മാതൃശിശു സേവനരംഗത്ത് 30 വർഷം: ലളിതാംബിക അമ്മയെ ആദരിച്ച് നവോദയ റിയാദ്
text_fieldsറിയാദ്: മാതൃശിശു സേവനരംഗത്ത് 30 വർഷം പൂർത്തിയാക്കിയ പ്രവാസി ലളിതാംബിക അമ്മയെ റിയാദിലെ നവോദയ കലാസാംസ്കാരിക വേദി ആദരിച്ചു.
60 വയസ്സ് തികഞ്ഞ ലളിതാംബിക അമ്മ തെൻറ ആയുസ്സിെൻറ പകുതിക്കാലവും കഴിഞ്ഞത് സൗദിയിലാണ്. പ്രസവാനന്തരം കുഞ്ഞിനേയും മാതാവിനെയും പരിചരിക്കുന്നത് തൊഴിലായി സ്വീകരിച്ച ഇവർ ഇതുവരെ രണ്ടായിരത്തിലധികം കുട്ടികളെ പരിചരിച്ചു. കൊല്ലം, കുണ്ടറ ചെറുമൂട് സ്വദേശിനിയായ ലളിതാംബിക 1991ൽ സൗദിയിലെ ബുറൈദയിലാണ് ആദ്യമെത്തുന്നത്. അഞ്ച് വർഷത്തിന് ശേഷം നാട്ടിലേക്ക് മടങ്ങി.
അതേ വർഷംതന്നെ മറ്റൊരു വിസയിൽ വീണ്ടും റിയാദിലെത്തി. പ്രവാസം ഇപ്പോഴും തുടരുന്നു. ഇക്കാലമത്രയും മാതൃശിശു പരിചരണമല്ലാതെ മറ്റൊരു തൊഴിലും അവർ ചെയ്തിട്ടില്ല. ഒപ്പം സാമൂഹിക പ്രവർത്തനത്തിലും സജീവമായ അവർ റിയാദ് നവോദയയുടെ ജീവകാരുണ്യപ്രവർത്തനങ്ങളിൽ മുൻനിരയിലുണ്ട്. ഇതിനിടയിൽ റിയാദിൽ അരങ്ങേറിയ രണ്ടു നാടകങ്ങളിലും ശ്രദ്ധേയ വേഷങ്ങൾ ചെയ്ത് അഭിനയശേഷിയും തെളിയിച്ചു.
റിയാദ് കലാഭവൻ അവതരിപ്പിച്ച 'ആയിരത്തൊന്ന് അറേബ്യൻ രാവുകൾ' എന്ന നാടകത്തിലെ അഭിനയം ഏറെ ശ്രദ്ധിക്കപ്പെട്ടു. 2015ൽ ഭർത്താവ് മരിച്ചു. മനോജ് കുമാർ, മനീഷ് കുമാർ എന്നിങ്ങനെ രണ്ട് ആൺമക്കളാണ് ഉള്ളത്. നവോദയ കുടുംബവേദി അംഗമാണ്.
നവോദയയുടെ 12ാം വാർഷികവും ഈദ്- ഓണാഘോഷവും നടന്ന ചടങ്ങിൽ ഇന്ത്യൻ എംബസി അറ്റാഷെ അശ്വിൻ നവോദയയുടെ ഉപഹാരം ലളിതാംബിക അമ്മക്ക് കൈമാറി. അഞ്ജു സജിൻ പൊന്നാടയണിയിച്ചു. നവോദയ പ്രസിഡൻറ് ബാലകൃഷ്ണൻ ചടങ്ങിൽ അധ്യക്ഷത വഹിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.