അബ്ഹ നാടുകടത്തൽ കേന്ദ്രത്തിൽ 21 ഇന്ത്യാക്കാർ; 15 പേർക്ക് ഔട്ട്പാസിനുള്ള നടപടി തുടങ്ങി
text_fieldsഅബ്ഹ: അബ്ഹയിലെ നാടുകടത്തൽ കേന്ദ്രത്തിൽ കഴിയുന്ന 21 ഇന്ത്യാക്കാരിൽ 15 പേർക്ക് നാട്ടിലേക്കുള്ള വഴി തെളിഞ്ഞു. ജിദ്ദയിലെ ഇന്ത്യൻ കൗൺസുലേറ്റ് പ്രതിനിധിയും സാമൂഹികപ്രവർത്തകരും കേന്ദ്രം സന്ദർശിച്ച് ഇവരെ നാട്ടിൽ അയക്കുന്നതിനുള്ള നടപടി ആരംഭിച്ചു. നാട്ടിൽ പോകുന്നതിന്ന് ആവശ്യമായ രേഖകൾ സ്വീകരിച്ച് എമർജൻസി പാസ്‌പോർട്ട് നൽകുന്നതിനുള്ള നടപടിയാണ് തുടങ്ങിയത്.
കോൺസുലേറ്റ് പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ ഹർഷ വർധനോടൊപ്പം സാമൂഹിക പ്രവർത്തകരും കോൺസുലേറ്റ് കമ്യൂണിറ്റി വിഭാഗം കമ്മിറ്റി അംഗങ്ങളുമായ അഷ്‌റഫ് കുറ്റിച്ചൽ, ബിജു കെ. നായർ, ഒ.ഐ.സി.സി ഖമീസ് ടൗൺ പ്രസിഡൻറ് റോയി മുത്തേടം എന്നിവരാണ് കേന്ദ്രത്തിൽ എത്തിയത്. മതിയായ രേഖകളില്ലാതെ ഒരു കെട്ടിടത്തിന് താഴെ കഴിഞ്ഞിരുന്ന തമിഴ്നാട് സ്വദേശികളെ നേരിൽ കാണുകയും അവരെ നാട്ടിൽ കയറ്റി അയക്കുന്നതിന് ആവശ്യമായ നടപടികൾക്ക് തുടക്കമിടുകയും ചെയ്തു. ഖമീസിലെ വിവിധ സംഘടനാ പ്രവർത്തകരും സാമൂഹിക പ്രവർത്തകരും ഇടപെട്ട് സമയബന്ധിതമായി ഇത്തരം സാഹചര്യങ്ങളിൽ കഴിയുന്നവരെ നാട്ടിൽ കയറ്റിവിടണമെന്ന് കോൺസുലേറ്റ് പാസ്‌പോർട്ട് വിഭാഗം ഉദ്യോഗസ്ഥൻ ഹർഷ വർധൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.