പ്രവാസം അരനൂറ്റാണ്ടായിട്ടും അടരാനാവാതെ സലീം മാമ
text_fieldsറിയാദ്: പ്രവാസം അരനൂറ്റാണ്ടായിട്ടും അതിൽനിന്ന് അടരാനാവാതെ സലീം മാമ. 45 വർഷത്തെ സേവനത്തിനു ശേഷം കമ്പനി ജോലിയിൽനിന്ന് പിരിഞ്ഞിട്ടും ക്രിക്കറ്റ് കളിയും സംഘാടനവും സൗഹൃദങ്ങളുമായി പ്രവാസത്തിൽ തുടരുകയാണ് കെ.എം. സലീം എന്ന ഈ പത്തനംതിട്ട സ്വദേശി. സൗദിയിൽ ഇപ്പോൾ 48 വർഷം കഴിഞ്ഞിരിക്കുന്നു. പ്രായം 73ലായി. എന്നിട്ടും ചെറുപ്പക്കാരേക്കാൾ ഉശിരും വാശിയും ചോരാതെ സ്വന്തം 'ടീം' ഉണ്ടാക്കി മത്സരങ്ങളിൽ പോരാടുകയാണ്, കളിക്കാരും പരിചയക്കാരും ഇഷ്ടത്തോടെ 'മാമ' എന്നു വിളിക്കുന്ന സലീം.
ദമ്മാമിലെ ഏറ്റവും മുതിർന്ന ക്രിക്കറ്റ് കളിക്കാരനും സംഘാടകനുമാണ് സലീം. ഇദ്ദേഹത്തോളം പഴക്കമുള്ള പ്രവാസികൾ തന്നെ ദമ്മാമിൽ കുറവാണ്. അബ്ദുല്ല ഫഹദ് കമ്പനിയിൽ 45 വർഷം നീണ്ട കമ്യൂണിക്കേഷൻ സൂപ്പർവൈസർ സേവനത്തിനു ശേഷം മൂന്ന് വർഷം മുമ്പാണ് സലീം ജോലിയിൽനിന്ന് വിരമിച്ചത്. മൂന്ന് പതിറ്റാണ്ടായിത്തുടരുന്ന ക്രിക്കറ്റ് കളിയും സൗഹൃദവും ഒഴിവാക്കി തനിക്ക് പോകാനാവില്ലെന്ന് തിരിച്ചറിഞ്ഞതോടെ ദമ്മാം ഇൻറർനാഷനൽ സ്കുളിൽ അധ്യപകരായ ഭാര്യക്കും മകളോടും ഒപ്പം പ്രവാസം തുടരുകയാണ്.
1974 ൽ മുംബെയിൽനിന്ന് കപ്പൽ മാർഗം ബഹ്റൈനിൽ എത്തുകയും അവിടെനിന്ന് സന്ദർശനവിസയിൽ സൗദിയിൽ എത്തുകയും ചെയ്താണ് സലീം പ്രവാസത്തിന് തുടക്കം കുറിച്ചത്. അന്ന് സന്ദർശന വിസയിലായിരുന്ന സലീം വിസാകാലാവധി കഴിയുമ്പോൾ ബഹ്റൈനിലെത്തി വിസ പുതുക്കി തിരിച്ചുവരും. അന്ന് സൗദി ബഹ്റൈൻ കോസ്വേയില്ല. ബഹ്റൈനിൽ പോയിവരാൻ വിമാനനിരക്ക് 30 റിയാൽ മാത്രം. പ്രമുഖ കമ്പനിയായ അബ്ദുല്ല ഫുആദിൽ ടെലക്സ് ഓപറേറ്ററായാണ് ഔദ്യോഗിക ജീവിതത്തിന് തുടക്കം കുറിച്ചത്. അന്ന് മലയാളികൾ അധികമില്ല. അധികം വിനോദങ്ങളും നേരമ്പോക്കുകളുമില്ല. ദമ്മാം ഒരുപാട് പരാധീനതകളും പരിമിതികളുമുള്ള ഒരു ചെറിയ പട്ടണം മാത്രമായിരുന്നു.
ഇന്ന് കാണുന്ന പല എക്സ്പ്രസ് ഹൈവകേളും അന്ന് ഒറ്റവരിപ്പാത മാത്രം. അനവധി സിഗ്നലുകൾ. പാലങ്ങളോ ഫ്ലൈഓവറുകളോ വലിയ കെട്ടിടങ്ങളോ ഇല്ല. ദമ്മാമിെൻറ വളർച്ച മുന്നിൽ കണ്ട ഓർമകൾ പെറുക്കിയെടുത്ത് സലീം പറഞ്ഞു. ക്രിക്കറ്റ് എന്താണെന്ന് അറിയാത്ത താൻ 1986 ലെ ലോകകപ്പ് മുതലാണ് കളിപ്രേമിയായി മാറിയതെന്ന് സലീം പറഞ്ഞു. അന്ന് കപ്പ് നേടിയത് പാകിസ്താനാണ്. ഒപ്പമുണ്ടായിരുന്ന പാകിസ്താനികളുടെ കളിപ്രേമത്തിനൊപ്പമാണ് സലീമും കളിച്ചുതുടങ്ങിയത്. ഇപ്പോഴും അറിയപ്പെടുന്ന ദമ്മാമിലെ കുവൈത്ത് പാർക്കിൽ എല്ലാ വെള്ളിയാഴ്ചകളിലും അവരോടൊപ്പം കളിക്കാൻ പോകും. അവിടെ വെച്ച് പരിചയപ്പെട്ട മലയാളികളായ കളിക്കാരെക്കൂട്ടി സ്വന്തം ടീമുണ്ടാക്കി. പിന്നെ അവധി നേരങ്ങളെല്ലാം കളിക്കും. അതിെൻറ സംഘാടനത്തിനുമായി മാറ്റിവെച്ചു.
തുടർന്ന് ക്രിക്കറ്റ് ക്ലബ്ബുകളെ യോജിപ്പിച്ച് ഈസ്റ്റേൺ പ്രോവിൻസ് ക്രിക്കറ്റ് ക്ലബ്ബ് രൂപവത്കരിച്ചു. നിരവധി ടുർണമെൻറുകളും മത്സരങ്ങളും ഈ ക്ലബ്ബിെൻറ കീഴിൽ സംഘടിപ്പിക്കപ്പെട്ടു. 2017ൽ ഇന്ത്യയുടെ മുൻ ക്യാപ്റ്റൻ അസ്ഹറുദ്ദീനെ തന്നെ അതിഥിയായി ദമ്മാമിൽ എത്തിച്ചു. ചലച്ചിത്ര താരം ജഗദീഷാണ് വിജയികൾക്ക് ട്രോഫികൾ കൈമാറിയത്. ഇന്ന് ദമ്മാമിൽ അനവധി ക്രിക്കറ്റ് ക്ലബ്ബുകളും കളിക്കാരും ടൂർണമെൻറുകളുമുണ്ട്. കോട്ടയവും ഇടുക്കിയും പത്തനംതിട്ടയും ജില്ലകളെ കോർത്തിണക്കിയുള്ള ക്രിക്കറ്റ് ക്ലബ്ബും രൂപവത്കരിച്ചു. ഇപ്പോൾ ഇസാക് ക്ലബ്ബിെൻറ ഓണർ ആണ്. ഭാര്യ ഹസീന സലീമും മകൻ മുഹമ്മദ് ഗാലിബും മകൾ ലാമിയ സലീമും ഒപ്പമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.