മക്കയിൽ ഹെൽത്ത് വളൻറിയർമാർക്ക് 30 എമർജൻസി ബാഗുകൾ
text_fieldsമക്ക: റമദാനിൽ മക്കയിലെ മസ്ജിദുൽ ഹറാമിൽ ഉംറ തീർഥാടകർക്കും സന്ദർശകർക്കും സേവനം നൽകുന്നതിന് ഹെൽത്ത് വളൻറിയർമാർക്ക് 30 എമർജൻസി ബാഗുകൾ. ഏറ്റവും എളുപ്പത്തിൽ കൊണ്ടുപോകാൻ കഴിയുന്ന ഉയർന്ന സവിശേഷതകളുള്ള ഇത്രയും ബാഗുകൾ അടിയന്തര സേവനങ്ങൾക്കാണ് വളൻറിയർമാർ ഉപയോഗിക്കുന്നത്. മക്ക ആരോഗ്യ കാര്യാലയവും അമീറ സീത്വ ബിൻത് അബ്ദുൽ അസീസ് വഖഫും തമ്മിലുണ്ടാക്കിയ കരാറിന്റെ അടിസ്ഥാനത്തിലാണിത്.
ആരോഗ്യ വളൻറിയർമാർക്ക് എമർജൻസി ബാഗുകളും മെഡിക്കൽ സപ്ലൈകളും നൽകുന്നതിന് അടുത്തിടെയാണ് മക്ക ആരോഗ്യ കാര്യാലയവും അമീർ സീത്വ ബിൻത് അബ്ദുൽ അസീസ് വഖ്ഫും സംയുക്ത സഹകരണ കരാർ ഒപ്പുവെച്ചത്. സാമൂഹിക പങ്കാളിത്തത്തിന്റെ ചട്ടക്കൂടിലാണ് ഈ കരാർ വരുന്നതെന്ന് മേഖല ആരോഗ്യകാര്യ ഡയറക്ടർ ഡോ. വാഇൽ മുതൈരി പറഞ്ഞു.
ഉയർന്ന നിലവാരവും കാര്യക്ഷമതയും ഉള്ള സമൂഹത്തിന്റെ യഥാർഥ ആവശ്യങ്ങൾ മനസ്സിലാക്കിയാണെന്നും ആരോഗ്യകാര്യ ഡയറക്ടർ പറഞ്ഞു. കരാർ പ്രകാരം എല്ലാ മെഡിക്കൽ സപ്ലൈകളും ഉയർന്ന നിലവാരത്തിലും ഗുണനിലവാരത്തിലും നൽകുന്നതിന് വഖഫ് പ്രതിജ്ഞാബദ്ധമാണെന്ന് അമീർ സീത്വ ബിൻത് അബ്ദുൽ അസീസ് വഖഫ് സെക്രട്ടറി ഖാലിദ് സഹ്റാൻ വിശദീകരിച്ചു.
എല്ലാ സന്നദ്ധപ്രവർത്തകരും ത്വവാഫ്, മസ്അ അങ്കണത്തിനുള്ളിൽ ആറ് വ്യത്യസ്ത പോയൻറുകളിൽ നിലയുറപ്പിച്ചിരിക്കുന്നു. റമദാൻ മാസത്തിന്റെ തുടക്കം മുതൽ സന്നദ്ധസംഘം പ്രതിദിനം 200 മുതൽ 900 വരെ കേസുകൾ പരിശോധിക്കുന്നു. വിദഗ്ധ ചികിത്സ ആവശ്യമായ കേസുകൾ ആശുപത്രികളിലേക്ക് മാറ്റുന്നുവെന്നും ഖാലിദ് സഹ്റാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.