37 വർഷത്തെ പ്രവാസം: ബാധ്യതയുടെ അമിതഭാരവുമായി ഹനീഫ നാട്ടിലേക്ക്
text_fieldsജിദ്ദ: ദുരിതങ്ങളുടെയും സങ്കടങ്ങളുടെയും ഒാർമകൾ നിറച്ച പെട്ടികെട്ടി 37 വർഷത്തെ പ്രവാസത്തിന് വിടപറഞ്ഞ് ഹനീഫ നാട്ടിലേക്ക് തിരിക്കുന്നു. പാലക്കാട് മലമ്പുഴ സ്വദേശിയായ ഹനീഫക്ക് വെല്ലുവിളികൾ മാത്രമായിരുന്നു ജീവിതത്തിനെന്നും കൂട്ട്. എത്ര അധ്വാനിച്ചിട്ടും കര കാണാത്ത ജീവിതം. പ്രവാസത്തിനിടയിൽ രണ്ട് തവണ ഹൃദയശസ്ത്രക്രിയ വേണ്ടി വന്നു. പ്രാരാബ്ധങ്ങൾക്കിടയിൽ മൂന്ന് പെൺമക്കളുടെ വിവാഹം. ഭാര്യക്ക് കേൾവിശക്തിയില്ലാത്തതിെൻറ അലോസരം.
സഹായത്തിന് ആൺമക്കളില്ല.ശാരീരിക അവശതകൾക്കിടയിലും ജിദ്ദ ശറഫിയയിലെ പെട്രോൾ പമ്പിൽ ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ ദിവസം ജോലി നഷ്ടപ്പെട്ടു. അതോടെ നാട്ടിലേക്ക് തിരിക്കുകയാണ്. ഇളയ മകളുടെ ഭർത്താവിന് വൃക്ക മാറ്റിവെച്ചത് കഴിഞ്ഞ ദിവസമാണ്. മകൾ ഭർത്താവിന് വൃക്ക നൽകുകയായിരുന്നു. കോയമ്പത്തൂരിലെ സ്വകാര്യ ആശുപത്രിയിലാണ് മകളും ഭർത്താവുമുള്ളത്. മരുമകന് ശസ്ത്രക്രിയക്ക് വേണ്ടി പണം കണ്ടെത്തേണ്ട ബാധ്യതയും വൃദ്ധനായ ഇൗ പ്രവാസിയുടെ ചുമലിലായിരുന്നു. സ്വന്തം പുരയും വീടും പണയം വെച്ച് കാശ് സംഘടിപ്പിക്കാൻ ശ്രമിച്ചെങ്കിലും ചികിൽസക്ക് തികഞ്ഞില്ല.
കഴിഞ്ഞ മാസം ‘ഗൾഫ് മാധ്യമം’ ഹനീഫയുടെ നിസ്സഹായാവസ്ഥ പ്രസിദ്ധീകരിച്ചതോടെ ധാരാളം പേർ സഹായഹസ്തം നീട്ടി. 165000 രൂപ മകളുടെ അക്കൗണ്ടിലേക്ക് പ്രവാസലോകത്ത് നിന്ന് അയച്ചുകിട്ടിയത് വലിയ ആശ്വാസമായെന്ന് ഹനീഫ പറഞ്ഞു. തുടർചികിൽസക്കും മരുന്നിനും ഇനിയും ഒരുപാട് പണം വേണം. പത്ത് ലക്ഷം രൂപയോളമാണ് ചികിൽസക്ക് വേണ്ടത്. ഇനി ആരോടാണ് കൈ നീേട്ടണ്ടതെന്നറിയില്ല. 25ാം വയസിൽ ജിദ്ദയിലെത്തിയതാണ് 62ാം വയസിൽ നാടണയുന്നത് വന്നതിലേറെ ബാധ്യതകളുടെ ഭാരവുമായാണ്. മരുമകെൻറ ചികിൽസയും മകളുടെ ആരോഗ്യവും സംരക്ഷിക്കാനുള്ള ദൗത്യമാണ് മനസ് നിറയെ. സന്നദ്ധ സംഘടനയായ ഒ.െഎ.സി.സി നാട്ടിലേക്കുള്ള ടിക്കറ്റ് നൽകി. ജോലി ചെയ്ത സ്ഥാപനം വക ഒന്നും ലഭിക്കാനില്ലായിരുന്നു. ചികിൽസാ സഹായം നൽകാൻ തയാറുള്ള സുമനസുകൾ മകൾ സജ്നയുടെ അക്കൗണ്ടിലേക്ക് പണമയക്കുമെന്ന പ്രതീക്ഷയിലാണ് ഹനീഫ നാട്ടിലേക്ക് തിരിക്കുന്നത്.
അക്കൗണ്ട് വിശദാംശങ്ങൾ: Sajna. H, Canara Bank, A/C number : 0743101019873, IFSC: CNRB 0000743, Malampuzha, palakkad
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.