സൗദിയിൽ ഏഴു മാസത്തിനിടെ മുങ്ങിമരിച്ചത് 275 പേർ, അധികവും നീന്തൽക്കുളങ്ങളിൽ
text_fieldsഅൽഖോബാർ: സൗദി അറേബ്യയിലെ വിവിധ പ്രദേശങ്ങളിൽ കഴിഞ്ഞ ഏഴു മാസത്തിനുള്ളിൽ 275 പേർ മുങ്ങിമരിച്ചതായി ആരോഗ്യ മന്ത്രാലയത്തിന്റെ റിപ്പോർട്ട്. ഏറ്റവും കൂടുതൽ മുങ്ങിമരണ കേസുകൾ റിപ്പോർട്ട് ചെയ്തത് മക്കയിലാണ്- 95. റിയാദിൽ 54, കിഴക്കൻ പ്രവിശ്യയിൽ 31, ജീസാനിൽ 23, ഖസീം പ്രവിശ്യയിൽ 20, മദീനയിൽ 19, അസീറിൽ 13, നജ്റാൻ, തബൂക്ക് എന്നിവിടങ്ങളിൽ ആറ് വീതം, അൽ ബാഹ നാല്, ഹാഇൽ മൂന്ന്, അൽ ജൗഫ് ഒന്ന് എന്നിങ്ങനെയാണ് മുങ്ങിമരണങ്ങളുടെ കണക്ക്.
വടക്കൻ അതിർത്തിപ്രദേശങ്ങളിൽ മുങ്ങിമരണ റിപ്പോർട്ടുകളൊന്നും രേഖപ്പെടുത്തിയിട്ടില്ല. ഇത്തരത്തിൽ വെള്ളത്തിൽ മുങ്ങിയുള്ള മരണങ്ങളിലധികവും നീന്തൽക്കുളങ്ങളിലാണ് സംഭവിച്ചിട്ടുള്ളത്.
നീന്തൽ പരിചയമില്ലാത്ത കുട്ടികളുമായി വെള്ളത്തിൽ ഇറങ്ങുമ്പോൾ ഉണ്ടാകുന്ന അശ്രദ്ധക്കെതിരെ ആരോഗ്യ മന്ത്രാലയം കുടുംബങ്ങൾക്ക് മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. ഇത് കുട്ടികൾ മുങ്ങിമരിക്കാനും പരിക്കേൽക്കാനും ഇടയാക്കുന്നു. മുങ്ങിമരണത്തിന് സാധ്യത കൂടുതലുള്ള വിഭാഗമാണ് കുട്ടികൾ. ജലാശയങ്ങൾക്കും നീന്തൽക്കുളങ്ങൾക്കും സമീപം താമസിക്കുന്നവരാണ് കൂടുതലും അപകടത്തിൽപെടുന്നത്.
ഈ റിപ്പോർട്ടുകളുടെ പശ്ചാത്തലത്തിൽ വേനൽക്കാലത്തെ ആരോഗ്യപരിപാലനം സംബന്ധിച്ച ബോധവത്കരണത്തിന് മന്ത്രാലയം കാമ്പയിൻ ആരംഭിച്ചിട്ടുണ്ട്. അതിൽ ഏറ്റവും പ്രധാനപ്പെട്ടത് നീന്തലിനെക്കുറിച്ചുള്ള സുരക്ഷാബോധവത്കരണമാണ്. ലോകത്തെ അപകടമരണങ്ങളിൽ മൂന്നാം സ്ഥാനം വെള്ളത്തിലെ മുങ്ങിമരണങ്ങൾക്കാണ്. മുങ്ങിമരണം തടയുന്നതിനായി നീന്തുമ്പോൾ കുട്ടികൾക്ക് മുതിർന്നവരുടെ മേൽനോട്ടവും ശ്രദ്ധയും ഉണ്ടായിരിക്കണം.
നീന്തൽ അറിയാത്ത കുട്ടികൾ ലൈഫ് ജാക്കറ്റ് ധരിക്കുന്നുവെന്ന് ഉറപ്പാക്കണം. ചെറുപ്പംമുതലേ കുട്ടികളെ നീന്തൽ പരിശീലിപ്പിക്കണം. കാർഡിയോ പൾമണറി റെസസിറ്റേഷൻ (സി.പി.ആർ) പോലുള്ള പ്രാഥമിക ആരോഗ്യശുശ്രൂഷാ രീതികൾ പഠിപ്പിക്കേണ്ടതും അനിവാര്യമാണ്. കല്ലുകൾ, ഗ്ലാസ്, മൂർച്ചയുള്ള ഉപകരണങ്ങൾ, തെന്നിവീഴാൻ ഇടയാക്കുന്ന ഏതെങ്കിലും ഉപകരണങ്ങൾ എന്നിവയിൽനിന്ന് നീന്തൽക്കുളങ്ങൾ മുക്തമാണെന്ന് ഉറപ്പാക്കേണ്ടത് പ്രധാനമാണെന്നും മന്ത്രാലയം വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.