സൽമാൻ രാജാവിന്റെ അതിഥികളായി 2322 പേർ ഹജ്ജിനെത്തും
text_fieldsറിയാദ്: ഇത്തവണ സൽമാൻ രാജാവിന്റെ അതിഥികളായി 2322 പേർ ഹജ്ജിനെത്തും. വിവിധ രാജ്യങ്ങളിൽനിന്നുള്ള ഇത്രയും തീർഥാടകർക്ക് ആതിഥേയത്വം വഹിക്കാൻ സൽമാൻ രാജാവ് ചൊവ്വാഴ്ചയാണ് ഉത്തരവ് പുറപ്പെടുവിച്ചത്. 88ലധികം രാജ്യങ്ങളിൽനിന്നുള്ള 1300 തീർഥാടകർ, ഫലസ്തീൻ രക്തസാക്ഷികളുടെയും തടവുകാരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങളിൽനിന്നുള്ള 1000 പേർ, സൗദിയിൽ വേർപ്പെടുത്തൽ ശസ്ത്രക്രിയക്ക് വിധേയരായ സയാമീസ് ഇരട്ടകളുടെ കുടുംബാംഗങ്ങളിൽനിന്ന് 22 പേർ ഇതിലുൾപ്പെടും.
ഖാദിമുൽ ഹറമൈൻ ഹജ്ജ്, ഉംറ, സിയാറ പദ്ധതിയുടെ ഭാഗമായാണ് ഇത്രയും പേർ ഹജ്ജിനെത്തുക. സൗദി മതകാര്യ വകുപ്പ് ആണ് ഇത് നടപ്പിലാക്കുന്നത്. തീർഥാടകർ സ്വദേശത്ത് നിന്ന് പുറപ്പെട്ടതു മുതൽ ഹജ്ജ് കഴിഞ്ഞു തിരിച്ചുപോകുന്നതുവരെയുള്ള യാത്ര, താമസം, ഭക്ഷണം തുടങ്ങി മുഴുവൻ ചെലവുകൾ സൗദി ഭരണകൂടമാണ് വഹിക്കുക.
ഈ വർഷം 2322 തീർഥാടകരെ ആതിഥേയത്വം വഹിക്കാനുള്ള രാജകീയ ഉത്തരവിന് സൽമാൻ രാജാവിനും കിരീടാവകാശി അമീർ മുഹമ്മദ് ബിൻ സൽമാനും മതകാര്യ മന്ത്രി ഡോ. അബ്ദുൽ ലത്തീഫ് ബിൻ അബ്ദുൽ അസീസ് ആലുശൈഖ് നന്ദി പറഞ്ഞു. ഉദാരമായ ഈ രാജകീയ ഉത്തരവ് ലോകമെമ്പാടുമുള്ള മുസ്ലിംകളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കാനും നിറവേറ്റാനുമുള്ള സൗദി ഭരണകൂടത്തിെൻറ നിരന്തരമായ താൽപ്പര്യത്തെ ഉൾക്കൊള്ളുന്നു. ഇസ്ലാമിനോടും മുസ്ലിംകളോടുമുള്ള പരിഗണനയും ശ്രദ്ധയുമാണ്. മക്കയിലും മദീനയിലും ഒരുക്കിയ സേവനങ്ങൾക്കിടയിൽ ഹജ്ജിനെത്തുന്ന ഇത്രയും തീർഥാടകരുടെ ഒത്തുചേരൽ ഐക്യത്തിന്റെയും സാഹോദര്യത്തിൻറെയും ബന്ധങ്ങൾ ആഴത്തിലാക്കുന്നുവെന്നും മതകാര്യ വകുപ്പ് മന്ത്രി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.