മൂന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനമേളയും ജിദ്ദയിൽ
text_fieldsമക്ക: സൗദിയുടെ ഗുണപരമായ പദ്ധതികൾ ലോകത്തിന് പരിചയപ്പെടുത്താനും മക്കയിലും മദീനയിലുമുള്ള ഹറമുകൾ സന്ദർശിക്കാനെത്തുന്ന തീർഥാടകരുടെ അനുഭവം ലോകത്തിന് മുന്നിൽ സാക്ഷ്യപ്പെടുത്താനും മൂന്നാമത് ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനമേളയും ഒരുങ്ങുന്നു.
ജനുവരി എട്ട് മുതൽ 11 വരെ നടക്കുന്ന പരിപാടിക്ക് ജിദ്ദയിലെ സൂപ്പർ ഡോമാണ് വേദിയാകുന്നത്. സൽമാൻ രാജാവിന്റെ രക്ഷാകർതൃത്വത്തിൽ ഹജ്ജ്, ഉംറ മന്ത്രാലയം സംഘടിപ്പിക്കുന്ന നാല് ദിവസത്തെ പരിപാടി ഹജ്ജ് - ഉംറ സേവനമേഖലയിൽ പ്രവർത്തിക്കുന്നവരെയും രാജ്യത്തിനകത്തും പുറത്തുമുള്ള ഉദ്യോഗസ്ഥരുടെയും സംഗമമാകുമെന്ന് ഹജ്ജ്-ഉംറ മന്ത്രി ഡോ. തൗഫീഖ് അൽ റബീഅ പറഞ്ഞു.
സൗദിയുടെ സമ്പൂർണ വികസന പദ്ധതിയായ വിഷൻ 2030ന്റെ ‘പിൽഗ്രിം എക്സ്പീരിയൻസ് പ്രോഗ്രാ’മിന്റെ ഭാഗമായാണ് സമ്മേളനം സംഘടിപ്പിക്കുന്നത്. ഹജ്ജ്, ഉംറ മേഖലയിൽ തീർഥാടകർക്ക് മന്ത്രാലയത്തിനു കീഴിലെ വിവിധ വകുപ്പുകൾ നൽകുന്ന സേവനത്തെ കുറിച്ച് അവബോധമുണ്ടാക്കാനും തീർഥാടനവുമായി ബന്ധപ്പെട്ട സംവിധാനങ്ങളുടെ ഗുണനിലവാരം ഉയർത്തുന്നതിനുമാണ് ഈ പരിപാടി. വിവിധ സെഷനുകളിൽ തീർഥാടകരുടെ സേവനങ്ങൾ മെച്ചപ്പെടുത്താനുള്ള പ്രായോഗിക ചർച്ചകൾ സംഘടിപ്പിക്കും.
ഇരു ഹറമുകളിലും സേവന നിലവാരം ഉയർത്തുക, സുസ്ഥിര പങ്കാളിത്തം പ്രോത്സാഹിപ്പിക്കുന്നതിന് സേവനങ്ങൾ കാര്യക്ഷമമാക്കുക, ആരോഗ്യ മേഖല, ഗതാഗതം, സാങ്കേതിക സംവിധാനങ്ങൾ, ആർട്ടിഫിഷ്യൽ ഇൻറലിജൻസ്, വെള്ളം, വൈദ്യുതി സംവിധാനങ്ങൾ തുടങ്ങി പ്രധാനപ്പെട്ട എല്ലാ വിഷയങ്ങളും സമ്മേളനത്തിൽ ചർച്ച ചെയ്യും.
വിവിധ കമ്പനികൾ, ഹജ്ജ് മിഷനുകൾ, സന്നദ്ധ സംഘങ്ങൾ, സേവന ദാതാക്കൾ, സംരംഭകർ, ഉദ്യോഗസ്ഥർ എന്നിവർക്ക് അവരുടെ ഹജ്ജ് ഉൽപന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കാൻ സമ്മേളനത്തിലെ പ്രദർശനഹാളിൽ അവസരം നൽകും.
ഹജ്ജ്, ഉംറ സേവന സമ്മേളനവും പ്രദർശനവും രാജ്യത്ത് ഇത്തരത്തിലുള്ള ഏറ്റവും വലിയ പരിപാടിയാണ്. കഴിഞ്ഞ വർഷം നടന്ന രണ്ടാമത് സമ്മേളനത്തിൽ 360 സർക്കാർ, സ്വകാര്യ സ്ഥാപനങ്ങൾ പങ്കെടുത്തു. ഹജ്ജ്, ഉംറ മേഖലയിൽ 200 ലധികം വിവിധ കരാറുകളിൽ ഒപ്പുവെക്കാനും സമ്മേളനത്തിന് കഴിഞ്ഞു. 83 മന്ത്രിമാരും പ്രതിനിധി സംഘത്തലവന്മാരും ഉൾപ്പെടെ ഒരു ലക്ഷത്തിലധികം സന്ദർശകരാണ് കഴിഞ്ഞ വർഷത്തെ സമ്മേളനത്തിനെത്തിയത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.