‘ഇന്ത്യൻ എംബസിയുടെ സേവനം 24 മണിക്കൂറും’
text_fieldsറിയാദ്: സൗദി ജയിലുകളിൽ ശിക്ഷാകാലാവധി പൂർത്തിയായിട്ടും ജയിൽ മോചിതരാകാൻ സാധിക്കാത്തവരുടെ കേസുകളിൽ കാര്യമായ ശ്രദ്ധ നൽകുന്നുണ്ടെന്ന് അംബാസഡർ ഡോ. സുഹൈൽ അജാസ് ഖാൻ അഡ്വ. ഹാരിസ് ബീരാൻ എം.പിയെ അറിയിച്ചു.
നിയമ സഹായം നൽകി അവരെ നാട്ടിലെത്തിക്കാനുള്ള നടപടികൾ പൂർത്തീകരിക്കണമെന്നുമുള്ള എം.പിയുടെ ആവശ്യത്തോടാണ് അംബാസഡർ അനുകൂലമായി പ്രതികരിച്ചത്. ഇന്ത്യൻ എംബസിയുടെ സേവനം 24 മണിക്കൂറും ലഭ്യമാണെന്നും ഇത്തരം കാര്യങ്ങളിൽ ശ്രദ്ധ കേന്ദ്രീകരിച്ച് ലേബർ വെൽഫെയർ വിഭാഗവും പാസ്പോർട്ട് വിഭാഗവും സേവന സജ്ജരായി രംഗത്തുണ്ടെന്നും അംബാസഡർ പറഞ്ഞു.
ഇന്ത്യൻ തൊഴിലാളികളുടെ എണ്ണത്തിൽ കാര്യമായ വർധനയുണ്ടെന്നും ഇഖാമ കാലാവധി തീർന്നവരും ഹുറൂബിലകപ്പെട്ടവരുമായ അനധികൃതമായി സൗദിയിൽ കഴിയുന്ന ഇന്ത്യക്കാരെ ദീർഘമായ നിയമ നടപടികൾക്ക് വിധേയരാകാത്ത വിധം നാട്ടിലേക്ക് മടങ്ങാനുള്ള സാഹചര്യം ഉണ്ടാക്കാൻ പരമാവധി ശ്രമിക്കുന്നുണ്ട്.
പബ്ലിക് റൈറ്റ്സിൽ നിന്നുള്ള നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കിയാലും പ്രൈവറ്റ് റൈറ്റ്സിൽ നടപടികൾ തീരാത്തതാണ് കാലതാമസത്തിന് കാരണം. സൗദി അതോറിറ്റികളിലെ കാലതാമസം സ്വാഭാവികമാണെന്നും എംബസിയുടെ ഭാഗത്ത് നിന്നുള്ള നടപടികൾ എളുപ്പമാക്കുമെന്നും അംബാസഡർ പറഞ്ഞു.
ഇക്കാര്യത്തിൽ നിലവിൽ പൊതുമാപ്പ് പ്രഖ്യാപിക്കാൻ ഇടയില്ല. സൗദിയിലെ ഉൾഭാഗങ്ങളിൽ ജോലിയെടുക്കുന്ന ഇന്ത്യൻ തൊഴിലാളികളുടെ യാത്ര പ്രതിസന്ധിക്ക് അറുതിവരുത്താൻ കൂടുതൽ വിമാനങ്ങൾക്കായി ഇന്ത്യൻ മിഷന്റെ ശ്രദ്ധ പതിയണമെന്ന് അഡ്വ. ഹാരിസ് ബീരാൻ ആവശ്യപ്പെട്ടു.
റിയാദ്, ജിദ്ദ, ദമ്മാം ഒഴികെയുള്ള മറ്റു വിമാനത്താവളങ്ങളിലേക്കും നേരിട്ടുള്ള വിമാന സർവിസുകൾക്ക് ശ്രമം വേണമെന്ന ആവശ്യത്തോടും സാധ്യമാകുന്നത് ചെയ്യുമെന്ന് അംബാസഡർ അറിയിച്ചു. അബഹ വിമാനത്താവളം കൂടുതൽ വിപുലീകരിക്കുന്നതോടെ നേരിട്ടുള്ള വിമാനങ്ങൾ ആരംഭിച്ചേക്കുമെന്ന് അദ്ദേഹം പറഞ്ഞു.
സൗദിയിൽ വെച്ച് മരിക്കുന്ന ഇന്ത്യക്കാരുടെ മൃതദേഹങ്ങൾ നാട്ടിലേക്കെത്തിക്കുന്നതിൽ കാലതാമസമില്ലെന്നും വെൽഫെയർ വിഭാഗം സാമൂഹിക പ്രവർത്തകരുടെ സഹായത്തോടെ നടപടികൾ എളുപ്പത്തിൽ പൂർത്തിയാക്കി വരുന്നുണ്ടെന്നും ഇത്തരം വിഷയങ്ങൾക്ക് വെൽഫെയർ ഫണ്ടിൽനിന്ന് സാധ്യമാകുന്ന സഹായങ്ങൾ നൽകുമെന്നും അംബാസഡർ എം.പിയെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.