സൗദിയിലെ വ്യോമഗതാഗത മേഖലയിൽ 26 ശതമാനം വർധന
text_fieldsയാംബു: സൗദി അറേബ്യയിലെ വ്യോമഗതാഗതത്തിൽ 26 ശതമാനം വർധനവ് രേഖപ്പെടുത്തി റെക്കോഡ് നേട്ടം കരസ്ഥമാക്കിയെന്ന് റിപ്പോർട്ട്. മുൻവർഷത്തെ അപേക്ഷിച്ച് 2023 ൽ രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിലൂടെ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം ഏകദേശം 112 ദശലക്ഷത്തിലെത്തി. ജനറൽ അതോറിറ്റി ഫോർ സ്റ്റാറ്റിസ്റ്റിക്സ് (ഗാസ്റ്റാക്) ബുധനാഴ്ച പ്രസിദ്ധീകരിച്ച 2023-ലെ 'എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റി' നിലാണ് സ്ഥിതി വിവരണക്കണക്കുകൾ വെളിപ്പെടുത്തിയത്. സൗദി എയർ ട്രാഫിക് മേഖലയിലെ റെക്കോർഡ് നേട്ടമാണിതെന്ന് ബന്ധപ്പെട്ടവർ പറഞ്ഞു. രാജ്യത്തെ വിവിധ നഗരങ്ങളിലുള്ള അന്താരാഷ്ട്ര വിമാനങ്ങളിൽ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 61 ദശലക്ഷത്തിലെത്തി.
2022 നെ അപേക്ഷിച്ച് 46 ശതമാനം റെക്കോർഡ് വർധനവ് കാണിക്കുന്നു. സൗദിയിലെ വിമാനത്താവളങ്ങൾ വഴി ആഭ്യന്തര വിമാനങ്ങളിൽ യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 9 ശതമാനം ഉയർന്ന് 51 ദശലക്ഷം ആയെന്നും റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ വിമാനത്താവളങ്ങളിലെ ആഭ്യന്തര വിമാനങ്ങളുടെ എണ്ണം 4,21,000 ൽ എത്തിയെന്ന് ബുള്ളറ്റിൻ കണക്കുകൾ വ്യക്തമാക്കുന്നു. 2022 വർഷത്തിൽ രണ്ട് ശതമാനം വർധനയോടെ അന്താരാഷ്ട്ര വിമാനങ്ങളുടെ എണ്ണം ഏകദേശം 3,94,000 ആയിരുന്നു. സൗദി വിമാനത്താവളങ്ങളിൽ കൈകാര്യം ചെയ്ത ചരക്കുകളുടെ അളവ് 9,18,000 ടണ്ണിലെത്തി. 2022 നെ അപേക്ഷിച്ച് ഏഴ് ശതമാനം വർധനയാണ് ഇത് സൂചിപ്പിക്കുന്നത്. 93000 ടൺ എന്ന നിരക്കിൽ ഷിപ്പിംഗിന്റെ അളവിന്റെ കാര്യത്തിൽ 2023 ലെ ഏറ്റവും ഉയർന്ന തോത് രേഖപ്പെടുത്തിയ മാസമായിരുന്നു ഡിസംബർ.
2023-ൽ രാജ്യാന്തര വിമാന കണക്റ്റിവിറ്റി നിരക്കിൽ ഒമ്പത് സ്ഥാനങ്ങൾ മുന്നേറി 2019 നെ അപേക്ഷിച്ച് 18-ാം സ്ഥാനത്തെത്തി രാജ്യം വലിയ പുരോഗതി കൈവരി ച്ചതായി ബുള്ളറ്റിൻ വെളിപ്പെടുത്തി. സൗദി വിമാനത്താവളങ്ങളിലെ ത്തുന്ന യാത്രക്കാർ 148 രാജ്യങ്ങളായി ഉയർന്നു. ഇത് 2022 നെ അപേക്ഷിച്ച് 47 ശതമാനം വർധനയാണ് രേഖപ്പെടുത്തിയത് . 2023ൽ രാജ്യത്തെ എല്ലാ വിമാനത്താവളങ്ങളിലൂടെയും യാത്ര ചെയ്ത യാത്രക്കാരുടെ എണ്ണം 116 ദശലക്ഷം കവിഞ്ഞു. 45 ദശലക്ഷം യാത്രക്കാരുമായി ജിദ്ദ കിംങ് അബ്ദുൽ അസീസ് ഇന്റർനാഷനൽ എയർപോർട്ട് ഒന്നാം സ്ഥാനത്തെത്തി.
സൗദി വിഷൻ 2030 ന്റെ ലക്ഷ്യങ്ങൾ കൈവരിക്കാൻ ലക്ഷ്യമിട്ടുള്ള എയർ കണക്റ്റിവിറ്റി പ്രോഗ്രാമുകളിലും പങ്കാളിത്തത്തിലും രാജ്യത്തിന്റെ ശ്രമങ്ങളുടെ വിജയമാണ് 2023 ലെ പുരോഗതി പ്രതിഫലിപ്പിക്കുന്നത്. എയർ ട്രാൻസ്പോർട്ട് സ്റ്റാറ്റിസ്റ്റിക്സ് ബുള്ളറ്റിൻ ഓരോ വർഷവും പുറത്തിറകാറുണ്ടെന്ന് അധികൃതർ ചൂണ്ടിക്കാട്ടി. ഇത് എയർ ട്രാൻസ്പോർട്ട് സിസ്റ്റത്തെക്കുറിച്ചും യാത്രക്കാരുടെയും വാണിജ്യ, സ്വകാര്യ വിമാനങ്ങളിലൂടെയുള്ള ചരക്കുകളുടെയും കൈമാറ്റത്തെക്കുറിച്ചുമുള്ള സ്ഥിതിവിവരക്കണക്കുകളുടെ വിവരങ്ങളും നൽകുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.