റിയാദ് സീസണിൽ ഒരു മാസത്തിനുള്ളിൽ 40 ലക്ഷം സന്ദർശകർ
text_fieldsറിയാദ്: ഈ വർഷത്തെ റിയാദ് സീസൺ ആഘോഷം ആരംഭിച്ചതിനുശേഷം ഒരു മാസത്തിനുള്ളിൽ 40 ലക്ഷം സന്ദർശകരെത്തിയതായി പൊതുവിനോദ അതോറിറ്റി ചെയർമാൻ തുർക്കി ആലുശൈഖ് അറിയിച്ചു. പ്രാദേശിക, അന്തർദേശീയ കാഴ്ചക്കാർക്ക് റിയാദ് സീസൺ ആഘോഷത്തോട് താൽപര്യം വർധിച്ചതിന്റെ തെളിവാണിത്.
വ്യത്യസ്ത അഭിരുചികളെ തൃപ്തിപ്പെടുത്തുന്നതും സമൂഹത്തിലെ എല്ലാ വിഭാഗങ്ങളെയും ആകർഷിക്കുന്നതും ആസ്വദിപ്പിക്കുന്നതുമായ പരിപാടികളാണ് റിയാദ് സീസണിലുടനീളമുള്ളത്. ആക്ടിവിറ്റികളുടെയും വിനോദപരിപാടികളുടെയും വൈവിധ്യവും സമൃദ്ധിയുമാണ് ഈ നേട്ടം കൈവരിക്കാൻ സഹായിച്ചത്.
‘കിങ്ഡം അരീന’, പുതുതായി ഒരുക്കിയ ‘വെന്യു’, ബോളിവാഡ് സിറ്റി, ബോളിവാഡ് വേൾഡ്, മൃഗശാല, അൽ സുവൈദി പാർക്ക് എന്നിവ റിയാദ് സീസൺ ആഘോഷങ്ങളുടെ പ്രധാന വേദികളാണ്.ഈ സ്ഥലങ്ങളിലെല്ലാം സന്ദർശകരുടെ വൻതിരക്കാണ് അനുഭവപ്പെടുന്നത്. കഴിഞ്ഞ വ്യാഴാഴ്ച മറ്റൊരു വേദിയായ ‘വണ്ടർ ഗാർഡൻ’ സന്ദർശകർക്കായി തുറന്നു.
ഒരു ആഗോള വിനോദകേന്ദ്രമെന്ന നിലയിൽ സൗദി അറേബ്യയുടെ സ്ഥാനം ശക്തിപ്പെടുത്തുന്നതിൽ റിയാദ് സീസൺ വഹിക്കുന്ന പങ്ക് സ്ഥിരീകരിക്കുന്നതു കൂടിയാണ് ഈ പുതിയ റെക്കോഡ്. ഈ വർഷത്തെ റിയാദ് സീസൺ തുടരുകയാണ്. ഗുസ്തി, ബോക്സിങ്, ടെന്നിസ് മത്സരങ്ങൾ, ഏറ്റവും പ്രശസ്തരുടെ സംഗീത പരിപാടികൾ, വിനോദ അനുഭവങ്ങൾ, പുതിയ മേഖലകൾ എന്നിവ ഇതിലുൾപ്പെടുന്നു. ഇത് സന്ദർശകർക്ക് സവിശേഷമായ അനുഭവം പകരുന്നുവെന്നും പൊതുവിനോദ അതോറിറ്റി ചെയർമാൻ പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.