2024 ഒട്ടക വർഷാചരണം; സജീവമായി സാംസ്കാരിക പരിപാടികൾ
text_fieldsയാംബു: ഈ വർഷം ‘ഒട്ടകങ്ങളുടെ വർഷ’മായി ആചരിക്കുമെന്ന് സൗദി സാംസ്കാരിക മന്ത്രാലയം പ്രഖ്യാപിച്ചതിനെതുടർന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സജീവമായി സാംസ്കാരിക പൈതൃക പരിപാടികൾ. അറബികളും ഒട്ടകങ്ങളും തമ്മിലുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്.
മരുഭൂമിയിലെ അറബികളുടെ അതിജീവനത്തിന് ഒട്ടകങ്ങളുടെ പങ്ക് നിർണായകമായിരുന്നു. 2024നെ ഒട്ടകവർഷമായി പ്രഖ്യാപിച്ചതിന്റെ ആവേശം പ്രതിധ്വനിക്കുന്ന വിവിധ പരിപാടികളാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലും മറ്റും നടന്നുവരുന്നത്.
ജിദ്ദയിലെ ബട്ടർജി മെഡിക്കൽ കോളജിലെ മൾട്ടി കൾച്ചറൽ ക്ലബ്ബ് 'ഒട്ടകങ്ങളുടെ ഭംഗി' എന്ന ശീർഷകത്തിൽ കഴിഞ്ഞ ദിവസം വിവിധ പരിപാടികൾ നടത്തിയത് ശ്രദ്ധേയമായി.
സൗദി അറേബ്യയിലെ ഒട്ടകങ്ങളുടെ സാംസ്കാരികവും ചരിത്രപരവുമായ പ്രാധാന്യം പര്യവേക്ഷണം ചെയ്യുന്നതിനും ആഘോഷിക്കുന്നതിനുമായി സമർപ്പിക്കപ്പെട്ടതായിരുന്നു ആയിഷ ജമാൽ, അബ്ദുറഹ്മാൻ അൽ ഹുസൈൻ എന്നിവരുടെ നേതൃത്വത്തിൽ ജിദ്ദയിൽ നടന്ന അതുല്യമായ പരിപാടി.
അറബിക് കവിതകളിലെ ഒട്ടക പരാമർശം, ഖുർആനിലും പ്രവാചക വചനങ്ങളിലും പരാമർശിച്ച ഒട്ടകങ്ങൾ, വൈദ്യശാസ്ത്രമേഖലയിൽ ഒട്ടകവുമായി ബന്ധപ്പെട്ട കാര്യങ്ങൾ, സൗദി ചരിത്രത്തിലെ ഒട്ടകസാന്നിധ്യം തുടങ്ങിയ വിഷയങ്ങളിൽ ഗവേഷണ പ്രഭാഷണങ്ങളും ആവിഷ്കാരങ്ങളും അരങ്ങേറി.
ഡോ. ഹസ്സൻ സർസക്കിന്റെ നേതൃത്വത്തിൽ കോളജിലെ ‘ഒക്യുപേഷണൽ തെറാപ്പി പ്രോഗ്രാ’മുമായി സഹകരിച്ചുള്ള പ്രതിഭകളായ വിദ്യാർഥികളുടെ വിവിധ പരിപാടികളും ആഘോഷത്തിന് മാറ്റുകൂട്ടി. കിങ് അബ്ദുൽ അസീസ് യൂനിവേഴ്സിറ്റിയിലെ സോളോ അൽസെറെഹിയും എഴുത്തുകാരനും കവിയുമായ അമൽ ഷുക്കറും ഉൾപ്പെടെ വിശിഷ്ടാതിഥികൾ പരിപാടിയിൽ പങ്കെടുത്തു. ബാറ്റർജി മെഡിക്കൽ കോളജിലെ ഡോ. അദേൽ അൽഗാംദി തെൻറ കവിതകൾ പരിപാടിയിൽ അവതരിപ്പിച്ചു.
സരിയ ഖാൻ, ഹുസ്ന ഇർഫാൻ, ഷൈമ ഹൈദർ, ആയിഷ ഹാനിൻ, ദനാ അബൗ, ലീൻ കാസെം, സാദിയ സുൽത്താൻ, റാനിയ ഹബീബുല്ല, ജൂഡി മഷ്തൂബ് എന്നിവരാണ് പരിപാടിക്ക് നേതൃത്വം നൽകിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.