44ാമത് ഇൻറർനാഷനൽ ക്രോസ്-കൺട്രി വാഹന റാലി
text_fieldsറിയാദ്: ലോകത്തെ ഏറ്റവും പ്രശസ്തമായ ക്രോസ്-കൺട്രി വാഹന റാലിയുടെ 44ാം പതിപ്പ് 2022 ജനുവരി രണ്ട് മുതൽ 14 വരെ സൗദി അറേബ്യയിൽ നടക്കും. സൗദി ഓട്ടോമൊബൈൽ ആൻഡ് മോട്ടോർസൈക്കിൾ ഫെഡറേഷനും (എസ്.എ.എം.എഫ്) അമൗറി സ്പോർട്ട് ഓർഗനൈസേഷനും (എ.എസ്.ഒ) സംയുക്തമായി നടത്തിയ വെർച്വൽ വാർത്താസമ്മേളനത്തിൽ 'ഡാകർ 2022' റാലിയുടെ വിശദാംശങ്ങൾ പുറത്തുവിട്ടു. വാർത്താസമ്മേളനത്തിൽ എസ്.എ.എം.എഫ് ഡയറക്ടർ ബോർഡ് ചെയർമാൻ പ്രിൻസ് ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ, ഡാകർ ഡയറക്ടർ ഡേവിഡ് കാസ്റ്റെറ എന്നിവർ പങ്കെടുത്തു.
തുടർച്ചയായ മൂന്നാം വർഷമാണ് ഡാകർ റാലിക്ക് സൗദി ആതിഥേയത്വം വഹിക്കുന്നത്. വടക്ക്-മധ്യ സൗദി അറേബ്യയിലെ ഹായിലിൽനിന്നായിരിക്കും റാലി ആരംഭിക്കുക. ശേഷം തെക്കു കിഴക്ക് ദിശയിലേക്കും രാജ്യത്തിലെ വിശാലമായ ശൂന്യപ്രദേശത്തിലേക്കും (റുബു അൽഖാലി) പ്രവേശിച്ച് തലസ്ഥാനമായ റിയാദ് വഴി ചെങ്കടൽതീര നഗരമായ ജിദ്ദയിലെത്തി സമാപിക്കും.
മൂന്ന് ഘട്ടങ്ങളിലായി നടക്കുന്ന റാലിയിൽ കാറുകൾ, എസ്.എസ്.വി, ട്രക്ക്, മോട്ടോർ സൈക്കിൾ വിഭാഗം വാഹനങ്ങൾ പങ്കെടുക്കും. മത്സരത്തിലേക്കുള്ള എൻട്രികൾ മേയ് 17 തിങ്കളാഴ്ച മുതൽ ആരംഭിക്കും. പതിവ് മൂല്യനിർണയ മാനദണ്ഡം മാത്രമല്ല, റൂട്ടിെൻറ അഞ്ചിലൊന്നെങ്കിലും കൃത്യമായ നാവിഗേഷനും വിലയിരുത്തപ്പെടും. കൂടുതൽ റൂട്ട് വിശദാംശങ്ങൾ നവംബറിൽ പ്രഖ്യാപിക്കും. തെക്കൻ ഫ്രഞ്ച് തുറമുഖമായ മാർസെയിൽനിന്ന് ഡാകർ കാരവൻ ഡിസംബർ രണ്ടാം വാരത്തിൽ സൗദിയിലേക്ക് പുറപ്പെടും.
സൗദിയിൽ നേരത്തേ നടന്ന രണ്ട് ഡാകർ റാലികളുടെ വൻ വിജയങ്ങളെക്കുറിച്ച് കാസ്റ്റെറ സംസാരിച്ചു. വരാനിരിക്കുന്ന റാലിയിൽ ഒരുക്കുന്ന സുരക്ഷ സംവിധാനങ്ങളായ വേഗത പരിശോധന, എയർ ബാഗ് സാങ്കേതികവിദ്യ, ഹെൽമറ്റ് സുരക്ഷ എന്നിവയെക്കുറിച്ച് അദ്ദേഹം വിശദീകരിച്ചു.
ഡാകർ റാലിക്ക് തുടർച്ചയായ മൂന്നാം വർഷവും ആതിഥേയത്വം വഹിക്കാൻ സൗദി അറേബ്യക്ക് അവസരം ലഭിച്ചതിൽ അതിയായ സന്തോഷമുണ്ടെന്ന് പ്രിൻസ് ഖാലിദ് ബിൻ സുൽത്താൻ അൽ അബ്ദുല്ല അൽ ഫൈസൽ പറഞ്ഞു. ആഗോള മോട്ടോർ കായിക ആരാധകരുടെയും ഡാകർ റാലിയുടെ ഫാൻസുകളുടെയും പ്രതീക്ഷകൾക്കനുസൃതമായി പ്രവർത്തിക്കാനാകുമെന്ന് മുൻ മത്സരങ്ങൾ നടത്തിയതിെൻറ അനുഭവത്തിൽ തങ്ങൾക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.