നിയോമിൽ 2,100 കോടി റിയാലിന്റെ ഭവനനിർമാണ പദ്ധതി വരുന്നു
text_fieldsജിദ്ദ: നിയോമിൽ 21 ശതകോടി റിയാലിന്റെ ഭവന നിർമാണ പദ്ധതി കരാറിൽ ഒപ്പുവെച്ചു. നിയോമിലെ താമസ സൗകര്യങ്ങൾ വിപുലീകരിക്കുന്നതിനുള്ള പദ്ധതികളുടെ ഭാഗമായാണ് നിക്ഷേപകരുമായി കരാർ ഒപ്പുവെച്ചത്. 21 ശതകോടി റിയാലിലധികം വരുന്ന കരാർ തുക ഭവന നിർമാണ മേഖലയിൽ പൊതു-സ്വകാര്യ മേഖലകൾ തമ്മിലുള്ള അന്താരാഷ്ട്ര പങ്കാളിത്തമായാണ് കണക്കാക്കപ്പെടുന്നത്. കരാറുകളിൽ 95,000 തൊഴിലാളികളെ ഉൾക്കൊള്ളുന്ന പത്ത് പാർപ്പിട സമുച്ചയങ്ങളുടെ നിർമാണവും ഉൾപ്പെടും.
താമസ പദ്ധതി വിപുലീകരണത്തിന്റെ ആദ്യ ഘട്ടത്തിനായി നിക്ഷേപകരുമായുള്ള കരാർ പൂർത്തിയാക്കിയതായി നിയോം അധികൃതർ പറഞ്ഞു. ഇതൊരു സാമൂഹിക അടിസ്ഥാന സൗകര്യ പദ്ധതിയാണ്. നിയോമിലെ തൊഴിലാളികളെ ഉൾക്കൊള്ളാൻ ഇത് ലക്ഷ്യമിടുന്നു. വിവിധ നിയോം പ്രോജക്ടുകളിൽ ജോലി ചെയ്യുന്ന 95,000 താമസക്കാർക്ക് താമസിക്കാൻ കഴിയുന്ന പത്ത് പാർപ്പിട സമുച്ചയങ്ങളുടെ നിർമാണം കരാറിൽ ഉൾപ്പെടുന്നു.
മറ്റ് ജോലികൾക്കായി വീണ്ടും ഉപയോഗിക്കാവുന്ന മോഡുലാർ യൂനിറ്റുകളായാണ് ഭവന സമുച്ചയങ്ങൾ നിർമിക്കുക. പുതിയ സമുച്ചയങ്ങൾ നിരവധി വിനോദ സൗകര്യങ്ങൾക്ക് പുറമെ ക്ലിനിക്കുകൾ, ഫയർ സ്റ്റേഷനുകൾ തുടങ്ങിയ വിവിധ അടിസ്ഥാന സേവനങ്ങൾ നൽകുമെന്നും നിയോം അധികൃതർ സൂചിപ്പിച്ചു. ആദ്യഘട്ട കരാറുകൾക്കായി വിജയിച്ച കമ്പനികളുടെ പട്ടികയിൽ രാജ്യത്തെ പ്രമുഖ ദേശീയ കമ്പനികളുണ്ട്.
തൊഴിലാളികൾക്കായുള്ള താൽക്കാലിക ഭവന സമുച്ചയങ്ങൾ നിയോമിന്റെ ലക്ഷ്യങ്ങൾ കൈവരിക്കുന്നതിലും അതിന്റെ പദ്ധതികൾ പ്രഖ്യാപിച്ച കാലയളവിൽ പൂർത്തീകരിക്കുന്നതിലും ഒരു പ്രധാന ചുവടുവെപ്പാണ്. ദി ലൈൻ, ട്രോജെന, ഓക്സഗൺ, സിന്ദാല ദ്വീപ് തുടങ്ങിയ പ്രധാന പദ്ധതികളും അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കുന്ന പദ്ധതികളും ഇപ്പോൾ നിയോം സാക്ഷ്യം വഹിക്കുന്ന പദ്ധതികളാണെന്നും നിയോം അധികൃതർ പറഞ്ഞു.
താൽക്കാലിക ഭവന സമുച്ചയങ്ങളുടെ വികസനത്തിലും പ്രവർത്തനത്തിലും പങ്കാളിയാകാൻ സൗദി അറേബ്യയിലെ നിരവധി കമ്പനികളെ തിരഞ്ഞെടുത്തതായി കമ്പനി സി.ഇ.ഒ നള്മി അൽനസ്ർ പറഞ്ഞു. സേവനങ്ങളുടെയും അടിസ്ഥാന സൗകര്യങ്ങളുടെയും കാര്യത്തിൽ പുതിയ അന്താരാഷ്ട്ര മാനദണ്ഡമനുസരിച്ചാണ് കമ്പനികളെ തിരഞ്ഞെടുത്തത്. ഈ പുതിയ പങ്കാളിത്തങ്ങൾ നിയോം പ്രക്രിയയിലെ ഒരു പ്രധാന നാഴികക്കല്ലാണ്. ഞങ്ങളുടെ ടീമിന്റെയും സാമ്പത്തിക പങ്കാളികളുടെയും കഴിവുകളുടെ തെളിവുമാണ്. താത്കാലിക ഭവന സമുച്ചയ പദ്ധതിയുടെ രണ്ടാം ഘട്ടത്തിന് വരുംമാസങ്ങളിൽ ടെൻഡർ വിളിക്കാനാകുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും അൽനസ്ർ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.