25ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം ഇന്ന് റിയാദിൽ
text_fieldsറിയാദ്: 25-ാമത് ലേൺ ദി ഖുർആൻ ദേശീയ സംഗമം ഇന്ന് (വെള്ളി) റിയാദിൽ നടക്കുമെന്ന് സംഘാടകർ അറിയിച്ചു. എക്സിറ്റ് 18 ലെ തറാഹിദ് ഇസ്തിറാഹ, അൽ മനാഖ് ഫുട്ബാൾ ഗ്രൗണ്ട് എന്നിവിടങ്ങളിലെ അഞ്ച് വേദികളിലായാണ് സംഗമം നടക്കുക. കേരള ജംഇയ്യത്തുൽ ഉലമ ജനറൽ സെക്രട്ടറി ഹനീഫ് കായക്കൊടി, ജാമിയ നദ് വിയ ഡയറക്ടറും പ്രഭാഷകനുമായ ആദിൽ അത്വീഫ് സ്വലാഹി, കബീർ സലഫി പറളി എന്നിവരും സൗദിയിലെ മത, സാമൂഹിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങളും പങ്കെടുക്കും. രാവിലെ 8.30ന് പ്രതിനിധി സംഗമത്തോടുകൂടി പരിപാടിക്ക് തുടക്കമാകും. ഉച്ചക്ക് രണ്ട് മണിക്ക് എം.എസ്.എം റിയാദിന്റെ നേതൃത്വത്തിൽ കൗമാരക്കാർക്കായി "ടീനേജ് ഗാതറിങ്" വേദി ഒന്നിൽ നടക്കും.
വൈകിട്ട് 4:00 മണിക്ക് ഉദ്ഘാടന സമ്മേളനം വേദി ഒന്നിൽ ഇന്ത്യൻ ഇസ്ലാഹി സെന്റർ സൗദി നാഷനൽ കമ്മിറ്റി ജനറൽ സെക്രട്ടറി കബീർ സലഫി പറളി ഉദ്ഘാടനം ചെയ്യും. ബഷീർ സ്വലാഹി മണ്ണാർക്കാട് മുഖ്യപ്രഭാഷണം നടത്തും. വേദി മൂന്ന്, നാല്, അഞ്ച് എന്നിവിടങ്ങളിലായി 'ഫ്രോലിക്ക്' എന്ന പേരിൽ കുട്ടികൾക്കായി പ്രത്യേക പ്രോഗ്രാം റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്ററിനു കീഴിൽ പ്രവർത്തിക്കുന്ന റിയാദ് സലഫി മദ്റസ ടീച്ചേഴ്സിന്റെ നേതൃത്വത്തിൽ നടക്കും. സമാപന സമ്മേളനവും, സമ്മാനദാനവും പ്രത്യേകം സജ്ജമാക്കിയ അൽമനാഖ് ഫുട്ബാൾ ഗ്രൗണ്ടിൽ വൈകിട്ട് 6:45ന് ആരംഭിക്കും. ദഅ്വ ആൻഡ് അവൈർനസ് സൊസൈറ്റിയുടെ വിദ്യാഭ്യാസ വിഭാഗം മേധാവി ശൈഖ് ഡോ. ഇബ്രാഹിം യഹിയ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യും. 2023 ൽ നടന്ന ലേൺ ദി ഖുർആൻ അന്താരാഷ്ട്ര ഓൺലൈൻ പരീക്ഷാ വിജയികളെ ചടങ്ങിൽ ആദരിക്കും. സൗദി അറേബ്യയിലെ മത, സാമൂഹിക, മാധ്യമ, ബിസിനസ് രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ പങ്കെടുക്കും.
സമാപന സംഗമത്തിൽ ഹനീഫ് കായക്കൊടി, ആദിൽ അത്വീഫ് സ്വലാഹി എന്നിവർ മുഖ്യപ്രഭാഷണം നടത്തും. രണ്ട് പതിറ്റാണ്ടായി റിയാദ് ഇന്ത്യൻ ഇസ്ലാഹി സെന്റർ വ്യവസ്ഥാപിതമായി സംഘടിപ്പിക്കുന്ന ഖുർആൻ പഠനപദ്ധതിയാണ് ലേൺ ദി ഖുർആൻ. ഒരുവട്ടം വിശുദ്ധ ഖുർആൻ പൂർണമായും പഠന പ്രക്രിയയിൽ പൂർത്തിയായി. പുനരാവർത്തനം ഏഴാം ഘട്ടമാണ് നിലവിലെ പാഠ്യപദ്ധതി. 30,000 പാഠപുസ്തകങ്ങൾ സൗജന്യമായി ഈ വർഷം പഠിതാക്കൾക്ക് വിതരണം ചെയ്തു. ലോകത്താകമാനമുള്ള മലയാളികൾക്ക് പഠന പ്രക്രിയയിൽ പങ്കെടുക്കാവുന്നതും വാർഷിക അന്താരാഷ്ട്ര ഓൺലൈൻ ഫൈനൽ പരീക്ഷ ഒരേ സമയം എവിടെ നിന്നും എഴുതാവുന്നതുമാണ്. ലേൺ ദി ഖുർആൻ ദേശീയ സംഗമത്തിലേക്ക് സൗദിയിലെ എല്ലാ മലയാളികളെയും സ്വാഗതം ചെയ്യുന്നതായി സംഘാടക സമിതി ചെയർമാൻ അബ്ദുൽഖയ്യും ബുസ്താനി, ജനറൽ കൺവീനർ മുഹമ്മദ് സുൽഫിക്കർ, റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ ജനറൽ സെക്രട്ടറി അബ്ദുറസാഖ് സ്വലാഹി എന്നിവർ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.