ദമ്മാമിൽ അന്താരാഷ്ട്ര വിഡിയോ ആർട്ട് ഫോറം നാലാം എഡിഷന് ഇന്ന് തുടക്കം
text_fieldsദമ്മാം: കൾചർ ആൻഡ് ആർട്സ് അസോസിയേഷൻ സംഘടിപ്പിക്കുന്ന ഇന്റർനാഷനൽ വിഡിയോ ആർട്ട് ഫോറത്തിന്റെ നാലാമത് എഡിഷന് ചൊവ്വാഴ്ച തുടക്കമാകും. 'വെളിച്ചത്തിന്റെ നിറവിൽ ഭാവനയിലേക്ക്' എന്ന ശീർഷകത്തിലാണ് ഇത്തവണ മേള അരങ്ങേറുന്നത്.
പ്രാദേശിക, അറബ്, അന്തർദേശീയ അനുഭവങ്ങളെക്കുറിച്ച് അറിയാനും ഏറ്റവും പ്രമുഖമായ സാങ്കേതിക വിദ്യകളും ശൈലികളും അടുത്തറിയാനും ഉത്തരാധുനിക കലയുടെ സമകാലിക ദൃശ്യദർശനങ്ങൾ അവതരിപ്പിക്കുന്നതിനുമുള്ള വേദിയായാണ് വിഡിയോ ആർട്ട് ഫോറം വിലയിരുത്തപ്പെടുന്നത്. 34 രാജ്യങ്ങളിൽനിന്ന് 128 കലാസൃഷ്ടികളാണ് പങ്കെടുക്കുന്നത്. ഇതിൽനിന്ന് മികച്ച സൃഷ്ടികൾ വിദഗ്ധ സംഘം തിരഞ്ഞെടുക്കുകയായിരുന്നെന്ന് ഫോറത്തിന്റെ സൂപ്പർവൈസറും അസോസിയേഷൻ ഫോർ കൾചർ ആൻഡ് ആർട്സ് ഡയറക്ടറുമായ യൂസഫ് അൽ-ഹർബി പറഞ്ഞു.
കലാമേഖലയിലെ നൂതന ആശയമെന്ന രീതിയിലാണ് വിഡിയോ ആർട്ടുകൾ ശ്രദ്ധിക്കപ്പെട്ടത്. തങ്ങളുടെ ആശയങ്ങളെ പ്രതിഷേധങ്ങളുടെയും പ്രതികരണങ്ങളുടെയും പ്രതിഫലനമാക്കാൻ ചിത്രങ്ങളെ ചലിക്കുന്ന ഫ്രെയ്മുകളിലാക്കി അവതരിപ്പിക്കുന്നതാണ് വിഡിയോ ആർട്ടുകൾ. കഴിഞ്ഞ തവണ ഇന്ത്യയെ പ്രതിനിധാനംചെയ്ത് മലപ്പുറം സ്വദേശി കൈലാഷ് പങ്കെടുത്തിരുന്നു.
സൗദിയിൽ കലാമേഖലയുടെ പ്രത്യാശയും സൗന്ദര്യവുമാണ് 'വെളിച്ചത്തിന്റെ നിറവിൽ ഭാവനയിലേക്ക്' എന്ന ശീർഷകം പ്രതിഫലിപ്പിക്കുന്നതെന്ന് യുസുഫുൽ ഹർബി പറഞ്ഞു. കോവിഡ് പ്രതിസന്ധിക്കുശേഷം ജീവിതരീതിയും സംസ്കാരിക പ്രവർത്തനങ്ങളും സാധാരണ നിലയിലേക്ക് മടങ്ങിയതിന്റെ ആഹ്ലാദം കൂടിയാണിത്. യഥാർഥ കലയെ കണ്ടെത്താനും സർഗാത്മകത പങ്കിടാനും അവസരമൊരുക്കുക എന്ന ലക്ഷ്യത്തിലാണ് ഫോറത്തിന്റെ സെഷനുകൾക്ക് തുടക്കം കുറിച്ചത്. ആവിഷ്കാരം, അവതരണം, അറബ്, അന്തർദേശീയ അനുഭവങ്ങൾ മനസ്സിലാക്കൽ, സാങ്കേതിക വിദ്യകളുടെയും നിർവഹണ മാർഗങ്ങളുടെയും സംയോജിത വികസനം, പ്രാതിനിധ്യം, ഇൻസ്റ്റലേഷൻ, ഒപ്റ്റിക്കൽ ഡിസൈൻ എന്നിവയെല്ലാം ഈ ഫോറത്തിലൂടെ മത്സരാർഥികൾക്ക് ലഭ്യമാകുന്നു.
ഇങ്ങനെയാണ് വിഡിയോ ആർട്ടുകൾ ആസ്വാദകരുമായി സംവദിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.