രാജ്യത്തെ 253 സ്ഥലങ്ങൾകൂടി പൈതൃകപട്ടികയിൽ
text_fieldsയാംബു: ദക്ഷിണ സൗദിയിലെ വിനോദസഞ്ചാര മേഖല അസീറിലും വടക്കൻ പ്രദേശത്തെ ഹാഇലിലുമുള്ള 253 സ്ഥലങ്ങൾകൂടി ദേശീയ പൈതൃകപട്ടികയിൽ ഉൾപ്പെടുത്തി. അസീറിൽ 141ഉം ഹാഇലിൽ 112ഉം സ്ഥലങ്ങളാണ് രജിസ്റ്റർ ചെയ്തത്.
രാജ്യത്തെ പൗരാണിക ശേഷിപ്പുകൾ കണ്ടെത്തുന്നതിനും രേഖപ്പെടുത്തുന്നതിനും രജിസ്റ്റർ ചെയ്യുന്നതിനും സംരക്ഷിക്കുന്നതിനുമുള്ള ശ്രമങ്ങളുടെ ഭാഗമായി സൗദി കമീഷൻ ഫോർ ടൂറിസം ആൻഡ് നാഷനൽ ഹെറിറ്റേജ് (എസ്.സി.ടി.എച്ച്) ആണ് പട്ടികപ്പെടുത്തിയത്.
പുരാവസ്തുക്കൾ, മ്യൂസിയങ്ങൾ, നഗരപൈതൃകങ്ങൾ എന്നിവയുടെ സംരക്ഷണം സംബന്ധിച്ച നിയമത്തിലെ ആർട്ടിക്കിൾ എട്ട് രണ്ടാം ഖണ്ഡികയിലെ ചട്ടപ്രകാരമാണ് രജിസ്ട്രേഷൻ. വൈവിധ്യമുള്ള പുരാതനശേഷിപ്പുകളും അറേബ്യൻ സംസ്കൃതിയുടെ വാസ്തുവിദ്യ പൈതൃകങ്ങളും രജിസ്റ്റർ ചെയ്തവയിൽ ഉൾപ്പെടുമെന്ന് അതോറിറ്റി സി.ഇ.ഒ ജസാർ അൽഹർബാഷ് പറഞ്ഞു. അറബ് ചരിത്രത്തിലേക്ക് വെളിച്ചം വീശുന്ന ധാരാളം ലിഖിതങ്ങൾ, മുദ്രകൾ, പൗരാണിക കലകൾ, ശിലാശേഷിപ്പുകൾ തുടങ്ങിയവ ഉൾപ്പെടുന്നു. വിവിധ പ്രദേശങ്ങളിലെ ചരിത്രപരവും പുരാവസ്തു പ്രാധാന്യവുമുള്ള സ്ഥലങ്ങൾ രേഖപ്പെടുത്തുന്നതിനും അവ സംരക്ഷിത മേഖലയായി പരിവർത്തിപ്പിക്കുന്നതിനും ഡിജിറ്റലൈസ്ഡ് റെക്കോഡിൽ ഉൾപ്പെടുത്തുന്നതിനമുള്ള നടപടിയിലാണ് അധികൃതർ. പുരാവസ്തു ശ്രദ്ധയിൽ പെടുന്നവർ റിപ്പോർട്ട് ചെയ്യാൻ ആവശ്യപ്പെട്ടിരുന്നു. പൈതൃകം സംരക്ഷിക്കുന്നതിലൂടെ ടൂറിസം മേഖല സജീവമാക്കാമെന്ന കണക്കുകൂട്ടലിലാണ് അധികൃതർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.