ഒരാഴ്ചക്കുള്ളിൽ 50 ലക്ഷം പേർ മദീന സന്ദർശിച്ചു
text_fieldsയാംബു: ഡിസംബർ എട്ടുമുതൽ 15 വരെ മദീനയിലെ മസ്ജിദുന്നബവി സന്ദർശിച്ച വിശ്വാസികളുടെ എണ്ണം 50 ലക്ഷം കവിഞ്ഞതായി അധികൃതർ. 5,119,000 വിശ്വാസികളാണ് പ്രവാചക പള്ളിയിൽ സന്ദർശനത്തിനും ആരാധനക്കുമായി എത്തിയത്. പ്രവാചകന്റെയും അനുചരന്മാരുടെയും ഖബറിടങ്ങൾ സന്ദർശിച്ചവർ 501,938 പേരാണെന്നും മസ്ജിദുന്നബവി കാര്യാലയ വകുപ്പ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടി. ഒരാഴ്ചക്കിടെ മസ്ജിദുന്നബവിയിലെ റൗദ ശരീഫ് സന്ദർശിച്ച് പ്രാർഥന നടത്തിയത് 235,341 പേരാണെന്നും മസ്ജിദുന്നബവിയുടെ പരിപാലനത്തിന് നേതൃത്വം വഹിക്കുന്ന ജനറൽ അതോറിറ്റി അറിയിച്ചു.
മസ്ജിദുന്നബവി സന്ദർശിക്കുന്ന വിശ്വാസികൾക്കും ഉംറ തീർഥാടകർക്കും ഏറ്റവും ഉയർന്ന സുരക്ഷാമുന്നൊരുക്കങ്ങളും കുറ്റമറ്റ ഭൗതിക സംവിധാനങ്ങളുമാണ് മസ്ജിദുന്നബവി കാര്യാലയ വകുപ്പ് ഒരുക്കിയിരിക്കുന്നത്. പള്ളിയിലെത്തുന്നവർക്ക് സമഗ്രമായ സേവനങ്ങൾ നൽകുന്നതിന് അതോറിറ്റി ആവശ്യമായ നടപടികൾ പൂർത്തിയാക്കിയിട്ടുണ്ട്.
തീർഥാടകരിലെ പ്രായമായവർക്ക് ആവശ്യമായ സഹായത്തിനായി അതോറിറ്റി പ്രത്യേകം ഒരുക്കിയ സംവിധാനങ്ങൾ 15,295 പേർ ഉപയോഗപ്പെടുത്തി.സന്ദർശകർക്ക് ആശയവിനിമയം നടത്തുന്നതിനായി വിവിധ ഭാഷകളിൽ ഒരുക്കിയ വിവർത്തന സേവനങ്ങൾ വിവിധ രാജ്യങ്ങളിൽ നിന്നുള്ള 87,446 പേർ പ്രയോജനപ്പെടുത്തി.
മസ്ജിദുന്നബവിയുമായി ബന്ധപ്പെട്ടുള്ള ലൈബ്രറിയിൽ 13,584 പേരും എക്സിബിഷൻ ഹാളിൽ 4,783 പേരും ഈ കാലയളവിൽ സന്ദർശിച്ചതായും ബന്ധപ്പെട്ടവർ അറിയിച്ചു. 8,638 പേർ മസ്ജിദുന്നബവി കാര്യാലയ വകുപ്പിന്റെ ഫോൺ സേവനങ്ങളും മറ്റ് ആശയവിനിമയ ചാനലുകളും ഉപയോഗിച്ചതായും അതോറിറ്റി ചൂണ്ടിക്കാട്ടി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.