മൂന്നാമത് സൗദി ദേശീയ ഗെയിംസ് ഒക്ടോബർ മൂന്ന് മുതൽ
text_fieldsറിയാദ്: സൗദി കായികചരിത്രത്തിൽ പുതിയ അധ്യായങ്ങൾ എഴുതിച്ചേർത്ത ദേശീയ ഗെയിംസിന്റെ മൂന്നാം പതിപ്പ് ഒക്ടോബർ മൂന്നിന് റിയാദിൽ ആരംഭിക്കും. ഒക്ടോബർ 17വരെ നീളുന്ന കായിക മാമാങ്കത്തിന്റെ ഉദ്ഘാടന ചടങ്ങിന് റിയാദിലെ ബോളിവാഡ് സിറ്റി വേദിയാകും. ചടങ്ങ് വർണശബളമാക്കാൻ വിവിധ വിനോദ, സാംസ്കാരിക പരിപാടികളും ലൈവ് മ്യൂസിക്കൽ ഷോയും അരങ്ങേറും. പ്രശസ്ത സൗദി ഗായകരായ അർവ അൽ മുഹൈദിബ് (ദി സൗദി അർവ), അബ്ദുൽ വഹാബ് എന്നിവർ നയിക്കുന്ന ലൈവ് മ്യൂസിക് കൺസേർട്ടാണ് ഉദ്ഘാടനച്ചടങ്ങിലെ മുഖ്യ ആകർഷണം.അതിനിടെ ദേശീയ ഗെയിംസിന്റെ സന്ദേശം വഹിച്ചുകൊണ്ടുള്ള ദീപശിഖ റാലി രാജ്യത്തെ 13 പ്രവിശ്യകളിലൂടെയും സഞ്ചരിച്ച് ജനങ്ങളുടെ വരവേൽപ്പുകളേറ്റ് വാങ്ങി ഈ മാസം 25ന് റിയാദിൽ തിരിച്ചെത്തി.
2023 ഗെയിംസിൽ മൂന്ന് സ്വർണ മെഡലുകൾ നേടിയ നീന്തൽ താരം സായിദ് അൽ സർരാജും ട്രാക്ക് ആൻഡ് ഫീൽഡ് അത്ലറ്റ് ലുജൈൻ ഹംദാനും ചേർന്ന് നയിച്ച ദീപശിഖ റാലി റിയാദിലെത്തിയപ്പോൾ പ്രവിശ്യ ഗവർണർ അമീർ ഫൈസൽ ബിൻ ബന്ദർ ബിൻ അബ്ദുൽ അസീസ് ദീരയിലെ ഗവർണറേറ്റ് പാലസിൽ ദീപശിഖ ഏറ്റുവാങ്ങി. 121 കായികതാരങ്ങളും 440 ലധികം സന്നദ്ധപ്രവർത്തകരും അനുഗമിച്ച ദീപശിഖ പ്രയാണം 71 കേന്ദ്രങ്ങളിൽ ഊഷ്മള സ്വീകരണങ്ങൾ ഏറ്റുവാങ്ങി.
രാജ്യത്തിന്റെ വിവിധ പ്രദേശങ്ങളിലെ 18 പ്രമുഖ വ്യക്തികൾ ദീപശിഖക്ക് അഭിവാദ്യം അർപ്പിച്ചു. 30 ദിവസമെടുത്ത് 13,000 ലധികം കിലോമീറ്ററുകൾ സഞ്ചരിച്ചാണ് ദീപശിഖ സൗദി തലസ്ഥാന നഗരത്തിൽ തിരിച്ചെത്തിയത്. ഇത്തവണ ദേശീയ ഗെയിംസിൽ 147 ക്ലബുകളെയും 25 പാരാലിമ്പിക് ക്ലബുകളെയും പ്രതിനിധീകരിച്ച് 9,000 ലധികം കായികപ്രതിഭകൾ മാറ്റുരക്കും. സൗദിയുടെ സമഗ്ര വികസനം ലക്ഷ്യമാക്കിയ ‘വിഷൻ 2030’ലേക്കുള്ള യാത്രയിൽ ദേശീയ ഗെയിംസ് വഹിച്ച പങ്ക് ഏറെ വലുതാണെന്ന് സൗദി കായികമന്ത്രിയും ഒളിമ്പിക്, പാരാലിമ്പിക് കമ്മിറ്റി ചെയർമാനും സൗദി ഗെയിംസിന്റെ സുപ്രീം സംഘാടക സമിതി ചെയർമാനുമായ അമീർ അബ്ദുൽ അസീസ് ബിൻ തുർക്കി അൽ ഫൈസൽ പറഞ്ഞു. സൗദിയിലെ യുവാക്കൾക്കായി തുറന്ന അവസരങ്ങളുടെ സുവർണ വാതിലാണ് ദേശീയ ഗെയിംസ് എന്നദ്ദേഹം കൂട്ടിച്ചേർത്തു. പുതിയ നേട്ടങ്ങളും പുത്തൻ കരുത്തും ആർജിച്ച് മുന്നോട്ടു കുതിക്കാൻ ഇത് യുവജനങ്ങളെ സജ്ജരാക്കുന്നുവെന്നും അദ്ദേഹം വിശദീകരിച്ചു.
അന്താരാഷ്ട്ര കായികമത്സര വേദികളിൽ മാറ്റുരക്കാൻ പാകത്തിൽ സൗദി കായിക താരങ്ങളെ രൂപപ്പെടുത്തിയെടുക്കുന്നതിൽ രാജ്യം അതിവേഗം മുന്നോട്ടു പോയി കൊണ്ടിരിക്കുകയാണ്. ലോകനിലവാരമുള്ള ക്ലബുകളിലെ പരിശീലനവും കായികതാരങ്ങൾക്ക് നൽകുന്ന പിന്തുണയും ഈ മേഖലയിൽ അത്ഭുതങ്ങൾ സൃഷ്ടിച്ചുകൊണ്ടിരിക്കുകയാണ്. കായികമേളകളിൽ വിജയം നേടുന്ന താരങ്ങൾക്ക് വൻ തുകകളാണ് സമ്മാനമായി ലഭിക്കുന്നത്. എല്ലാതരത്തിലും ഈ മേഖലയിൽ ലഭിക്കുന്ന പിന്തുണ കൂടുതൽ പേരെ കായിക മേഖലകളിലേക്ക് ആകർഷിക്കുന്നുണ്ട്.
‘പാരിസ് 2024 പാരാലിമ്പിക് ഗെയിംസി’ൽ 100 മീറ്റർ വീൽചെയറിൽ സ്വർണം നേടിയ ചാമ്പ്യൻ അബ്ദുറഹ്മാൻ അൽ ഖുറാഷി, ലോക ബോഡി ബിൽഡിങ് ചാമ്പ്യൻ ഇബ്രാഹിം അൽ ദോസരി, 400 മീ. ഏഷ്യൻ മാസ്റ്റേഴ്സിൽ സ്വർണം നേടിയ അത്ലറ്റിക്സ് ചാമ്പ്യൻ യൂസഫ് മസ്രാഹി, സൗദി ഗെയിംസിൽ വെള്ളി മെഡൽ നേടിയ തൈക്വാൻഡോ ചാമ്പ്യൻ റഹ്മാ അൽ ഖവാഹർ, ഫെൻസിങ് ചാമ്പ്യൻ ഹസ്ന അൽ ഹമദ്, നീന്തൽ ചാമ്പ്യൻ യൂസഫ് ബൗറിഷ്, 2024 ലെ അറബ് ചാമ്പ്യൻഷിപ്പിൽ വെള്ളി മെഡലും രണ്ട് വെങ്കലവും നേടിയ ബില്യാർഡ്സ് ചാമ്പ്യൻ ഖാലിദ് അൽ ഗാംദി, തായ് ബോക്സിങ് ചാമ്പ്യൻ അലി അൽ നാസർ തുടങ്ങിയവർ രാജ്യത്തിന്റെ യശസ്സ് അന്താരാഷ്ട്ര വേദികളിൽ ഉയർത്തിപ്പിടിച്ച താരങ്ങളാണ്.
അതിനൊപ്പം രാജ്യത്തെ പ്രതിനിധീകരിച്ച് കഴിഞ്ഞ രണ്ടുവർഷമായി അന്താരാഷ്ട്ര മത്സരങ്ങളിൽ ബാഡ്മിൻറണിൽ സുവർണ നേട്ടങ്ങൾ കൊയ്യുന്ന കോഴിക്കോട് കൊടുവള്ളി സ്വദേശിനി ഖദീജ നിസയും ഇന്ത്യക്കൊപ്പം സൗദി അറേബ്യയുടെയും അഭിമാന താരമായി മാറിയിട്ടുണ്ട്. മുമ്പത്തെ രണ്ട് ദേശീയ ഗെയിംസിലും സ്വർണം നേടിയ ഖദീജ ഇത്തവണയും മത്സരിക്കുന്നുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.