32ാമത് അറബ് ഉച്ചകോടി ഇന്ന് ജിദ്ദയിൽ 22 രാജ്യങ്ങളിൽനിന്നുള്ള പ്രതിനിധികൾ പങ്കെടുക്കും
text_fieldsജിദ്ദ: 32 മത് അറബ് ഉച്ചകോടി വെള്ളിയാഴ്ച ജിദ്ദയിൽ നടക്കും. സൗദി ഭരണാധികാരി സൽമാൻ രാജാവിന്റെ ക്ഷണപ്രകാരം അറബ് രാജ്യങ്ങളിലെ ഭരണാധികാരികളും പ്രതിനിധികളും ഇതിനകം ജിദ്ദയിലെത്തി. ഫലസ്തീനിലെ ഇസ്രായേൽ ആക്രമണം, സുഡാനിലെ സംഘർഷം, ഗൾഫ്, അറബ് മേഖലയിലെ മറ്റു സംഭവവികാസങ്ങൾ എന്നിവ ഉച്ചകോടിയിൽ ചർച്ചയാകും. സിറിയ അറബ് ലീഗിൽ തിരിച്ചെത്തിയശേഷം നടക്കുന്ന ആദ്യത്തെ അറബ് ഉച്ചകോടിയെന്ന സവിശേഷതകൂടി ജിദ്ദ ഉച്ചകോടിക്കുണ്ട്. സിറിയൻ പ്രസിഡൻറ് ബശ്ശാർ അൽഅസദ് ഇന്നത്തെ ഉച്ചകോടിയിൽ പങ്കെടുക്കുമെന്ന് സിറിയൻ പ്രസിഡൻസി അറിയിച്ചിട്ടുണ്ട്. സിറിയൻ പ്രതിസന്ധി പൊട്ടിപ്പുറപ്പെട്ടതിനെത്തുടർന്ന് 2011ലാണ് അറബ് ലീഗിലെ സിറിയയുടെ അംഗത്വം മരവിപ്പിച്ചത്. ശേഷം 12 വർഷത്തിനുശേഷമാണ് ബശ്ശാർ അൽഅസദ് അറബ് ഉച്ചകോടിയിൽ പങ്കെടുക്കുന്നത്. ചൈനയുടെ മധ്യസ്ഥതയിൽ ഇറാനുമായി സൗദി അറേബ്യ നയതന്ത്ര ബന്ധം സ്ഥാപിച്ച ശേഷം നടക്കുന്ന ആദ്യത്തെ അറബ് ഉച്ചകോടിയുമാണിത്.
പ്രാദേശിക, അന്തർദേശീയതലങ്ങളിൽ നേതൃപരമായ പങ്ക് വിപുലീകരിക്കുക, അറബ് രാജ്യങ്ങളിലെ നേതാക്കളുമായുള്ള ആശയവിനിമയം ശക്തിപ്പെടുത്തുക, പൊതുവായ പ്രശ്നങ്ങളിൽ തുടർച്ചയായ ചർച്ചകളും നിലപാടുകളുടെ ഏകോപനവുമുണ്ടാക്കുക എന്നിവ ലക്ഷ്യമിട്ടാണ് സൗദി അറേബ്യ അറബ് ഉച്ചകോടിക്ക് ആതിഥേയത്വം വഹിക്കുന്നത്. അതോടൊപ്പം മേഖലയും ലോകവും കടന്നുപോകുന്ന അസാധാരണമായ സാഹചര്യങ്ങളിലാണ് 32ാമത് അറബ് ഉച്ചകോടി നടക്കുന്നത്. മേഖലയിലെ സ്ഥിരത, രാജ്യങ്ങൾക്കും ജനങ്ങൾക്കും അഭിവൃദ്ധി കൈവരിക്കുക, അറബ് ലീഗിെൻറ കുടക്കീഴിൽ രാഷ്ട്രീയ ഏകോപന സംവിധാനങ്ങൾ വികസിപ്പിക്കുകയും സാമ്പത്തിക സഹകരണം ശക്തിപ്പെടുത്തുകയും ചെയ്യുക തുടങ്ങിയവയും ഉച്ചകോടി ലക്ഷ്യമിടുന്നു. ജിദ്ദ ഉച്ചകോടിയിലെ പ്രതീക്ഷിക്കുന്ന ഫലങ്ങൾ സംയുക്ത അറബ് പ്രവർത്തനത്തിലെ നാഴികക്കല്ലായിരിക്കുമെന്നാണ് വിലയിരുത്തൽ. സൗദി, അമേരിക്കൻ ശ്രമങ്ങളുടെ ഫലമായി സുഡാനിലെ രണ്ടു പോരാട്ട പാർട്ടികൾ സ്ഥിരമായ വെടിനിർത്തലിൽ എത്തുമെന്നും യമൻ പ്രതിസന്ധിക്ക് ഉടനെ പരിഹാരം കാണാനാകുമെന്നുമുള്ള പ്രതീക്ഷകൾക്കിടയിലാണ് അറബ് ഉച്ചകോടിയെന്നതും ശ്രദ്ധേയമാണ്. ഉച്ചകോടിയുടെ മുന്നോടിയായി ബുധനാഴ്ച അറബ് വിദേശകാര്യമന്ത്രിമാർക്ക് കീഴിൽ തയാറെടുപ്പ് യോഗം നടന്നിരുന്നു.
യോഗത്തിൽ അൽജീരിയയിൽനിന്ന് സൗദി അറേബ്യ ഉച്ചകോടിയുടെ അധ്യക്ഷസ്ഥാനം ഔദ്യോഗികമായി ഏറ്റെടുത്തു.
ലോകം വലിയ വെല്ലുവിളികളിലൂടെ കടന്നുപോകുകയാണെന്ന് സൗദി വിദേശകാര്യ മന്ത്രി പറഞ്ഞു. അവയെ നേരിടാൻ ഐക്യം ആവശ്യമാണ്. അറബ് ജനതയുടെ പുരോഗതിക്കായി സംയുക്തമായി പ്രവർത്തിക്കാൻ അദ്ദേഹം അറബ് രാജ്യങ്ങളോട് ആഹ്വാനം ചെയ്തു. ജിദ്ദ ഉച്ചകോടിയിൽ അറബ് സാന്നിധ്യം നിറഞ്ഞിരിക്കുന്നുവെന്ന് അറബ് ലീഗ് സെക്രട്ടറി ജനറൽ അഹ്മദ് അബുൽഗെയ്ത് പറഞ്ഞു. അറബ് ലീഗിലെ സിറിയയുടെ തിരിച്ചുവരവിനെ സ്വാഗതം ചെയ്തു. സുഡാനിലെ ആയുധപ്രകടനങ്ങൾ അവസാനിപ്പിക്കാനുള്ള അവസരമാണ് ജിദ്ദ ഉച്ചകോടിയെന്ന് അദ്ദേഹം പറഞ്ഞു.
അറബ് ഉച്ചകോടിയിൽ പങ്കെടുക്കാനുള്ള വിവിധ രാഷ്ട്രനേതാക്കളുടെ വരവ് വ്യാഴാഴ്ച രാവിലെ മുതൽ തുടങ്ങിയിരുന്നു. ഫലസ്തീൻ പ്രസിഡൻറ് മഹ്മൂദ് അബ്ബാസ്, ലബനാൻ പ്രധാനമന്ത്രി നജീബ് മീഖാതി, ഈജിപ്ത് പ്രസിഡന്റ് അബ്ദുൽ ഫത്താഹ് അൽസീസി, ബഹ്റൈൻ രാജാവ് ഹമദ് ബിൻ ഈസ ആൽഖലീഫ തുടങ്ങിയവർ നേരത്തേ എത്തിയവരിലുൾപ്പെടും.
ഉച്ചകോടി നടക്കുന്ന സ്ഥലത്തും രാഷ്ട്രനേതാക്കൾ കടന്നുപോകുന്ന വഴികളിലും സുരക്ഷ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ചില റോഡുകളിൽ ട്രാഫിക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ആവശ്യമായ എല്ല ഒരുക്കങ്ങളും പൂർത്തിയാക്കിയതായി സൗദി റെഡ് ക്രസൻറ് അതോറിറ്റിയും വ്യക്തമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.