2027 സൗദി ഏഷ്യൻ കപ്പ് തീയതി പ്രഖ്യാപിച്ചു
text_fieldsറിയാദ്: സൗദി അറേബ്യ ആതിഥേയത്വം വഹിക്കുന്ന 2027ലെ 19ാമത് ഏഷ്യൻ കപ്പ് ഫുട്ബാൾ ടൂർണമെന്റിന്റെ തീയതി പ്രഖ്യാപിച്ചു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷനും സൗദി സംഘാടക സമിതിയും ചേർന്നാണ് പ്രഖ്യാപനം നടത്തിയത്. 2027 ജനുവരി ഏഴ് മുതൽ ഫെബ്രുവരി അഞ്ച് വരെ റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നിവിടങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളിലായി മത്സരങ്ങൾ നടക്കും.
ജനുവരി ഏഴിനാണ് ഉദ്ഘാടന മത്സരം. ഫൈനൽ ഫെബ്രുവരി അഞ്ചിനും. റിയാദ്, ജിദ്ദ, അൽ ഖോബാർ എന്നിവിടങ്ങളിലെ എട്ട് സ്റ്റേഡിയങ്ങളിൽ ടൂർണമെന്റ് നടത്താനാണ് ഏഷ്യൻ കോൺഫെഡറേഷൻ അംഗീകാരം നൽകിയിരിക്കുന്നത്.
റിയാദിലെ കിങ് ഫഹദ് സ്പോർട്സ് സിറ്റി സ്റ്റേഡിയം, 2023 ക്ലബ് ലോകകപ്പിന്റെ ഉദ്ഘാടനത്തിനും ഫൈനലിനും വേദിയായ ജിദ്ദയിലെ കിങ് അബ്ദുല്ല സ്പോർട്സ് സിറ്റി സ്റ്റേഡിയം (അൽ ജൗഹറ), അൽ ഖോബാറിലെ പുതുതായി നിർമിക്കുന്ന അരാംകോ സ്റ്റേഡിയം എന്നീ പ്രധാന സ്റ്റേഡിയങ്ങൾ കൂടാതെ ഇമാം മുഹമ്മദ് ബിൻ സഊദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം, കിങ് സഉൗദ് യൂനിവേഴ്സിറ്റി സ്റ്റേഡിയം, അൽശബാബ് ക്ലബ് സ്റ്റേഡിയം, റിയാദ് കിങ്ഡം അരീന സ്റ്റേഡിയം എന്നിവിടങ്ങളിലുമാണ് മത്സരങ്ങൾ.
ഏഷ്യൻ ഭൂഖണ്ഡത്തിന്റെ അഭിലാഷങ്ങൾക്കൊത്ത് ടൂർണമെന്റിന്റെ അസാധാരണമായ ഒരു പതിപ്പ് സംഘടിപ്പിക്കുന്നത് ഉറപ്പാക്കാൻ പ്രാദേശിക സംഘാടകസമിതി പ്രവർത്തിക്കുന്നുവെന്ന് സൗദി ഫുട്ബാൾ ഫെഡറേഷൻ ഡയറക്ടർ ബോർഡ് ചെയർമാൻ യാസർ അൽ മിസ്ഹൽ പറഞ്ഞു. ഭരണാധികാരികളുടെ ഉദാരമായ പിന്തുണക്ക് പുറമെ കായിക മന്ത്രി അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി ബിൻ ഫൈസലിന്റെ തുടർച്ചയായ പിന്തുണയും ഇതിനുണ്ട്.
ഇതെല്ലാമാണ് സൗദി ഫുട്ബാൾ ഫെഡറേഷനെ ആഗോള തലത്തിൽതന്നെ ശ്രദ്ധേയമാക്കാൻ പ്രാപ്തമാക്കിയതെന്നും അൽ മിസ്ഹൽ പറഞ്ഞു. ഏഷ്യൻ ഫുട്ബാൾ കോൺഫെഡറേഷൻ പ്രസിഡന്റ് ശൈഖ് സൽമാൻ ബിൻ ഇബ്രാഹിം ആലു ഖലീഫക്കും കോണ്ടിനെന്റൽ കോൺഫെഡറേഷനിലെ എല്ലാ ജീവനക്കാർക്കും പിന്തുണയും സഹകരണവും നൽകിയതിന് അൽ മിസ്ഹൽ നന്ദി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.