യമനിലെ ദരിദ്ര കുടുംബങ്ങൾക്ക് 2.5 കോടി ഡോളറിന്റെ ഭക്ഷ്യസഹായം
text_fieldsജിദ്ദ: യമനിലെ ഏറ്റവും ദരിദ്രരായ കുടുംബങ്ങൾക്ക് 2.5 കോടി ഡോളർ ചെലവിൽ ഭക്ഷ്യസഹായം നൽകുന്നതിന് ഐക്യരാഷ്ട്ര സഭയുടെ വേൾഡ് ഫുഡ് പ്രോഗ്രാമുമായി കിങ് സൽമാൻ റിലീഫ് സെന്റർ (കെ.എസ്.റിലീഫ്) സഹകരണ കരാർ ഒപ്പുവെച്ചു.
കെ.എസ്. റിലീഫ് ജനറൽ സൂപ്പർവൈസർ ഡോ. അബ്ദുല്ല അൽ റബീഅയുടെ സാന്നിധ്യത്തിൽ മെഡിക്കൽ ആൻഡ് ഹ്യൂമാനിറ്റേറിയൻ റിസർച്ച് അഡ്വൈസർ ഡോ. സിയാദ് മെമേഷ്, വേൾഡ് ഫുഡ് പ്രോഗ്രാം ഡെപ്യൂട്ടി എക്സിക്യൂട്ടിവ് ഡയറക്ടറും ചീഫ് ഓപറേറ്റിങ് ഓഫീസറുമായ കാൾ സ്കൗവ് എന്നിവരാണ് ഉടമ്പടിയിൽ ഒപ്പിട്ടത്.
കരാർ പ്രകാരം 13,798 ടൺ അടിസ്ഥാന ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യും. കൂടാതെ ഭൂരഹിതർക്ക് അത് വാങ്ങാനും കൃഷിഭൂമിയുള്ളവർക്ക് അത് വികസിപ്പിക്കുന്നതിനും ഏറ്റവും ആവശ്യക്കാരായ കുടുംബങ്ങളിലെ ആളുകൾക്ക് ഉപാധികളോടെ ധനസഹായം നൽകും. ഭക്ഷണ മൂല്യ ശൃംഖലയെ പിന്തുണക്കുന്നതിനാണിത്.
കൃഷിഭൂമികളുടെ പുനരുദ്ധാരണം, ജലതടയണകൾ നിർമിക്കൽ, മത്സ്യത്തൊഴിലാളികൾക്ക് ഉപകരണങ്ങൾ ലഭ്യമാക്കൽ തുടങ്ങിയവക്കായാണ് ധനസഹായം.
5,46,000 ആളുകൾക്ക് നേരിട്ടും അൽഹുദൈദ, അൽദാലിയ, മാരിബ്, അൽബൈദ, ഹദ്റ മൗത്ത്, അൽമഹ്റ, സൊകോത്ര ഗവർണറേറ്റുകളിൽ 57,000 ആളുകൾക്ക് പരോക്ഷമായും ഇതിന്റെ പ്രയോജനം ലഭിക്കും.
ജിദ്ദയിൽ നടന്ന സാഹിൽ, ചാഡ് തടാകം മേഖലയിലെ കുടിയിറക്കപ്പെട്ടവർക്കും അഭയാർഥികൾക്കും പിന്തുണ നൽകുന്നതിനുള്ള സഹായദാതാക്കളുടെ സമ്മേളനത്തിലാണ് കരാർ ഒപ്പിടൽ നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.