ചരിത്രത്തിലേക്കൊഴുകുന്ന തെളിനീരുറവകൾ
text_fieldsയാമ്പു: യാമ്പു ടൗണിൽ നിന്ന് അമ്പത് കിലോമീറ്റർ കിഴക്ക് സഞ്ചരിച്ചാൽ പ്രദേശവാസികൾക്ക് അനുഗ്രഹവും ആശ്വാസവുമായി പ്രകൃതി കനിഞ്ഞു നൽകിയ ഒരിടമുണ്ട്. യാമ്പു അൽനഖ്ലിലെ ശുദ്ധമായ സമൃദ്ധ ജലം കിട്ടുന്ന സ്ഥലമാണിത്. മരുഭൂമിയുടെ മുകൾപരപ്പിൽ നിന്ന് പ്രവഹിക്കുന്ന ശക്തമായ ജലധാര കാണാൻ ഇപ്പോൾ സ്വദേശികളുടെയും വിദേശികളുടെയും തിരക്കാണിവിടെ. കാലങ്ങൾക്ക് മുമ്പ് ഇവിടെ ഉണ്ടായിരുന്ന ശക്തമായ ഉറവകൾ വറ്റിയപ്പോൾ ഇവിടുത്തെ ജനവാസവും കുറഞ്ഞതാണെന്ന് പഴമക്കാർ പറയുന്നു. അടുത്തിടെയായി പഴയ ഉറവകളെ ഓർമിപ്പിക്കുമാറുള്ള ശക്തമായ ഒഴുക്ക് അങ്ങിങ്ങായി വീണ്ടും പ്രകടമായതായി സ്വദേശി കർഷകർ സാക്ഷ്യപ്പെടുത്തുന്നു. ഒഴുക്ക് ഉടലെടുക്കുന്ന ഭാഗം ഒരു തടാകമാക്കി സംരക്ഷിച്ചിട്ടുണ്ട്. ഇതിൽ നിന്ന് വെള്ളം തോടുകളിലേക്ക് ഒഴുക്കാനും പ്രത്യേക സംവിധാനമുണ്ട്. പ്രദേശത്തെ കൃഷിക്കായി ഈ ജല സ്രോതസ് ഉപയോഗപ്പെടുത്താൻ വിശാലമായ ചാലുകൾ ചാരുതയോടെ നിർമിച്ചിരിക്കുന്നു. കേരളത്തിലെ പഴയ നെൽപാടങ്ങളിലേക്ക് വെള്ളം തിരിച്ചുവിടാൻ പഴമക്കാർ സ്വീകരിച്ച നീർ ചാലുകളുടെ ഗൃഹാതുര ഓർമകളാണ് മലയാളികൾക്കിത്. ജലം സമൃദ്ധമായി ലഭിക്കാൻ തുടങ്ങിയതോടെ അൽനഖ്ലിൽ കൃഷിയും വർധിച്ചിട്ടുണ്ട്. വറ്റി വരണ്ട നിലയിൽ കാണപ്പെട്ടിരുന്ന ഭൂമി പച്ചവിരിച്ച് മനോഹരമായി നിൽക്കുന്ന കാഴ്ചയാണിപ്പോൾ. യാമ്പു വിെൻറ വിവിധ ഭാഗങ്ങളിലെ ചന്തകളിലും പച്ചക്കറി സൂഖുകളിലും ഇവിടുത്തെ പച്ചക്കറികളുമായി എത്തുന്ന ഗ്രാമീണകർഷകരുടെ സാന്നിധ്യം ഏറെയാണ്. യാമ്പു അൽ നഖ്‌ലിലെ പച്ചക്കറികൾക്കും പഴങ്ങൾക്കും സ്വദേശികൾക്കിടയിൽ ഇപ്പോൾ നല്ല ഡിമാൻറാണ്. നൂറ്റാണ്ടുകൾക്ക് മുമ്പുതന്നെ ചരിത്രത്തിെൻറ താളുകളിൽ യാമ്പു അൽ നഖ്‌ലിലെ ഉറവകൾ ഇടം പിടിച്ചിട്ടുണ്ടെന്ന് യാമ്പു ബനീ തമീം സ്‌കൂൾ അധ്യാപകനും സ്വദേശിയുമായ അബ്ദുല്ല അൽ ഹുർഫി ‘ഗൾഫ് മാധ്യമ’ത്തോട് പറഞ്ഞു. ഇവിടത്തെ പ്രസിദ്ധമായ 25 ഉറവകൾ ചരിത്ര ഗ്രന്ഥങ്ങളിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇതിൽ ഏറെ പ്രസിദ്ധമാണ് ഐൻ അലി, ഐൻ ഹസ്സൻ, ഐൻ ഹുസ്സൈൻ, ഐൻ അൽ ബറകാത്ത് എന്നിവ. ഇവിടുത്തെ ഈന്തപ്പന തോട്ടങ്ങളുടെ നാഡിഞരമ്പുകളായിരുന്ന നീരുറവകളാണ് യാമ്പുവിന് ജലധാര എന്ന അർഥം ലഭിക്കുന്ന പേര് ലഭിക്കാൻ തന്നെ കാരണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.