22 വർഷം കാത്തിരുന്നു; മകനെ കണ്ട് നാലാം നാൾ ഉമ്മ യാത്രയായി
text_fieldsറിയാദ്: നൊന്തുപെറ്റ മകനെ കാണാൻ രണ്ടു പതിറ്റാണ്ടിലേറെ കാത്തിരുന്ന ആ ഉമ്മ ഒടുവിൽ തന്റെ ചാരത്തണഞ്ഞ മകനെ കൺകുളിർക്കെ കണ്ട് നാലാം നാൾ ലോകത്തോട് വിടപറഞ്ഞു. പാലക്കാട് പട്ടാമ്പി വല്ലപ്പുഴ സ്വദേശി ഫാത്തിമ (81) യാണ് വ്യാഴാഴ്ച വൈകീട്ട് മരിച്ചത്. സൗദി അറേബ്യയിലേക്ക് ജോലിതേടി പോയശേഷം ജീവിച്ചിരിപ്പുണ്ടോ മരിച്ചോ എന്നറിയാത്ത മകൻ ശരീഫിനുവേണ്ടിയുള്ള കണ്ണീരുറഞ്ഞ അവരുടെ കാത്തിരിപ്പിന് അറുതി വന്നത് നാലുദിവസം മുമ്പായിരുന്നു. സാമൂഹികപ്രവർത്തകരുടെ ശ്രമഫലമായാണ് ശരീഫിന് നാട്ടിലെത്താനായത്.
22 വർഷം മുമ്പ് സൗദിയിലെ ഹാഇലിൽ ജോലിക്കെത്തിയ മകനെ തേടിയുള്ള ഫാത്തിമ ഉമ്മയുടെ കാത്തിരിപ്പും ശരീഫിന്റെ നാട്ടിലേക്കുള്ള യാത്രയും 'ഗൾഫ് മാധ്യമം' വാർത്തയാക്കിയിരുന്നു.
ശരീഫിന്റെ പ്രവാസം സിനിമാകഥകളെ വെല്ലുന്നതാണ്. ഹാഇലിലെ മുഖക്ക് എന്ന പട്ടണത്തിലാണ് ശരീഫ് എത്തിച്ചേർന്നത്. ആടിനെ മേയ്ക്കലും കൃഷിസ്ഥലം നനക്കലുമായിരുന്നു ആദ്യം ജോലി. പിന്നീട് ടാക്സി ഓടിക്കലും വർക്ക്ഷോപ് നടത്തലുമൊക്കെയായി.
ജീവിതം പച്ചപിടിച്ചപ്പോൾ മലയാളികൾ ഉൾപ്പെടെ അനേകം സുഹൃത്തുക്കളുണ്ടായി. പലരും പണം കടം വാങ്ങി. ആരും തിരിച്ചുകൊടുത്തില്ല. ഇതിനിടയിൽ ഇഖാമ നഷ്ടപ്പെട്ടു. സ്പോൺസർ ശരീഫിനെ ഒളിച്ചോടിയെന്ന കേസിൽപെടുത്തി 'ഹുറൂബാ'ക്കി. ഇതിനിടയിൽ നാട്ടിലേക്ക് പോകാൻ ശ്രമിച്ചപ്പോഴാണ് സ്പോൺസറിൽനിന്നും പാസ്പോർട്ട് നഷ്ടപ്പെട്ട കാര്യം അറിയുന്നത്. ഇത് ശരീഫിനെ മാനസികമായി തളർത്തി. താമസരേഖ ഇല്ലാത്ത ശരീഫ് അതോടെ വലിയ നിയമക്കുരുക്കിലായി. നാട്ടിൽ പോകാനുള്ള ശ്രമങ്ങളെല്ലാം പരാജയപ്പെട്ടു.
ശരീഫിനെ നാട്ടിലെത്തിക്കാൻ സഹായംതേടി കെ.എം.സി.സി ഭാരവാഹി അഷ്റഫ് അഞ്ചരകണ്ടി ഹാഇലിലെ ഒ.ഐ.സി.സി പ്രവർത്തകൻ ചാൻസ അബ്ദുറഹ്മാനെ സമീപിക്കുകയായിരുന്നു. എട്ടുമാസം നീണ്ട പ്രയത്നത്തിന് ഒടുവിലാണ് എല്ലാ നിയമതടസ്സങ്ങളും ഒഴിവാക്കി നാടണയാൻ വഴിതെളിഞ്ഞത്. ഇന്ത്യൻ എംബസിയും നാട്ടിലെ കുടുംബങ്ങളുമായി ചാൻസ അബ്ദുറഹ്മാൻ നിരന്തരം ഇടപെട്ട് രേഖകളെല്ലാം ശരിയാക്കി നാട്ടിലെത്താൻ വഴിയൊരുക്കുകയായിരുന്നു. സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാടിന്റെ പ്രവർത്തനങ്ങളും തുണയായി. മകൻ ഒരിക്കലും തിരിച്ചുവരില്ലെന്നു കരുതിയ ഉമ്മ ഫാത്തിമയുടെയും പ്രിയതമനെ കാത്തിരുന്ന ഭാര്യ റംല ബീഗത്തിന്റെയും, ഉപ്പയെ കാണാൻ കൊതിച്ചിരുന്ന മകളുടെയും അടുത്തേക്കാണ് ഒടുവിൽ ശരീഫ് എത്തിയത്.
നാലുദിവസം മുമ്പ് ഉമ്മയുടെ അരികിലെത്തി. ഒരുപാട് യാതനകളും വേദനകളും പ്രവാസത്തിൽ അനുഭവിച്ച ശരീഫ് വീട്ടിലെത്തി പൊന്നുമ്മയെ കണ്ടു. ഉമ്മായെന്നു നീട്ടിവിളിച്ചു. രോഗശയ്യയിൽ കിടന്ന ആ ഉമ്മ തന്റെ ഏക മകന്റെ സ്വരം തിരിച്ചറിഞ്ഞു.
ആ മാതൃഹൃദയത്തിന്റെ കണ്ണുകൾ സന്തോഷത്താൽ നിറഞ്ഞൊഴുകി. കഴിഞ്ഞ മൂന്നുനാലു ദിവസങ്ങൾ ആ ഉമ്മയും മകനും ഒന്നിച്ച് കഴിഞ്ഞു. 22 വർഷമുറഞ്ഞ കണ്ണീരലിഞ്ഞു.
ആ നീണ്ട കാത്തിരിപ്പ് എന്നെങ്കിലും തന്റെ മകൻ തിരിച്ചുവരുമെന്ന ഉമ്മയുടെ പ്രാർഥനാപൂർണമായ പ്രതീക്ഷയായിരുന്നു. ഒടുവിൽ മകനെ കൺകുളിർക്കെ കണ്ടു വ്യാഴാഴ്ച വൈകീട്ട് അവർ ലോകത്തോട് വിടപറയുകയായിരുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.