Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനീറ്റ് പരീക്ഷയെഴുതിയ...

നീറ്റ് പരീക്ഷയെഴുതിയ ആഹ്ളാദത്തിൽ സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾ

text_fields
bookmark_border
നീറ്റ് പരീക്ഷയെഴുതിയ ആഹ്ളാദത്തിൽ സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾ
cancel

റിയാദ്‌: ഏറെക്കാലത്തെ കാത്തിരിപ്പിനുശേഷം സൗദിയിലെ ഏക പരീക്ഷകേന്ദ്രമായ റിയാദിൽ ഉന്നത വിദ്യാഭ്യാസ പ്രവേശനത്തിനായുള്ള നീറ്റ്‌ പരീക്ഷ സുഗമമായി നടന്നു. കുട്ടികളും രക്ഷാകർത്താക്കളും തങ്ങളുടെ ചിരകാല ആവശ്യം സാക്ഷാത്കരിച്ച ആഹ്ലാദത്തിലാണിപ്പോൾ. നാഷനൽ ടെസ്റ്റിങ് ഏജൻസിയുടെ മേൽനോട്ടത്തിലാണ് പരീക്ഷ നടന്നത്. റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളായിരുന്നു പരീക്ഷകേന്ദ്രം. പരീക്ഷ ഭംഗിയായി പൂർത്തിയായെന്നും മൂല്യനിർണയം ഇന്ത്യയിൽവെച്ച് നടക്കുമെന്നും പരീക്ഷ നിരീക്ഷകനായ മുഹമ്മദ് ശബീർ 'ഗൾഫ് മാധ്യമ'ത്തോട് പറഞ്ഞു.

രാജ്യത്തെ നൂറുകണക്കിന് മെഡിക്കൽ, ഡെന്റൽ, ആയുഷ് കോഴ്സുകളിലേക്കും കാർഷിക സർവകലാശാലയും വെറ്ററിനറി യൂനിവേഴ്സിറ്റിയുൾപ്പെടെയുള്ള വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ നിശ്ചിത സീറ്റുകളിലെയും പ്രവേശനത്തിന് ബാധകമായ യോഗ്യതപരീക്ഷ എന്ന നിലയിൽ നീറ്റ് പരീക്ഷയും നീറ്റ് റാങ്കും വലിയ പ്രാധാന്യമുള്ളതാണ്. സൗദിയിലെ ഈ പരീക്ഷകേന്ദ്രം സാമൂഹികപ്രവർത്തകരുടെയും രക്ഷിതാക്കളുടെയും നിരന്തര ആവശ്യപ്രകാരം മൂന്നു മാസം മുമ്പാണ് കേന്ദ്രസർക്കാർ അനുവദിച്ചത്. സൗദിയിൽ രജിസ്റ്റർ ചെയ്ത 304 വിദ്യാർഥികളിൽ 287 പേർ പരീക്ഷ എഴുതിയതായി ആതിഥേയത്വം വഹിച്ച റിയാദ് ഇന്റർനാഷനൽ ഇന്ത്യൻ സ്കൂളിന്റെ പ്രിൻസിപ്പൽ മീര റഹ്മാൻ പറഞ്ഞു. കൂടുതൽ പെൺകുട്ടികളാണ് പരീക്ഷക്ക് രജിസ്റ്റർ ചെയ്തത്- 227 പേർ. ആൺകുട്ടികളാകട്ടെ 77 പേരും. റിയാദിലെ ഇന്ത്യൻ സ്‌കൂളുകളിലെ 28 അധ്യാപകരായിരുന്നു പരീക്ഷയുടെ മേൽനോട്ടം വഹിച്ചത്.

റിയാദിൽനിന്നടക്കം സൗദിയുടെ വിവിധ ഭാഗങ്ങളിൽ നിന്നാണ് കുട്ടികൾ എത്തിച്ചേർന്നത്. ഒന്നുരണ്ടു ദിവസം മുമ്പ്‌ റിയാദിലെത്തുകയായിരുന്നു അധികപേരും. വളരെ പ്രയാസപ്പെട്ടും ദീർഘദൂരം യാത്രചെയ്തുമാണ് വിശാലമായ സൗദിയിലെ ഓരോ പ്രവിശ്യയിൽനിന്നും വിദ്യാർഥികൾ റിയാദിലെത്തുന്നത്. ജിദ്ദയിലും ദമ്മാമിലും ഓരോ സെന്റർകൂടി തുറന്ന് പരീക്ഷാസൗകര്യം വിപുലമാക്കണമെന്ന് രക്ഷിതാക്കളും സാമൂഹിക പ്രവർത്തകരും ആവശ്യപ്പെടുന്നു. ബയോളജി, മാത്സ് എടുത്ത് പഠിക്കാനും മെഡിസിൻ രംഗത്ത് ശോഭിക്കാനും തങ്ങൾക്ക് കഴിയുമെന്ന ശുഭാപ്തിവിശ്വാസമാണ് പെൺകുട്ടികളുടെ വർധനക്ക് കാരണമെന്ന് വിദ്യാഭ്യാസ-സാമൂഹിക വിദഗ്ധൻ ഡോ. കെ.ആർ. ജയചന്ദ്രൻ പറഞ്ഞു. ആകർഷകമായ മറ്റു തൊഴിൽ മേഖലകളും വേഗത്തിൽ വരുമാനം ലഭിക്കുന്നതുമായ ജോലികളുമാണ് ആൺകുട്ടികൾ ആഗ്രഹിക്കുന്നത്.

സൗദിയിൽ മിനിമം മൂന്ന് കേന്ദ്രങ്ങൾ വേണമെന്ന് കെ.എം.സി.സി

പ്രവാസികളുടെ ഏറെക്കാലത്തെ ആവശ്യം

റിയാദ്: സൗദിയിലെ ഇന്ത്യൻ വിദ്യാർഥികൾ ഞായറാഴ്ച റിയാദിൽ വെച്ച് നീറ്റ് പരീക്ഷ എഴുതിയതോടെ ഏറെകാലത്തെ പ്രവാസികളുടെ ആവശ്യമാണ് നടപ്പായതെന്ന് സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി. ഈ വിഷയത്തിൽ കഴിഞ്ഞ കുറെ വർഷങ്ങളായി കേന്ദ്രസർക്കാറുമായും കേന്ദ്ര മാനവശേഷി വകുപ്പുമായും കെ.എം.സി.സി നിരന്തരം ബന്ധപ്പെട്ടു വരുകയായിരുന്നു. മുസ്‍ലിം ലീഗ് എം.പിമാരായ ഇ.ടി. മുഹമ്മദ് ബഷീർ, പി.വി. അബ്ദുൽ വഹാബ് എന്നിവർ മുഖേന കേന്ദ്രമന്ത്രിമാരെ ഒന്നിലധികം തവണ കണ്ടിരുന്നു. നാഷനൽ ടെസ്റ്റിങ് ഏജൻസി അധികൃതരെയും സൗദിയിലെ വിദ്യാർഥികൾ അനുഭവിക്കുന്ന ദുരിതം ബോധ്യപ്പെടുത്തിയിരുന്നു.

കേന്ദ്ര വിദേശകാര്യ സഹമന്ത്രിക്കും മുഖ്യമന്ത്രിക്കും നൽകിയ നിവേദനങ്ങളിൽ യു.എ.ഇയിൽ അനുവദിച്ചത് പോലെ സൗദിയിൽ മിനിമം മൂന്ന് സെന്ററുകൾ അനുവദിക്കണമെന്നാണ് കെ.എം.സി.സി ആവശ്യപ്പെട്ടിരുന്നത്. റിയാദ്, ജിദ്ദ, ദമ്മാം എന്നിവിടങ്ങളിൽ നീറ്റ് പരീക്ഷ കേന്ദ്രങ്ങൾ വേണമെന്നായിരുന്നു ആവശ്യം. സൗദിയിലെ പ്രവാസികളായ രക്ഷിതാക്കളും സംഘടനകളും ഇതേ ആവശ്യങ്ങൾ ഉന്നയിച്ചു വരുകയായിരുന്നു. സൗദിയിൽ നിന്ന് ഓരോ വർഷവുമുണ്ടാകുന്ന ആയിരത്തോളം നീറ്റ്‌ അപേക്ഷകർ ഒന്നുകിൽ യു.എ.ഇയിലോ കുവൈത്തിലോ അല്ലെങ്കിൽ ഇന്ത്യയിലോ പോയി വേണമായിരുന്നു പരീക്ഷ എഴുതാൻ.

കോവിഡ് കാലയളവിൽ ഇക്കാര്യത്തിൽ വിദ്യാർഥികളും രക്ഷിതാക്കളും അനുഭവിച്ച പ്രയാസം ചെറുതൊന്നുമായിരുന്നില്ല. ഇക്കാര്യം നേരിട്ട് ബന്ധപ്പെട്ട അധികൃതരെ ബോധ്യപ്പെടുത്തിയിരുന്നുവെന്നും സൗദി കെ.എം.സി.സി നാഷനൽ കമ്മിറ്റി വർക്കിങ് പ്രസിഡന്റ് അഷ്‌റഫ് വേങ്ങാട്ട്, റിയാദ് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് സി.പി. മുസ്തഫ എന്നിവർ വാർത്തക്കുറിപ്പിൽ അറിയിച്ചു. ഇക്കാര്യത്തിൽ ഇന്ത്യൻ അംബാസഡർ ഡോ. ഔസാഫ് സഈദിനും നിവേദനം നൽകിയിരുന്നു. റിയാദിൽ ഒരു കേന്ദ്രമെങ്കിലും അനുവദിക്കാൻ മുന്നോട്ട് വന്ന അധികൃതരെ കെ.എം.സി.സി അഭിനന്ദിച്ചു.

ഡോ. സിദ്ദീഖ് അഹമ്മദ്

അധികൃതരെ അഭിനന്ദിച്ച് ഡോ. സിദ്ദീഖ് അഹമ്മദ്

ദമ്മാം: സൗദിയുടെ ചരിത്രത്തിൽ ആദ്യമായി ഇന്ത്യൻ വിദ്യാർഥികൾക്ക് മെഡിക്കൽ പ്രവേശനത്തിനുള്ള നീറ്റ് (നാഷനൽ എലിജിബിലിറ്റി എൻട്രൻസ് ടെസ്റ്റ്) പരീക്ഷ കേന്ദ്രം അനുവദിച്ചതിൽ അധികൃതർക്ക് നന്ദിയും അഭിനന്ദനവും അർപ്പിച്ച് പ്രവാസി സമ്മാൻ പുരസ്കാര ജേതാവും വ്യവസായിയുമായ ഡോ. സിദ്ദീഖ് അഹമ്മദ്. റിയാദിലെ കേന്ദ്രത്തിൽ കുട്ടികൾക്ക് പരീക്ഷ എഴുതാൻ സാധിക്കുന്നത് എക്കാലത്തെയും മികച്ച ചരിത്രമായി രേഖപ്പെടുത്തുമെന്ന് അദ്ദേഹം പറഞ്ഞു. സൗദിയിൽ നീറ്റ് പരീക്ഷകേന്ദ്രം അനുവദിപ്പിക്കുന്നതിന് അധികൃതരുടെ മുന്നിൽ ശക്തമായ സമ്മർദം ചെലുത്താനായ ചാരിതാർഥ്യത്തിലാണ് അദ്ദേഹം. കഴിഞ്ഞ വർഷം ഇത് സാധ്യമാക്കാൻ ഏറെ ശ്രമിച്ചെങ്കിലും സാങ്കേതിക വിഷയങ്ങളിൽ കുടുങ്ങി സാധ്യമാകാതെ വരുകയായിരുന്നു.

ഇത്തണ റിയാദിൽ മാത്രമാണ് സെൻറർ അനുവദിക്കപ്പെട്ടിട്ടുള്ളത്. വരും വർഷങ്ങളിൽ സൗദിയുടെ മറ്റ് ഭാഗങ്ങളിലും സെൻറർ അനുവദിക്കുമെന്നാണ് പ്രതീക്ഷയെന്നും അതിനായി ശ്രമം തുടരുമെന്നും സിദ്ദീഖ് പറഞ്ഞു. സൗദിയിൽ വർഷംതോറും സയൻസ് വിഭാഗത്തിൽ പ്ലസ്ടു പരീക്ഷ എഴുതുന്നത് 1,200 ഓളം കുട്ടികളാണ്. ഇവരിൽ ഭൂരിഭാഗവും എൻട്രൻസിനെ ആശ്രയിക്കുന്നവരാണ്. മികച്ച വിജയം നേടുന്ന വിദ്യാർഥികളാണ് സൗദിയിലെ സ്കൂളുകളിലുള്ളത്. ജി.സി.സിയിലെ മറ്റ് രാജ്യങ്ങളിൽ നീറ്റ് കേന്ദ്രം അനുവദിച്ച അധികൃതർ സൗദിയിലും ഇത് സാധ്യമാക്കിയത് ഇവിടുത്തെ ഉന്നത വിദ്യാഭ്യാസ മേഖലയുടെ വലിയ കുതിപ്പിന് വഴിയൊരുക്കും എന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

സൗദിയിൽ നിന്ന് ഔദ്യോഗിക ജീവിതം കഴിഞ്ഞ് മടങ്ങിയ മുൻ അംബാസഡർ ഡോ. ഔസാഫ് സഈദ് ഈ വിഷയത്തിൽ നടത്തിയ ആത്മാർഥമായ ഇടപെടലുകളെയും അദ്ദേഹം അഭിനന്ദിച്ചു. സൗദിയിലെ വിവിധ സംഘടനകളും രക്ഷാകർതൃ സമിതിയുമൊക്കെ ഈ വിഷയവുമായി ബന്ധപ്പെട്ട് ശ്രദ്ധേയമായ ഇടപെടലുകൾ നടത്തിയിരുന്നു. പ്രവാസികളുടെ കൂട്ടായ വിജയം കൂടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. ഞായറാഴ്ച റിയാദ് ഇൻർനാഷനൽ സ്കൂൾ കേന്ദ്രത്തിൽ കുട്ടികൾ നീറ്റ് പരീക്ഷ പൂർത്തിയാക്കുമ്പോൾ സൗദിയുടെ പ്രവാസ ചരിത്രത്തിലും അത് എഴുതിച്ചേർക്കപ്പെടും എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:NEET exam in Saudi287 Students appeared
News Summary - 287 Students appeared for NEET exam in Saudi
Next Story