റഹീമിന്റെ മോചനത്തിനായി അക്കൗണ്ടിൽ എത്തിയത് 47 കോടി
text_fieldsറിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൽ റഹീമിന്റെ മോചനത്തിനായി മാർച്ച് ആദ്യവാരം ആരംഭിച്ച ക്രൗഡ് ഫണ്ടിങ് വഴി ഒഴുകി എത്തിയത് 47 കോടിയോളം രൂപയെന്ന് റിയാദ് റഹീം സഹായ സമിതി ഭാരവാഹികൾ. വിവിധ ബാങ്കുകളിൽ അബ്ദുൽ റഹീം ലീഗൽ അസിസ്റ്റന്റ് കമ്മിറ്റിയുടെ പേരിലും റഹീമിന്റെ മാതാവ് പാത്തു എന്നിവരുടെ പേരിലും ആരംഭിച്ച അക്കൗണ്ടുകളിലാണ് പ്രതീക്ഷിച്ചതിലേറെ തുക എത്തിയത്.
സമാഹരിച്ച തുകയിൽനിന്ന് ദിയാധനം നൽകാനായുള്ള ഒന്നര കോടി റിയാലിന് സമാനമായ ഇന്ത്യൻ രൂപയും വക്കീൽ ഫീസായി നൽകാനുള്ള ഏഴര ലക്ഷം റിയാലിന് സമാനമായ ഇന്ത്യൻ രൂപയും ഇതിനോടകം ഇന്ത്യൻ വിദേശകാര്യ മന്ത്രാലയത്തിന്റെ അക്കൗണ്ടിലേക്ക് കൈമാറി. പണം ലഭിച്ചതായി ഇന്ത്യൻ എംബസി സ്ഥിരീകരിച്ചു. കേസിനായി ഇതുവരെ ചെലവഴിച്ച തുകയും പ്രതിഭാഗം വക്കീലിന് നൽകാനുള്ള ഫീസും ഉൾപ്പെടെ ഇനിയും ചെലവുകളുണ്ട്. വരവ്, ചെലവ് ഉൾപ്പെടെയുള്ള കൃത്യമായ കണക്ക് ഓഡിറ്റിങ് പൂർത്തിയാക്കിയതിന് ശേഷം പ്രസിദ്ധീകരിക്കുമെന്നും സമിതി ഭാരവാഹികൾ അറിയിച്ചു.
മാർച്ച് തുടക്കത്തിൽ തന്നെ പണം സമാഹരിക്കൽ ആരംഭിച്ചെങ്കിലും ഏപ്രിൽ ആദ്യവാരത്തോടെയാണ് അക്കൗണ്ടിലേക്ക് പണം ഒഴുകി തുടങ്ങിയത്. ഏപ്രിൽ 12 ആയപ്പോഴേക്കും അക്കൗണ്ടിൽ പണം ആവശ്യത്തിലേറെ എത്തി. സൗദി അറേബ്യ ഉൾപ്പെടെയുള്ള പ്രവാസലോകത്തെ ചെറുതും വലുതുമായ സംഘടനകളും, വ്യകതികളും തുടക്കം കുറിച്ച പണസമാഹരണ കാമ്പയിൻ പിന്നീട് ലോകത്തിന്റെ വിവിധ കോണുകളിലുള്ള മലയാളികൾ ഏറ്റെടുക്കുകയായിരുന്നു. നിർണായക സമയത്ത് ഒരു ജീവന് വേണ്ടി സഹായമഭ്യർഥിച്ചപ്പോൾ ഉദാരമായി സഹായിച്ച ഓരോരുത്തരോടുമുള്ള നന്ദി അറിയിക്കുന്നതായി സഹായ സമിതി ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.