മുഹർറം മുതൽ ഇതുവരെ വിമാനത്താവളങ്ങൾ വഴി ഉംറക്കെത്തിയത് 2,68,000 തീർഥാടകർ
text_fieldsജിദ്ദ: ഈ വർഷത്തെ ഉംറ സീസൺ ആരംഭിച്ച മുഹർറം മാസം മുതൽ ഞായറാഴ്ച വരെ 2,68,000 തീർഥാടകർ രാജ്യത്തെ വിമാനത്താവളങ്ങൾ വഴി ഉംറ തീർത്ഥാടനത്തിന് എത്തിയതായി സൗദി ഹജ്ജ് ആൻഡ് ഉംറ മന്ത്രാലയം അറിയിച്ചു. ജിദ്ദ, മദീന അന്താരാഷ്ട്ര വിമാനത്താവളങ്ങൾ വഴിയാണ് കൂടുതൽ തീർത്ഥാടകരുമെത്തിയത്.
ഞായറാഴ്ച വരെ മദീനയിലെ പ്രിൻസ് മുഹമ്മദ് ബിൻ അബ്ദുൽ അസീസ് അന്താരാഷ്ട്ര വിമാനത്താവളത്തിലൂടെ വിവിധ രാജ്യങ്ങളിൽ നിന്നെത്തിയ തീർഥാടകരുടെ എണ്ണം 1,01,000 ആണ്. ഞായറാഴ്ച മാത്രം 5,452 തീർഥാടകർ മദീന വിമാനത്താവളം വഴിയെത്തി. ഉംറ സീസൺ ആരംഭിച്ചത് മുതൽ 22,000 ത്തോളം തീർഥാടകർ ഉംറ കർമം നിർവഹിച്ച് മദീന വിമാനത്താവളം വഴി തങ്ങളുടെ രാജ്യങ്ങളിലേക്ക് തിരിച്ചുപോയി.
റോഡ് മാർഗം രാജ്യത്തെ ഒമ്പത് കരാതിർത്തികളിലൂടെ ഇതുവരെ 29,000 തീർഥാടകർ ഉംറക്കെത്തിയതായും മന്ത്രാലയം അറിയിച്ചു. ഇന്തോനേഷ്യയിൽ നിന്നാണ് ഏറ്റവും കൂടുതൽ തീർഥാടകരെത്തിയത്. 127,000 ത്തോളം പേർ.
പാകിസ്താനിൽ നിന്നും 90,000 ഉം ഇന്ത്യയിൽ നിന്ന് 54,000 ഉം ഉംറ തീർത്ഥാടകർ ഇതുവരെയെത്തി. ഇറാഖ് 36,000, യെമൻ 22,000, ജോർദാൻ 13,000 എന്നിങ്ങനെയും ബാക്കിയുള്ളവർ വിവിധ രാജ്യങ്ങളിൽനിന്നുമാണ് ഉംറ തീർത്ഥാടനത്തിന് സൗദിയിലെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.