നോര്‍ക്ക റൂട്ട്സ് വഴി 23 നഴ്സുമാര്‍ സൗദിയിലേക്ക്
text_fieldsറിയാദ്: സൗദി ആരോഗ്യമന്ത്രാലയത്തിന് കീഴിലുള്ള വിവിധ ആശുപത്രികളിലെ സ്റ്റാഫ് നഴ്സ് / രജിസ്റ്റേര്‍ഡ് നഴ്സ് ഒഴിവുകളിലേക്ക് മേയ് 29 മുതല്‍ ജൂണ്‍ മൂന്നുവരെ കൊച്ചിയില്‍ നടന്ന അഭിമുഖത്തില്‍ നോര്‍ക്ക റൂട്ട്സ് മുഖേന 23 പേര് തിരഞ്ഞെടുക്കപ്പെട്ടതായി വാർത്താക്കുറിപ്പിൽ അറിയിച്ചു. ബാക്കിയുള്ള നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി 90 ദിവസത്തിനകം ഇവര്‍ സൗദി അറേബ്യയില്‍ ജോലിയില്‍ പ്രവേശിക്കുന്നതിനുള്ള നടപടികള്‍ നോര്‍ക്ക റൂട്ട്സ് ആരംഭിച്ചു. വരുന്ന മാസങ്ങളില്‍ കൊച്ചി, ബംഗളൂരു, ഹൈദരാബാദ് എന്നിവിടങ്ങളില്‍ സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ നോര്‍ക്ക റൂട്ട്സ് വഴി പങ്കെടുക്കാന്‍ ഇപ്പോള്‍ അപേക്ഷിക്കാവുന്നതാണ്. ബി.എസ്.സി / പോസ്റ്റ് ബി.എസ്.സി നഴ്സിങ്ങും കുറഞ്ഞത് രണ്ടു വര്‍ഷത്തെ പ്രവൃത്തിപരിചയവുമുള്ള വനിത നഴ്സുമാര്‍ക്കാണ് അവസരം.
സൗദി ആരോഗ്യമന്ത്രാലയം നടത്തുന്ന അഭിമുഖങ്ങളില്‍ പങ്കെടുക്കുന്നതിന് അനുമതിയുള്ള 33 ഏജന്‍സികളില്‍ ഉള്‍പ്പെട്ടിട്ടുള്ള ആകെയുള്ള മൂന്ന് സര്‍ക്കാര്‍ ഏജന്‍സികളില്‍ ഒന്നാണ് നോര്‍ക്ക റൂട്ട്സ്. സുതാര്യമായും നിയമപരമായും ഏറ്റവും കുറഞ്ഞ സമയത്തിനുള്ളില്‍ റിക്രൂട്ട്മെന്റ് നടപടികള്‍ പൂര്‍ത്തിയാക്കുന്നു എന്നതാണ് നോര്‍ക്ക റൂട്ട്സിന്റെ പ്രത്യേകത. കേന്ദ്രസര്‍ക്കാര്‍ നിശ്ചയിച്ചിട്ടുള്ള 30,000 രൂപ മാത്രമാണ് സർവിസ് ചാര്‍ജായി ഈടാക്കുന്നത്. നോര്‍ക്ക റൂട്ട്സ് വഴി ഇന്റര്‍വ്യൂവില്‍ പങ്കെടുക്കാന്‍ ഉദ്ദേശിക്കുന്നവര്‍ rmt3.norka@kerala.gov.in എന്ന ഇ-മെയില്‍ വിലാസത്തില്‍ അവരുടെ ബയോഡേറ്റ, ആധാര്‍, എക്സ്പീരിയന്‍സ് സര്‍ട്ടിഫിക്കറ്റ്, സ്റ്റില്‍ വര്‍ക്കിങ് സര്‍ട്ടിഫിക്കറ്റ്, ഡിഗ്രി സര്‍ട്ടിഫിക്കറ്റ് ഫോട്ടോ (ജെ.പി.ജി ഫോര്‍മാറ്റ്, വൈറ്റ് ബാക്ക്ഗ്രൗണ്ട്) അയച്ച് രജിസ്റ്റര്‍ ചെയ്യാവുന്നതാണ്.
അപേക്ഷകര്‍ അഭിമുഖത്തില്‍ പങ്കെടുക്കാന്‍ താൽപര്യപ്പെടുന്ന സ്ഥലം കൂടി മെയിലില്‍ പരാമര്‍ശിക്കേണ്ടതാണ്. കൊച്ചിന്, ബംഗളൂരു, ഹൈദരാബാദ്, ന്യൂഡല്‍ഹി എന്നിവയില്‍ സൗകര്യപ്രദമായത് തിരഞ്ഞെടുക്കാവുന്നതാണ്. അപേക്ഷ സമര്‍പ്പിക്കുന്ന എല്ലാ ഉദ്യോഗാര്‍ഥികളെയും നോര്‍ക്ക റൂട്ട്സില്‍നിന്നും ഇ-മെയില്‍ / ഫോണ്‍ മുഖേന ബന്ധപ്പെടുന്നതായിരിക്കും. കൂടുതല്‍ ഒഴിവുകള്‍ സൗദിയില്‍ വരുംവര്‍ഷങ്ങളില്‍ പ്രതീക്ഷിക്കുന്നുണ്ട്. സംശയനിവാരണത്തിന് നോര്‍ക്ക റൂട്ട്സിന്റെ ടോള്‍ ഫ്രീ നമ്പർ 18004253939 ൽ ഇന്ത്യയില്‍നിന്നും +91 8802 012345 വിദേശത്തുനിന്നും (മിസ്ഡ് കോള്‍ സൗകര്യം) ബന്ധപ്പെടാവുന്നതാണ്. www.norkaroots.org എന്ന വെബ്സൈറ്റിലും വിശദാംശം ലഭിക്കും. നോര്‍ക്ക റൂട്ട്സിന് മറ്റു സബ് ഏജന്റുമാര്‍ ഇല്ല. അത്തരത്തില്‍ ആരെങ്കിലും ഉദ്യോഗാര്‍ഥികളെ സമീപിക്കുകയാണെങ്കില്‍ അത് നോര്‍ക്ക റൂട്ട്സിന്റെ ശ്രദ്ധയിൽപെടുത്തേണ്ടതാണെന്നും നോര്‍ക്ക റൂട്ട്സ് പി.ആര്.ഒ വാർത്താക്കുറിപ്പിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.