2024 ഒട്ടകവർഷാചരണം; ഒട്ടക മഹത്വം ഉയർത്തിക്കാട്ടി സൗദി ഫാഷൻ കമീഷൻ
text_fieldsയാംബു: ഈ വർഷം ‘ഒട്ടകങ്ങളുടെ വർഷ’മായി ആചരിക്കാൻ സൗദി സാംസ്കാരിക മന്ത്രാലയം നേരത്തേ തീരുമാനിച്ചതിന്റെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിൽ സാംസ്കാരിക പൈതൃക പരിപാടികളും ഒട്ടകങ്ങളുടെ മഹത്വം ഉയർത്തിക്കാട്ടിയുള്ള കാമ്പയിനും സജീവമാകുന്നു.
2024നെ ഒട്ടകവർഷമായി പ്രഖ്യാപിച്ചതിന്റെ ആവേശം പ്രതിധ്വനിക്കുന്ന വിവിധ പരിപാടികളാണ് സാംസ്കാരിക മന്ത്രാലയത്തിന്റെ കീഴിലും മന്ത്രാലയത്തിന് കീഴിലുള്ള ഫാഷൻ കമീഷന്റെ നേതൃത്വത്തിലും മറ്റും നടക്കുന്നത്.
സൗദിയിലെ ഒട്ടക വിശേഷവും ഒട്ടകയുൽപന്നങ്ങളിലൂടെ സാംസ്കാരിക മേഖലയിലുള്ള സ്ഥിതിവിവരക്കണക്കുകളും ഫാഷൻ കമീഷൻ കഴിഞ്ഞദിവസം പുറത്തുവിട്ടു.
ഒട്ടകങ്ങളുടെ എണ്ണത്തിന്റെ കാര്യത്തിൽ ആഗോളതലത്തിൽ സൗദി അഞ്ചാം സ്ഥാനത്താണ്. 20 ലക്ഷത്തിലധികം വിവിധയിനങ്ങളിൽപെട്ട ഒട്ടകങ്ങൾ നിലവിൽ സൗദിയിലുള്ളതായി കണക്കാക്കുന്നതായി മന്ത്രാലയം ചൂണ്ടിക്കാട്ടി. സമകാലിക സമൂഹത്തിൽ ഒട്ടകയുൽപന്നങ്ങളുടെ മൂല്യം സൗദി ഫാഷൻ കമീഷൻ ഉയർത്തിക്കാട്ടി.
സമകാലിക ഫാഷൻ രംഗത്ത് ഒട്ടകം വഴി സാധ്യമാകുന്ന നേട്ടങ്ങളും അനുബന്ധ ഉൽപന്നങ്ങളുടെ മേന്മയും ആഗോളതലത്തിൽ സ്വീകാര്യത വന്നതായി കമീഷൻ വിലയിരുത്തുന്നു. ലോകത്താകെയുള്ള 4.2 കോടി ഒട്ടകങ്ങളിൽ അറേബ്യൻ ഇനങ്ങൾ 94 ശതമാനമാണെന്ന് മന്ത്രാലയം വ്യക്തമാക്കി. ഒട്ടകത്തുകൽ വഴി സൗദി സമ്പദ് മേഖലയിൽ പ്രതിവർഷം 9.87 കോടി ഡോളർ വരെ വരുമാനം ലഭിക്കുന്നതായി റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി.
അറബികളും ഒട്ടകങ്ങളും തമ്മിലുള്ള ബന്ധത്തിന് സഹസ്രാബ്ദങ്ങളുടെ പഴക്കമുണ്ട്. മരുഭൂമിയിലെ അറേബ്യൻ ഉപജീവനത്തിന് ഒട്ടകങ്ങളുടെ പങ്ക് നിർണായകമായിരുന്നു. രാജ്യത്തിന്റെ ജീവഘടകമായ ഒട്ടകത്തിന് ഏറ്റവും വലിയ പരിഗണനയാണ് അറബ് ഭരണകൂടങ്ങൾ നൽകുന്നത്. അറബ് സംസ്കാരത്തിൽ ഒട്ടകത്തിനുള്ള പങ്ക് ഒഴിച്ചുനിർത്താൻ കഴിയില്ലാത്തതിനാൽ സ്വദേശികളും സൗദി ഭരണകൂടവുമൊക്കെ വലിയ സ്ഥാനമാണ് അതിന് നൽകുന്നത്.
സമ്പന്നരായ സ്വദേശികൾ ആഡംബരത്തിനായി ഒട്ടകങ്ങൾ വളർത്തുമ്പോൾ ഗോത്രവിഭാഗങ്ങളും സാധാരണക്കാരായ ആളുകളും ജീവിതമാർഗമായാണ് കാണുന്നത്.
ഐക്യരാഷ്ട്രസഭക്ക് കീഴിലുള്ള ഫുഡ് ആൻഡ് അഗ്രികൾചർ ഓർഗനൈസേഷന്റെ കണക്ക് പ്രകാരം അറേബ്യൻ ഉപഭൂഖണ്ഡത്തിൽ 16 ലക്ഷത്തിലേറെ ഒട്ടകങ്ങളുണ്ടെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇതിൽ 53 ശതമാനവും സൗദിയിലാണുള്ളത്. രാജ്യത്തെ കൃഷി മന്ത്രാലയത്തിന്റെ കണക്കനുസരിച്ച് 14 ലക്ഷം ഒട്ടകങ്ങൾ ഉണ്ടെന്നാണ് റിപ്പോർട്ട്.
2015-ലാണ് സൗദിയിൽ അവസാനമായി ഒട്ടകങ്ങളുടെ സമ്പൂർണ കണക്കെടുപ്പ് നടന്നത്. അതിനുശേഷം ഒട്ടകങ്ങളുടെ എണ്ണത്തിൽ വർഷംതോറും അഞ്ചു ശതമാനം വർധന ഉണ്ടാകുന്നതായാണ് കൃഷി മന്ത്രാലയം വ്യക്തമാക്കുന്നത്. അൽ ജൗഫ്, അസീർ, തബൂക്, റിയാദ്, അൽ ഖസീം, ഹാഇൽ, ജിസാൻ, അൽ ബാഹ, മദീന എന്നീ പ്രദേശങ്ങളിലാണ് ഒട്ടകങ്ങൾ ധാരാളമായി കാണുന്നത്. അറേബ്യൻ മണ്ണിൽ ധാരാളം ഒട്ടക വളർത്തുകേന്ദ്രങ്ങൾ തന്നെ കാണാം.
ഒട്ടകത്തിന്റെ ജനനം മുതൽ വിവിധ ഘട്ടങ്ങളിലെ പരിപാലനത്തിന് പ്രത്യേകം സൗകര്യങ്ങൾ ഇവിടങ്ങളിലുണ്ട്. പ്രധാനമായും 12 ഇനങ്ങളിലുള്ള ഒട്ടകങ്ങളാണ് സൗദിയിൽ കാണാൻ കഴിയുന്നത്. ഒട്ടേറെ സവിശേഷതകളുള്ള ഒട്ടകത്തെ അറേബ്യൻ ജനതയുടെ സാംസ്കാരിക പ്രതീകമെന്ന നിലയിൽ അടയാളപ്പെടുത്തലും പൂർവികരുടെ ജീവിതത്തിൽ ഒട്ടകത്തിനുള്ള പ്രാധാന്യം പുതുതലമുറക്ക് പകുത്ത് നൽകാനുമാണ് ഈ വർഷം വിപുലമായ പരിപാടികളുമായി ഒട്ടകവർഷം കൊണ്ടാടുന്നത്.
അറേബ്യൻ സംസ്കാരത്തിന്റെ ശേഷിപ്പുകൾ അതിന്റെ പഴമയും പ്രാധാന്യവും ഒട്ടും ചോർന്നുപോകാതെ വരും തലമുറക്ക് കാത്തുസൂക്ഷിക്കുന്ന ഒരു ജനതയുടെ ആത്മാർപ്പണം ഒട്ടകവർഷാചരണത്തിന്റെ ഭാഗമായി സംഘടിപ്പിച്ചുവരുന്ന സാംസ്കാരിക പരിപാടികളിൽ കാണാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.