24 മണിക്കൂറിനുള്ളിൽ ഹജ്ജിനായി രജിസ്റ്റർ ചെയ്തത് 4,50,000 അപേക്ഷകർ
text_fieldsജിദ്ദ: ഈ വർഷത്തെ ഹജ്ജിന് തെരഞ്ഞെടുക്കപ്പെടുന്നതിനായി കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ സ്വദേശികളിൽ നിന്നും വിദേശികളിൽ നിന്നുമായി 4,50,000 ഓളം അപേക്ഷകൾ ലഭിച്ചതായി സൗദി ഹജ്ജ്, ഉംറ മന്ത്രാലയം അറിയിച്ചു. അപേക്ഷകരിൽ 60 ശതമാനം പുരുഷന്മാരും 40 ശതമാനം സ്ത്രീകളുമാണ്. സ്വദേശികളും വിദേശികളുമടക്കം ഇത്തവണ 60,000 പേർക്കായിരിക്കും ഹജ്ജിനവസരമുണ്ടാവുക എന്ന് മന്ത്രാലയം നേരത്തെ അറിയിച്ചതാണ്.
https://localhaj.haj.gov.sa/LHB എന്ന വെബ് പോർട്ടൽ വഴി ഇന്നലെ ഉച്ചക്ക് ഒരു മണി മുതലാണ് രജിസ്ട്രേഷൻ ആരംഭിച്ചത്. രജിസ്‌ട്രേഷൻ 10 ദിവസങ്ങൾ നീണ്ടുനിൽക്കും. എന്നാൽ രജിസ്‌ട്രേഷൻ ആരംഭിച്ച് 24 മണിക്കൂർ ആയപ്പോഴേക്കും അനുവദിക്കപ്പെട്ട എണ്ണത്തിന്റെ ഏഴര ഇരട്ടി അപേക്ഷകളാണ് രജിസ്റ്റർ ചെയ്തിരിക്കുന്നത്. വരും ദിവസങ്ങളിലുള്ള രജിസ്‌ട്രേഷൻ കൂടി കണക്കിലെടുത്താൽ ഇനിയും എത്രയോ ഇരട്ടി അപേക്ഷകളായിരിക്കും ലഭിക്കുക. ഇത്രയും അപേക്ഷകരിൽ നിന്നും 60,000 പേർക്ക് മാത്രമായിരിക്കും ഹജ്ജിന് അവസരമുണ്ടാവുക.
സൗദിയിലുള്ള നിരവധി മലയാളികളും ഹജ്ജിനായി രജിസ്റ്റർ ചെയ്തു കാത്തിരിക്കുന്നുണ്ട്. എന്നാൽ പ്രഖ്യാപിക്കപ്പെട്ട ഹജ്ജ് പാക്കേജ് നിരക്കുകൾ തങ്ങൾക്ക് താങ്ങാവുന്നതിലും അപ്പുറമാണെന്നും അതിനാൽ തെരഞ്ഞെടുക്കപ്പെട്ടാലും അവസരം ഉപയോഗപ്പെടുത്താൻ സാധിച്ചേക്കില്ലെന്ന് അഭിപ്രായമുള്ളവരും ഹജ്ജ് അപേക്ഷകരിലുണ്ട്. തെരഞ്ഞെടുക്കപ്പെട്ടാൽ മെസേജ് ലഭിച്ച് മൂന്ന് മണിക്കൂറിനുള്ളിൽ ഏതെങ്കിലും ഒരു പാക്കേജ് പണമടച്ച് ബുക്ക് ചെയ്യണമെന്നാണ് ഹജ്ജ് മന്ത്രാലയത്തിന്റെ നിർദേശം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.