മൊബൈല്‍ വില്‍പന, റിപ്പയറിങ് മേഖലയില്‍ കൂടുതല്‍ തൊഴിലവസരങ്ങളും നിക്ഷേപങ്ങളും ഒരുക്കുന്നതിനാണിത്. തൊഴിലന്വേഷകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമായ പരിശീലനങ്ങളും നല്‍കി വരുന്നുണ്ട്. ‘ദുറൂബ്’ ഈ രംഗത്തെ എടുത്തു പറയേണ്ട സമ്പൂര്‍ണ ദേശീയ പദ്ധതിയാണ്. തൊഴില്‍ രംഗത്ത് യോഗ്യരായവരെ സൃഷ്ടിക്കുകയാണ് പദ്ധതിയിലുടെ ഉദ്ദേശിക്കുന്നത്. ക്രമാനുഗതമായാണ് ടെലികോം മേഖലയില്‍ സ്വദേശിവത്കരണം നടപ്പിലാക്കിയത്. തൊഴില്‍ രംഗത്ത് സ്വദേശികളുടെ അനുപാതം കൂട്ടി തൊഴിലില്ലായ്മ കുറക്കുകയാണ് ഇതിനു പിന്നിലെ പ്രധാന ലക്ഷ്യം. ഭാവിയില്‍ പല മേഖലകളിലും സ്വദേശിവത്കരണം നടപ്പിലാക്കാന്‍ ആലോചിക്കുന്നുണ്ട്. ഇതിനായുള്ള നടപടികള്‍ പുരോഗമിക്കുകയാണ്. മറ്റ് മന്ത്രാലയങ്ങളുമായി സഹകരിച്ചായിരിക്കും ഇത്. അതിന്‍െറ തുടക്കമെന്നോണമാണ് മൊബൈല്‍ മേഖലയിലെ സ്വദേശികവത്കരണമെന്നും തൊഴില്‍ മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.